'പഠിക്കാൻ മിടുക്കി,പൊതുവെ ഹാപ്പി ആയിരുന്നു'; നിലവിൽ സംശയമൊന്നുമില്ലെന്ന് ഡോക്ടര്‍ 
അഭിരാമിയുടെ ബന്ധു

'പഠിക്കാൻ മിടുക്കി,പൊതുവെ ഹാപ്പി ആയിരുന്നു'; നിലവിൽ സംശയമൊന്നുമില്ലെന്ന് ഡോക്ടര്‍ അഭിരാമിയുടെ ബന്ധു

നിലവിൽ ആരെയും സംശയിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ അഭിരാമിയുടെ ആത്മഹത്യയിൽ പ്രതികരിച്ച് ബന്ധു. പഠിക്കാൻ മിടുക്കിയായ കുട്ടിയായിരുന്നു അഭിരാമിയെന്നും നിലവിൽ സംശയമൊന്നുമില്ലെന്നും ബന്ധുവും വെള്ളനാട് പഞ്ചായത്ത് മെമ്പറുമായ ശോഭൻ കുമാർ പറഞ്ഞു. അസ്വഭാവികത ഒന്നും പറയാൻ കഴിയില്ല. നിലവിൽ സംശയമില്ല, പരാതിയും ഉന്നയിച്ചിട്ടില്ല. അച്ഛനെ ഉച്ചയ്ക്ക് വിളിച്ചിരുന്നു. ഭക്ഷണം കഴിച്ചതിനു ശേഷം ഭർത്താവിന്റെ കൊല്ലത്തെ വീട്ടിലേക്ക് പോകും എന്ന് പറഞ്ഞിരുന്നതാണെന്നും ശോഭൻ കുമാർ വ്യക്തമാക്കി. ജോലി സ്ഥലത്തോ കുടുംബ ജീവിതത്തിലോ ഇതുവരെ പ്രശ്നം ഉണ്ടായതായി പറഞ്ഞിട്ടില്ല.

പൊതുവെ ഹാപ്പി ആയിരുന്നു അഭിരാമി. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. അസ്വാഭാവികമായ ഒരു സൂചന പോലും ലഭിച്ചിട്ടില്ല. നിലവിൽ ആരെയും സംശയിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ട് ആയിരുന്നു മെഡിക്കല്‍ കോളേജിന് സമീപമുള്ള ഫ്ലാറ്റില്‍ അഭിരാമിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളനാട് സ്വദേശിയായ അഭിരാമി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സീനിയര്‍ റെസിഡന്റ് ഡോക്ടര്‍ ആയി പ്രവര്‍ത്തിക്കുകയായിരുന്നു.

അഭിരാമിയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. മരണത്തില്‍ ആരും ഉത്തരവാദികളല്ലെന്ന് ആത്മഹത്യാ കുറിപ്പിലുണ്ട്. ജീവിതം മടുത്തുവെന്നും അതിനാല്‍ പോകുന്നുവെന്നും കുറിപ്പിലെഴുതിയിട്ടുണ്ട്. അഭിരാമി മരിച്ചു കിടന്ന മുറിയില്‍ നിന്നാണ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തത്. ആത്മഹത്യയില്‍ മെഡിക്കല്‍ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമിത അളവില്‍ അനസ്‌തേഷ്യ മരുന്ന് കുത്തി വച്ചതാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും. സഹപാഠികളുടെ ഉള്‍പ്പെടെ മൊഴിയെടുക്കും. ആറ് മാസം മുന്‍പായിരുന്നു അഭിരാമിയുടെ വിവാഹം.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Related Stories

No stories found.
logo
Reporter Live
www.reporterlive.com