തൃശൂർ ചുട്ടുപൊള്ളും; മഴ പ്രതീക്ഷിച്ച് നാല് ജില്ലകൾ; കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ

മാർച്ച് 27-ന് ആലപ്പുഴയിലും എറണാകുളത്തും മാത്രമാണ് മഴ സാധ്യയുള്ളത്
തൃശൂർ ചുട്ടുപൊള്ളും; മഴ പ്രതീക്ഷിച്ച് നാല് ജില്ലകൾ; കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ കാലാവസ്ഥാ മുന്നറിയിപ്പുകൾ പുറത്തുവിട്ടു. ചില ജില്ലകൾ ചുട്ടുപൊള്ളുമ്പോൾ മഴ പെയ്യുമെന്ന പ്രതീക്ഷയിലാണ് മറ്റു ചില ജില്ലകളുള്ളത്. ഇന്ന് മുതൽ മാർച്ച് 30 വരെ അഞ്ച് ദിവസത്തേക്കുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മഴ മുന്നറിയിപ്പിൽ നാല് ജില്ലകളിലാണ് മഴ സാധ്യത പ്രവചിക്കുന്നത്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മഴ പെയ്യാനുള്ള സാധ്യതയുള്ളത്. മാർച്ച് 27-ന് ആലപ്പുഴയിലും എറണാകുളത്തും മാത്രമാണ് മഴ സാധ്യയുള്ളത്. മാർച്ച് 28-ന് ഈ രണ്ട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മാർച്ച് 29-ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിൽ മഴ പെയ്യാനിടയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. മാർച്ച് 30-ന് ഏഴ് ജില്ലകളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം മഴ സാധ്യതയുള്ളത്. അതേസമയം, മാർച്ച് 26 മുതൽ മുതൽ 30 വരെ വിവിധ ജില്ലകളിൽ ഉയർന്നേക്കാവുന്ന താപനിലയുടെ തോതും കാലാവസ്ഥാവകുപ്പ് പുറത്തുവിട്ടു.

തൃശൂർ ജില്ലയിൽ ഉയർന്ന താപനില 40°C വരെയും, കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, പത്തനംതിട്ട ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, ആലപ്പുഴ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2-4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 മാർച്ച് 26 മുതൽ 30 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com