വോട്ടര്‍ പട്ടികയില്‍ പേരില്ലേ?, പേര് ചേർക്കേണ്ടത് ഇങ്ങനെ; സമയപരിധി ഇന്ന് അവസാനിക്കും

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോര്‍ട്ടല്‍ വഴിയോ, വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ് ഉപയോഗിച്ചോ, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴിയോ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.
വോട്ടര്‍ പട്ടികയില്‍ പേരില്ലേ?, പേര് ചേർക്കേണ്ടത് ഇങ്ങനെ; സമയപരിധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഇങ്ങ് അടുത്തു. ഇനിയും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടില്ലെ? എങ്കില്‍ വൈകേണ്ട, ലോക്‌സഭാ തിരഞ്ഞെടുപ്പിന് വോട്ടു ചെയ്യാന്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. 18 വയസ്സ് പൂര്‍ത്തിയായ ഇന്ത്യന്‍ പൗരന്മാര്‍ക്കാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോര്‍ട്ടല്‍ വഴിയോ, വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ് ഉപയോഗിച്ചോ, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴിയോ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.

പോര്‍ട്ടല്‍ വഴി അപേക്ഷിക്കുന്നതിനായി voters.eci.gov.in എന്ന സൈറ്റിൽ പ്രവേശിച്ച് അക്കൗണ്ട് നിർമ്മിക്കണം. ഈ അക്കൗണ്ടിൽ ലോഗിന്‍ ചെയ്ത് വേണം അപേക്ഷ സമർപ്പിക്കാന്‍. അപേക്ഷ സമർപ്പിക്കാനായി ന്യൂ രജിസ്ട്രേഷന്‍ ഫോര്‍ ജനറല്‍ ഇലക്ടേഴ്സ് എന്ന ഓപ്ഷന്‍ തുറക്കുക. ഇംഗ്ലീഷിലോ മലയാളത്തിലോ അപേക്ഷ പൂരിപ്പിക്കാന്‍ കഴിയും. സംസ്ഥാനം, ജില്ല, പാര്‍ലമെന്റ്, നിയമസഭാ മണ്ഡലങ്ങള്‍, വ്യക്തിഗത വിവരങ്ങള്‍, ഇ മെയില്‍ ഐ ഡി, ജനനത്തീയതി, വിലാസം തുടങ്ങിയ വിവരങ്ങള്‍ നല്‍കി പാസ്പോര്‍ട്ട് സൈസ് ഫോട്ടോ കൂടി അപ്‍ലോഡ് ചെയ്ത് അപേക്ഷ സമര്‍പ്പിക്കാം. ആധാര്‍ കാര്‍ഡ് ഇല്ലെങ്കില്‍ മറ്റ് തിരിച്ചറിയൽ രേഖകള്‍ അപ്‌ലോഡ് ചെയ്യണം.

അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ അധികൃതരുടെ പരിശോധനക്ക് ശേഷം പട്ടികയില്‍ പേര് ഉള്‍പ്പെടുത്തും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയുടെ പത്തുദിവസം മുൻപു വരെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ഉള്ളത്. കേരളത്തിൽ ഏപ്രിൽ 4ന് ആണ് നാമനിർദ്ദേശ പത്രിക നൽകുന്നതിനുള്ള അവസാന തീയതി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com