2555 ദിനങ്ങള്‍, 54 ലക്ഷം പൊതിച്ചോറുകൾ; കൊല്ലം ജില്ലാ ആശുപത്രിയില്‍ വിതരണം 8ാം വർഷത്തിലേക്ക്

2555 ദിനങ്ങള്‍, 54 ലക്ഷം പൊതിച്ചോറുകൾ; കൊല്ലം ജില്ലാ ആശുപത്രിയില്‍ വിതരണം 8ാം വർഷത്തിലേക്ക്

അന്‍പത്തിനാല് ലക്ഷം പൊതിച്ചോര്‍ ജില്ലാ ആശുപത്രിയില്‍ വിതരണം ചെയ്‌തെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു

കൊല്ലം: കൊല്ലം ജില്ലാ ആശുപത്രിയിലെ ഡിവൈഎഫ്‌ഐ പൊതിച്ചോര്‍ വിതരണം എട്ടാം വര്‍ഷത്തിലേക്ക്. ഹൃദയസ്പര്‍ശം എന്ന പേരിലാണ് ഭക്ഷണം എത്തിക്കുന്നത്. ദിവസം ശരാശരി രണ്ടായിരം പൊതിച്ചോര്‍ എന്ന നിലയ്ക്ക് ഏഴ് വര്‍ഷത്തിനിടെ അന്‍പത്തിനാല് ലക്ഷം പൊതിച്ചോര്‍ ജില്ലാ ആശുപത്രിയില്‍ വിതരണം ചെയ്‌തെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു.

ജില്ലാ ആശുപത്രിയിലേക്ക് പൊതിച്ചോര്‍ ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വീടുകളിലേക്ക് കടന്നുചെല്ലുമ്പോള്‍ ജാതിയോ മതമോ കക്ഷി രാഷ്ട്രീയമോ നോക്കാതെ വീട്ടുകാര്‍ ഭക്ഷണം നല്‍കാറുണ്ട്. അഞ്ച് പൊതിച്ചോറാണ് ചോദിക്കുന്നതെങ്കില്‍ അതില്‍ കുടുതല്‍ തരുന്ന അനുഭവമാണ് കഴിഞ്ഞ ഏഴ് വര്‍ഷക്കാലവും ഉണ്ടായിട്ടുള്ളതെന്ന് ചിന്ത പ്രതികരിച്ചു.

കൊല്ലം ജില്ലയിലെ ആശുപത്രികളിലെ പ്രശ്നങ്ങള്‍ ചൂണ്ടികാട്ടിയ വോട്ടറോട് ചിന്താജെറോം നടത്തിയ പൊതിച്ചോര്‍ പരാമര്‍ശം നേരത്തെ വലിയ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും വഴിവെച്ചിരുന്നു. റിപ്പോര്‍ട്ടര്‍ ടി വി കൊല്ലം ജില്ലയില്‍ സംഘടിപ്പിച്ച കുരുക്ഷേത്രം പരിപാടിയിലായിരുന്നു ചിന്ത ജെറോമിന്റെ പ്രതികരണം.

'കൊല്ലം ജില്ലാ ആശുപത്രിയില്‍ നെഞ്ചുവേദനയുമായി വൈകിട്ട് ആറ് മണിക്ക് ശേഷം ഒരാള്‍ പോയാല്‍ നേരെ മെഡിക്കല്‍ കോളെജിലേക്കാണ് എഴുതുന്നത്. അവിടെ പാരസെറ്റമോള്‍ ഡൈക്ലോഫെനകിന്റെ ഇഞ്ചക്ഷനോ പോയിട്ട് ഐ വി സെറ്റ് പോലും ഇല്ലാത്ത അവസ്ഥയാണ്. കൊല്ലം കോര്‍പ്പറേഷനില്‍ മൂന്ന് ആംബുലന്‍സ് ഉണ്ട്. വൈകിട്ട് ആറ് മണിക്ക് ശേഷം പാവപ്പെട്ടവർക്ക് ആംബുലന്‍സ് വിട്ടുകൊടുക്കില്ല. പിന്നെ എന്തിന് വേണ്ടിയാണ് കൊല്ലം കോര്‍പ്പറേഷനില്‍ ആംബുലന്‍സ് കെട്ടിയിട്ടിരിക്കുന്നത്.' എന്നായിരുന്നു വോട്ടറുടെ ചോദ്യം.

ഇതിന്, 'എവിടുന്ന് കിട്ടിയ വിവരമാണിത്. കൊല്ലം ജില്ലാ ആശുപത്രിയില്‍ പൊതിച്ചോറ് കൊടുക്കുന്നവരാണ് ഡിവൈഎഫ്ഐക്കാര്‍, മൈക്ക് കൈയ്യില്‍ കിട്ടിയാല്‍ വെളിവില്ലാത്ത കാര്യം പറയരുത്.' എന്നായിരുന്നു ചിന്തയുടെ മറുപടി. തുടര്‍ന്ന് കാണികളില്‍ നിന്നും രൂക്ഷ പ്രതികരണം ഉയര്‍ന്നിരുന്നു. അതേസമയം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിലും പൊതിച്ചോറിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നുവെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ അരുണ്‍ബാബു പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com