'ഇ പി - രാജീവ് ബന്ധത്തിന് തെളിവുണ്ട്'; കേസ് കൊടുക്കാന്‍ വെല്ലുവിളിച്ച് വി ഡി സതീശന്‍

രാജീവ് ചന്ദ്രശേഖരനും ഇ പി ജയരാജനും തമ്മിൽ ബിസിനസ് ബന്ധമുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തിയിരുന്നു
'ഇ പി - രാജീവ് ബന്ധത്തിന്  തെളിവുണ്ട്'; കേസ് കൊടുക്കാന്‍ വെല്ലുവിളിച്ച് വി ഡി സതീശന്‍

തിരുവനന്തപുരം: ഇ പി ജയരാജന്‍ - രാജീവ് ചന്ദ്രശേഖര്‍ ബന്ധത്തിന് തന്‍റെ കയ്യില്‍ തെളിവുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. താന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ കേസ് കൊടുക്കാൻ പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു. കേസ് കൊടുത്താൽ തെളിവുകൾ കോടതിയിൽ ഹാജരാക്കും. നിരാമയ റിസോര്‍ട്ട് രാജീവ് ചന്ദ്രശേഖരൻ്റേതാണ്. അല്ല എങ്കില്‍ അദ്ദേഹം പറയട്ടെ എന്നും വി ഡി സതീശന്‍ പറഞ്ഞു.

രാജീവ് ചന്ദ്രശേഖരനും ഇ പി ജയരാജനും തമ്മിൽ ബിസിനസ് ബന്ധമുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തിയിരുന്നു. ഇത് ഇ പി നിഷേധിച്ചു. പിന്നാലെ രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റിന്റെ ജീവനക്കാരും ഇ പി ജയരാജന്റെ കുടുംബവും ഒന്നിച്ചുള്ള ചിത്രം കോണ്‍ഗ്രസ് പങ്കുവെച്ചിരുന്നു.

ബിജെപിയുമായി സഹകരിക്കാന്‍ ആവശ്യപ്പെട്ട് നേതാക്കള്‍ തന്നെ സമീപിച്ചിരുന്നു എന്ന ശശി തരൂരിന്‍റെ വെളിപ്പെടുത്തലിനോട് ഇതാണല്ലേ ബി ജി പിയുടെ ഒരു രീതി എന്നായിരുന്നു വി ഡി സതീശന്‍റെ പ്രതികരണം. കെ സുരേന്ദ്രൻ പോലും പറയാത്ത കാര്യമാണ് ബിജെപി സ്ഥാനാർത്ഥികളെ കുറിച്ച് ഇ പി ജയരാജൻ പറയുന്നതെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. തിരുവനന്തപുരത്തും ആറ്റിങ്ങലും തൃശ്ശൂരും ബിജെപിക്ക് ബെസ്റ്റ് സ്ഥാനാർത്ഥികൾ ആണ് ഉള്ളതെന്ന് ഇ പി ജയരാജൻ പറഞ്ഞിരുന്നു.

ദേശീയ തലത്തിലെ ഇന്‍ഡ്യ മുന്നണി തെറ്റാണെങ്കിൽ തമിഴ്നാട്ടിലെ രണ്ട് സിപിഎം സ്ഥാനാർത്ഥികളെ പിൻവലിക്കട്ടെ എന്നും വിഡി സതീശന്‍ അഭിപ്രായപ്പെട്ടു. കേരളത്തിൽ ഒരിടത്തും ബിജെപി അക്കൗണ്ട് തുറക്കില്ല എന്നു മാത്രമല്ല, രണ്ടാം സ്ഥാനത്ത് പോലും വരില്ല എന്നും വി ഡി സതീശന്‍ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com