രാജീവ് ചന്ദ്രശേഖറുമായി ബന്ധമുണ്ടെന്ന് ഇപി തന്നെ സമ്മതിച്ചു, സിപിഐഎം അറിഞ്ഞില്ലേ?: വി ഡി സതീശന്‍

'നിരാമയ- വൈദേകം റിസോര്‍ട്ട് എന്നാണ് പേര്. സിപിഐഎം- ബിജെപി റിസോര്‍ട്ട് എന്നാണ് പേരിടേണ്ടത്'
രാജീവ് ചന്ദ്രശേഖറുമായി ബന്ധമുണ്ടെന്ന് ഇപി തന്നെ സമ്മതിച്ചു, സിപിഐഎം അറിഞ്ഞില്ലേ?: വി ഡി സതീശന്‍

കൊച്ചി: രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്ന് ഇ പി ജയരാജന്‍ തന്നെ സമ്മതിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വൈദേകം റിസോര്‍ട്ട് സംബന്ധിച്ച ആരോപണം ഇപി തന്നെ ശരിവെച്ചു. ഇത് സിപിഐഎം നേതൃത്വം അറിഞ്ഞില്ലേയെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

ബിജെപിക്ക് കേരളത്തില്‍ സ്‌പേസ് ഉണ്ടാക്കാന്‍ ഇപി ശ്രമിച്ചപ്പോഴാണ് ഇക്കാര്യങ്ങള്‍ അന്വേഷിച്ചതെന്ന് വി ഡി സതീശന്‍ പറഞ്ഞു. വൈദേകം റിസോര്‍ട്ട് തന്നെ പുറത്തുവിട്ട ചിത്രമാണ് താന്‍ കാണിച്ചത്. വ്യാജ ഫോട്ടോകള്‍ നിര്‍മ്മിച്ചവര്‍ക്കെതിരെ കേസ് എടുത്തോട്ടെയെന്നും സതീശന്‍ പറഞ്ഞു.

നിരാമയ- വൈദേകം റിസോര്‍ട്ട് എന്നാണ് പേര്. സിപിഐഎം- ബിജെപി റിസോര്‍ട്ട് എന്നാണ് പേരിടേണ്ടത്. വൈദേകം റിസോര്‍ട്ടില്‍ ഇഡി റെയ്ഡ് നടത്തി. പിന്നീടാണ് രാജീവ് ചന്ദ്രശേഖറിന്റെ കമ്പനി ഏറ്റെടുത്തത്. ഇക്കാര്യത്തില്‍ സിപിഐഎം മറുപടി പറയണം. റിസോര്‍ട്ടിലെ ബിസിനസ് പങ്കാളിത്തം മുഖ്യമന്ത്രിയുടെ അറിവോടെയാണ്. ദല്ലാള്‍ നന്ദകുമാറിന്റെ അമ്മയെ ഷാള്‍ അണിയിച്ച് ആദരിച്ചയാളാണ് ഇപി. എന്നിട്ട് ആരാണ് ദല്ലാള്‍ എന്നാണ് ഇപി ചോദിച്ചത്.

രാജീവ് ചന്ദ്രശേഖരന് റിസോര്‍ട്ടുമായി ബന്ധമുണ്ടോ എന്ന് അറിയില്ലെന്ന് ഇപി ഇപ്പോള്‍ പറയുന്നു. തനിക്കെതിരെ കേസ് കൊടുക്കും എന്ന് വെല്ലുവിളിച്ചു. വെല്ലുവിളി സ്വീകരിച്ചിരിക്കുന്നു. വ്യക്തമായ തെളിവ് തന്റെ പക്കലുണ്ട്. തന്റെ പക്കലുള്ളത് ഇപി കാണിച്ച ഫോട്ടോ അല്ല. കൊടകര കുഴല്‍പ്പണ കേസിലെ പണം ഇന്‍കം ടാക്‌സിനെ ഏല്‍പ്പിച്ചിട്ടില്ല. ഒരു ബിജെപി നേതാക്കളെയും പ്രതി ചേര്‍ത്തിട്ടില്ല. സിപിഐഎം-ബിജെപി അവിശുദ്ധ ബാന്ധവം ആണിത്.

ബിജെപി നേതാവ് തമിഴ്‌നാടിനെയും കേരളത്തെയും അപമാനിച്ചു. തമിഴ്‌നാടിനോട് മാപ്പ് പറഞ്ഞു. കേരളത്തോട് മാപ്പ് പറഞ്ഞില്ല. അവര്‍ മാപ്പ് പറയണം. ബിജെപി വനിതാ നേതാവ് കേരളത്തെ അപമാനിച്ചതില്‍ കേരള സര്‍ക്കാര്‍ പേടിച്ച് മിണ്ടാതിരിക്കുകയാണ്. കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് നാണമില്ലേ എന്ന് ചോദിച്ച സതീശന്‍, ശോഭ കരന്ദലജെയുടെ പ്രസ്താവന പിന്‍വലിക്കാന്‍ ആവശ്യപ്പെടണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com