'നിരപരാധികളെ മരണത്തിന് വിട്ടുകൊടുത്ത് കൈകഴുകുന്നു'; കേന്ദ്രത്തിനെതിരെ വിമര്‍ശനം

'ഏകാധിപതികളായ സീസര്‍മാരോട് ചേര്‍ന്ന് പ്രദേശിക ഭരണാധികാരികളായ പീലാത്തോസുമാര്‍ നിരപരാധികളെ മരണത്തിന് വിട്ടുകൊടുത്ത് കൈകഴുകുന്നു'
'നിരപരാധികളെ മരണത്തിന് വിട്ടുകൊടുത്ത് കൈകഴുകുന്നു'; കേന്ദ്രത്തിനെതിരെ വിമര്‍ശനം

കൊച്ചി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദീപിക മുഖപ്രസംഗം. കുരിശ്ശിന്റെ വഴിയില്‍ ഒതുങ്ങുന്നതല്ല ദുഃഖ വെള്ളിയുടെ ചരിത്രം. അത് സകലമാന മനുഷ്യ-ദൈവ വിരുദ്ധതകളിലേക്കും നിന്ദിതരുടെയും പീഡിതരുടെയും പക്ഷത്തുനിന്ന് ചോദ്യം ചോദിക്കുന്നവരെ കൊന്നൊടുക്കുന്ന ഗൂഢാലോചനക്കാരുടെ താവളങ്ങളിലേക്കും കൊട്ടാരങ്ങളിലേക്കും പാര്‍ലമെന്റിലേക്കും നീളുന്നുവെന്ന് മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു. കുരിശിലും കല്ലറയിലും ഒതുങ്ങാത്തവര്‍ എന്ന പേരിലാണ് മുഖപ്രസംഗം.

ഏകാധിപതികളുടെ അടിച്ചമര്‍ത്തലുകളിലേക്കും തീവ്രവാദത്തിന്റെയും വര്‍ഗീയതയുടെയും മനുഷ്യവിരുദ്ധതയിലേക്കും വംശത്തിന്റെയും വര്‍ണത്തിന്റെയും പേരിലുള്ള വിവേചനങ്ങളിലേക്കും ന്യൂനപക്ഷങ്ങളോടുള്ള അസഹിഷ്ണുതയിലേക്കും ആക്രമണങ്ങളിലേക്കുമൊക്കെ നീളുന്നുണ്ട്. ഏകാധിപതികളായ ഭരണാധികാരികളും തീവ്രവാദികളും വര്‍ഗീയവാദികളും സ്‌നേഹമില്ലാത്ത കുടുംബനാഥന്മാരും മനുഷ്യത്വമില്ലാത്ത സകല മനുഷ്യരും കുരിശുനിര്‍മ്മാണത്തിലാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്.

'യുക്രെയിനില്‍ അധിനിവേശത്തില്‍ പതിനായിരങ്ങള്‍ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റിന്റെ വംശഹത്യയില്‍ സിറിയയിലെയും ഈജിപ്തിലും ലിബിയയിലുമെല്ലാം ആയിരക്കണക്കിന് ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു. സ്ത്രീകള്‍ മാനഭംഗത്തിനിരയായി. ലക്ഷങ്ങള്‍ പലായനം ചെയ്തു. സൊമാലിയയിലും യെമനിലും നൈജീരിയയിലും ക്രിസ്ത്യാനികളെ കൊന്നുതള്ളി. പതിനായിരക്കണക്കിന് മുസ്ലിങ്ങള്‍ അഭയാര്‍ത്ഥികളായി.

ഉത്തരേന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വാര്‍ത്തയല്ലാതായി. ക്രിസ്മസോ ഈസ്റ്ററോ പരസ്യമായി ആഘോഷിക്കാന്‍ ക്രൈസ്തവര്‍ക്ക് ഭയമായിരുന്നു. മണിപ്പൂരില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ ആഘോഷങ്ങളെ കുറിച്ച് ചിന്തിക്കുന്നുപോലുമില്ല. ഏകാധിപതികളായ സീസര്‍മാരോട് ചേര്‍ന്ന് പ്രദേശിക ഭരണാധികാരികളായ പീലാത്തോസുമാര്‍ നിരപരാധികളെ മരണത്തിന് വിട്ടുകൊടുത്ത് കൈകഴുകുന്നു', ദീപിക മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com