'കേസിൽ നിന്ന് രക്ഷപെടാൻ വി ഡി സതീശൻ ബിജെപി-ആർഎസ്എസ് നേതാക്കളുമായി ധാരണയുണ്ടാക്കി'; ഇ പി ജയരാജൻ

ഫ്രോഡ് രാഷ്ട്രീയമാണ് വി ഡി സതീശന്റേതെന്ന് ഇപി ജയരാജൻ
'കേസിൽ നിന്ന് രക്ഷപെടാൻ വി ഡി സതീശൻ ബിജെപി-ആർഎസ്എസ് നേതാക്കളുമായി  ധാരണയുണ്ടാക്കി'; ഇ പി ജയരാജൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി എൽഡിഎഫ് കൺവീന‍ർ ഇ പി ജയരാജൻ. വി ഡി സതീശനെതിരെ നിരവധി അധിക്ഷേപങ്ങൾ ഉയർന്ന് വന്നിട്ടുണ്ട്. അശ്ലീല വീഡിയോ നിർമ്മിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന വ്യത്തികെട്ട രാഷ്ട്രീയക്കാരനാണ് വി ഡി സതീശനെന്ന് ഇപി ആരോപിച്ചു. ഫ്രോഡ് രാഷ്ട്രീയമാണ് വി ഡി സതീശന്റേത്. വീട് നിർമ്മിച്ച് നൽകാൻ വി ഡി സതീശൻ വിദേശത്ത് പോയി പണം പിരിച്ചെന്നും എന്നാൽ ആ പണം കൊണ്ട് വീട് നിർമ്മിച്ചില്ലെന്നും ഇ പി ആരോപിച്ചു. പുനർജനിയുടെ പേരില്‍ പിരിച്ച പണം സതീശൻ എന്ത് ചെയ്തുവെന്നും ഇപി ചോദിച്ചു.

എൻജിഒകളും മറ്റ് സംഘടനകളും നിർമ്മിച്ച് നൽകിയ വീട് സതീശൻ തൻ്റെ പേരിൽ ചേർത്തുവെന്ന് ഇ പി വിമർശിച്ചു. പി വി അൻവറിൻ്റെ ആരോപണത്തിന് സതീശന് മറുപടിയില്ല. ഇൻകം ടാക്സ് അന്വേഷണം വന്നപ്പോൾ പ്രതിപക്ഷ പദവി ഉപയോ​ഗിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. രക്ഷപ്പെടാൻ കഴിയുന്നില്ലെന്ന് വന്നപ്പോൾ വി ഡി സതീശൻ ഡൽഹിക്ക് പോയി. ബിജെപി, ആർഎസ്എസ് നേതാക്കളെ കണ്ട് ധാരണയുണ്ടാക്കിയെന്നും ഇപി പറഞ്ഞു. കേരളത്തിലെ ഇടതുപക്ഷത്തെ ശകത്മായും ബിജെപിയെ മൃദുവായും എതിർക്കാമെന്ന് ധാരണയുണ്ടാക്കിയാണ് സതീശൻ ഡൽഹിയിൽ നിന്ന് മടങ്ങിയതെന്നും ഇ പി ജയരാജൻ പറഞ്ഞു. ഇപ്പോൾ അതാണ് കേരളത്തിൽ വി ഡി സതീശൻ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും ഇപി ആരോപിച്ചു. ബിജെപി കോൺ​ഗ്രസ് അന്തർധാരകൾ പ്രവർത്തിച്ചുവരികയാണ്. അതിൽ താൻ രക്ഷപ്പെടണമെന്ന ആ​ഗ്രഹത്തോട് കൂടി വി ഡി സതീശൻ ആർഎസ്എസിനും ബിജെപിക്കും മുന്നിൽ സറണ്ടർ ചെയ്ത് ഐക്യമുണ്ടാക്കി പ്രവർത്തിക്കുകയാണ്.

മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന് തന്റെ ഭാര്യയുടെ തല വെട്ടി മാറ്റി സ്വപ്ന സുരേഷിന്റെ തല വെച്ചു പ്രചരിപ്പിച്ചത് വി ഡി സതീശനും കൂട്ടരുമാണ്. കഴിഞ്ഞ ദിവസത്തെ ഫോട്ടോ പുറത്തു വിട്ടതും സതീശനാണ്. ഭാര്യയും മകനും ഏതോ കമ്പനിക്കാർക്കൊപ്പം നിൽക്കുന്ന ഫോട്ടോ പ്രചരിപ്പിക്കുകയാണ്. രാജീവ്‌ ചന്ദ്രശേഖറിനൊപ്പം മറ്റൊരു സ്ത്രീ ഇരിക്കുന്ന ഫോട്ടോയിൽ തന്റെ ഭാര്യയുടെ തല സ്ഥാപിച്ചു പ്രചരിപ്പിച്ചതിന് പിന്നിൽ വി ഡി സതീശനാണ്. നിരാമയയുമായി ബന്ധമില്ലെന്ന് രാജീവ്‌ ചന്ദ്രശേഖർ റിപ്പോർട്ടർ ടി വിയോട് പറഞ്ഞിട്ടുണ്ട്. അത് എല്ലാവരും ഒന്ന് കേട്ട് നോക്കുന്നത് നല്ലതാണെന്നും ഇപി പറഞ്ഞു. രാജീവ്‌ ചന്ദ്രശേഖറിന്റെ വക്കാലത്തു എടുക്കേണ്ട കാര്യം തനിക്കില്ലെന്നും ഇപി പറഞ്ഞു.

ഫ്രോഡ് രാഷ്ട്രീയമാണ് വി ഡി സതീശന്റേത്. കള്ളപ്പണം ഉണ്ടാക്കൽ, വ്യാജ നിർമിതി, ചീത്ത വിളിക്കൽ ഒക്കെയാണ് സതീശന്റെ ശൈലി. അങ്ങനെ ഒരാളെ എങ്ങനെ കോൺഗ്രസ് പ്രതിപക്ഷ നേതാവാക്കി. എല്ലാവരെയും മോശക്കാരാക്കി വെള്ളക്കുപ്പായം ഇട്ടു നടക്കുന്നതല്ല രാഷ്ട്രീയ പ്രവർത്തനം. തെളിവ് ഉണ്ടെന്ന് പറഞ്ഞു തെളിവ് ഉണ്ടാക്കുകയാണ്. ഇങ്ങനെയൊരു പ്രതിപക്ഷ നേതാവ് ഉണ്ടായത് കേരളത്തിന്റെ കഷ്ടകാലമാണ്. വി ഡി സതീശന്റെ രാഷ്ട്രീയ നിലവാരത്തിലേക്ക് താഴാനില്ല. വി ഡി സതീശന്റെ ആരോപണങ്ങൾക്ക് ഇനി മറുപടി പറയാനില്ലെന്നും ഇ പി വ്യക്തമാക്കി.

'കേസിൽ നിന്ന് രക്ഷപെടാൻ വി ഡി സതീശൻ ബിജെപി-ആർഎസ്എസ് നേതാക്കളുമായി  ധാരണയുണ്ടാക്കി'; ഇ പി ജയരാജൻ
കർണാടകയിൽ ജെഡിഎസിന് മൂന്ന് സീറ്റ് നൽകി ബിജെപി; 25 സീറ്റുകളിൽ ബിജെപി മത്സരിക്കും

