വിനോദിന്റെ മരണം പുതു വീട്ടിൽ താമസം തുടങ്ങി ദിവസങ്ങൾക്കുള്ളിൽ, വേദന താങ്ങാനാവാതെ അമ്മ

അഭിനയ സ്വപ്നവും ആ സ്വപ്നത്തിലേക്കുള്ള യാത്രക്കിടെയാണ് രജനീകാന്ത എന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ ക്രൂരത വിനോദിന്റെ ജീവനെടുത്തത്
വിനോദിന്റെ മരണം പുതു വീട്ടിൽ താമസം തുടങ്ങി ദിവസങ്ങൾക്കുള്ളിൽ, വേദന താങ്ങാനാവാതെ അമ്മ

കൊച്ചി : ടിക്കറ്റ് ചോ​ദിച്ചതിന്റെ പേരിൽ ട്രെയിനിൽ നിന്ന് ടിടിഇ വിനോദിനെ തള്ളിയിട്ട് കൊലപ്പെടുത്തിയപ്പോൾ പൊലിഞ്ഞത് കുടുംബത്തിന്റെ പ്രതീക്ഷകളായിരുന്നു. കാത്തിരുന്ന് നിർമിച്ച വീടിന്റെ ഗൃഹപ്രവേശം നടത്തി ദിവസങ്ങൾക്കുള്ളിലാണ് ദാരുണ സംഭവം വിനോദിന്റെ ജീവനെടുത്തത്. അച്ഛന്റെ മരണത്തെ തുടർന്നാണ് വിനോദിന് റെയിൽവേയിൽ ജോലി ലഭിക്കുന്നത്. വിനോദിന്റെ ഉപജീവനമാർ​​​ഗമായിരുന്നു ഈ ജോലി. അഭിനയ സ്വപ്നവും ആ സ്വപ്നത്തിലേക്കുള്ള യാത്രക്കിടെയാണ് രജനീകാന്ത എന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ ക്രൂരത വിനോദിന്റെ ജീവനെടുത്തത്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ ചെറുവേഷങ്ങളിലെത്തിയ വിനോദ് കരുത്തുള്ള ഒരു കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. അതിനിടെയാണ് മദ്യലഹരിയിൽ ഒരാൾ നടത്തിയ അതിക്രമം ആ ജീവൻ കവർന്നത്.

തിരുവനന്തപുരം സ്വദേശിയായ വിനോദ്, എറണാകുളം മഞ്ഞുമ്മലിൽ പുതിയ വീട്ടിൽ താമസം തുടങ്ങിയത് കഴിഞ്ഞ മാസം 27നാണ്. വളരെ ആഘോഷത്തോടെ നടത്തിയ ഗൃഹപ്രവേശനത്തിന് സഹപ്രവർത്തകരെല്ലാം എത്തിയിരുന്നു. എല്ലാവരുമായും നല്ല രീതിയിൽ ഇടപഴകിയിരുന്ന വിനോദിന്റെ ദുര്യോഗം അമ്മയെ തളര്‍ത്തി. സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കൾക്കും വേദന താങ്ങാവുന്നതിലുമധികമായിരുന്നു. സർവീസിലിരിക്കെ മരിച്ച അച്ചന്റെ ജോലിയാണ് വിനോ​ദിന് ലഭിച്ചത്. മെക്കാനിക്കൽ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന വിനോദ് ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ടിക്കറ്റ് ചെക്കിംഗ് വിഭാഗത്തിലേക്ക് മാറിയത് അതിനിടെയാണ് ദാരുണ സംഭവം.

മൃതദേഹം ഇന്ന് തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും. അറസ്റ്റിലായ പ്രതി രജനീകാന്തയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്താനും ആലോചിക്കുന്നുണ്ട്. ഇന്നലെ രാത്രി പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനയക്ക് വിധേയനാക്കിയ പ്രതിയെ തൃശ്ശൂരിൽ എത്തിച്ചിട്ടുണ്ട്. ഇന്നലെ രാത്രി എഴരയോടെയാണ് എറണാകുളം-പറ്റ്ന എക്സ്പ്രസിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത പ്രതി, ടിടിഇ വിനോദിനെ ട്രെയിനിൽ നിന്ന് തള്ളി താഴെയിട്ടത്. പാളത്തിൽ വീണ വിനോദിന്റെ ശരീരത്തിലൂടെ എതിർ ദിശയിൽ വന്ന ട്രെയിൻ കയറുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com