താൻ ജനിച്ചത് മുതൽ രാഷ്ട്രീയക്കാരനാണ്. വി ഡി സതീശനെ പോലൊരു ബിസിനസ്സുകാരനല്ല. താൻ വൈദേകം കമ്പനിയുടെ ആരുമല്ല. വൈദേകത്തിൽ തന്റെ ഭാര്യ ഒരു ഷെയർ ഹോൽഡർ മാത്രമാണ്. കമ്പനികൾ തമ്മിലുള്ള കാര്യങ്ങൾ പറയേണ്ടത് താനല്ല. ഭാര്യയുടെ ഷെയർ വൈദേകത്തിൽ ഒഴിവാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പലരുമായും സംസാരിച്ചു. വിവാദങ്ങൾ ഉള്ളതുകൊണ്ട് ഷെയർ വാങ്ങാൻ വരുന്ന പലർക്കും പേടിയാണ്. ആളെക്കിട്ടിയാൽ ഷെയർ വിറ്റ് ഒഴിവാക്കും. ഭാര്യയുടെ ഷെയറിന്റെ പേരിലല്ലേ വിവാദം ഉയരുന്നത്. ശക്തമായി രാഷ്ട്രീയത്തിൽ നിൽക്കുന്ന തന്നെ കളങ്കപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ഷെയർ വിൽക്കാൻ തീരുമാനിച്ചതെന്നും ഇപി വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമം വഴി തിരഞ്ഞെടുപ്പോടെ വലിയ ധ്രുവീകരണമാണ് ബിജെപി-ആർഎസ്എസ് ലക്ഷ്യം. വർഗീയ ധൃവീകരണ നീക്കം ജനങ്ങൾ ചെറുത്ത് തോൽപ്പിക്കും. കോൺസെൻട്രേഷൻ ക്യാമ്പ് ഉണ്ടാക്കില്ലെന്ന് ആദ്യം പറഞ്ഞ സംസ്ഥാനം കേരളമാണ്. പൗരത്വം നിഷേധിക്കുന്നവർക്കായി കേരളത്തിൽ ജയിലുകൾ സ്ഥാപിക്കില്ല. കേരളത്തിൽ സിഎഎ നടപ്പാക്കില്ലെന്ന് സർക്കാർ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. എന്നാൽ നിയമം നടപ്പാക്കാതിരിക്കാൻ ആവില്ലെന്നാണ് യുഡിഎഫും കോൺഗ്രസും പറയുന്നത്. തികച്ചും ന്യൂനപക്ഷ വിരുദ്ധ നിലപാടാണത്. കേരള നിയമസഭയിൽ 15 അംഗങ്ങളുള്ള ലീഗിന് ലോക്‌സഭയിലേക്ക് കോൺ​ഗ്രസ് അനുവദിച്ച് നൽകിയത് രണ്ട് സീറ്റ് മാത്രമാണ്. കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ സമീപനത്തിന്റെ ഉദാഹരണമാണിതെന്നും ഇപി കൂട്ടിച്ചേർത്തു.

എൽഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്ന് താൻ പറഞ്ഞിട്ടില്ല. ബിജെപിയെ തോൽപ്പിക്കാൻ ആണ് ലക്ഷ്യമിടുന്നത്. വി ഡി സതീശനെ പോലെയുള്ളവരെ കൊണ്ടാണ് കോൺഗ്രസിന് ദുർഗതി ഉണ്ടായിരിക്കുന്നത്. വെള്ളിയാഴ്ചയാണ് തിരഞ്ഞെടുപ്പ്. ഇടതുമുന്നണിക്ക് ഒരു തീരുമാനം എടുക്കാൻ ആവില്ല. കേന്ദ്രനേതൃത്വമാണ് അക്കാര്യത്തിൽ തീരുമാനം പറയേണ്ടത്. ദേശീയ തലത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പ് അല്ലെ. ഇപ്പോൾ മാധ്യമങ്ങളുടെ സർവേ നടത്തുന്നതിൽ എന്ത് അടിസ്ഥാനമാണുള്ളത്. സർവേ നടത്തി ഫലം പ്രവചിക്കുന്നത് തിരഞ്ഞെടുപ്പ് ക്യാമ്പയിൻ ആണ്. ചിലരെ സഹായിക്കാൻ വേണ്ടിയാണതെന്നും ഇപി പറഞ്ഞു.

കേരളത്തിൽ ഇരുപത് മണ്ഡലങ്ങളിലും എൽഡിഎഫ് സ്ഥാനാർത്ഥികൾ സജീവമാണെന്ന് ഇ പി അറിയിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ്. എല്ലാ മേഖലകളിൽ നിന്നും പിന്തുണയുണ്ട്. കേരളത്തിൽ ഇടതുമുന്നണിക്ക് അനുകൂലമായ തരംഗമാണുള്ളതെന്നും ഇപി കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com