ഇപിയുമായി ബന്ധമില്ല, നിരാമയയുമായുള്ളത് ബിസിനസ് താത്പര്യം മാത്രം: ആരോപണങ്ങൾ തള്ളി രാജീവ് ചന്ദ്രശേഖർ

കോൺ​ഗ്രസിന്റെ ആരോപണം കെട്ടുകഥയാണ്, നുണയാണ്, പച്ചക്കള്ളമാണ് - രാജീവ് ചന്ദ്രശേഖർ
ഇപിയുമായി ബന്ധമില്ല, നിരാമയയുമായുള്ളത് ബിസിനസ് താത്പര്യം മാത്രം: ആരോപണങ്ങൾ തള്ളി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: എൽഡിഎഫ് കൺവീന‍ർ ഇ പി ജയയരാജനുമായി ബന്ധമുണ്ടെന്ന ആരോപണം തള്ളി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരൻ. 'സിപിഐഎം-ബിജെപി ബന്ധമുണ്ട് എന്നത് നുണയാണ്. ആരോപണത്തിൽ ഒരു കഴമ്പുമില്ല. കോൺ​ഗ്രസിന്റെ ആരോപണം കെട്ടുകഥയാണ്, നുണയാണ്, പച്ചക്കള്ളമാണ്' - രാജീവ് ചന്ദ്രശേഖർ റിപ്പോർട്ടർ ടിവി അശ്വമേധത്തിൽ പറഞ്ഞു.

ഇ പി ജയരാജനെ ഇതുവരെ കണ്ടിട്ടില്ല. പിണറായി വിജയൻ, ശശി തരൂർ, രാഹുൽ ഗാന്ധി എന്നിവരെയെല്ലാം കണ്ടു. കള്ളം പറയുന്നത് കോൺഗ്രസ്സിന് ശീലമായി. സാമൂഹിക മാധ്യമം വഴി വ്യാജ പ്രചരണം നടത്തുന്നു. നേരത്തെയും വ്യാജപ്രചാരണങ്ങൾ നടത്തിയെങ്കിലും പരാജയപ്പെട്ടു. 18 വർഷം മുമ്പ് കോൺഗ്രസ് തന്നെ വ്യക്തിപരമായി ടാർഗറ്റ് ചെയ്തു. തന്റെ റിസോർട്ട് ഇടതുപക്ഷം തകർത്തു. സിപിഐഎമ്മും തന്നെ ലക്ഷ്യം വെക്കുന്നുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

താൻ നിക്ഷേപകനാണെന്നും എല്ലാം വിട്ടിട്ടാണ് രാഷ്ട്രീയത്തിൽ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാര്യക്ക് നിരാമയയിൽ ഓഹരിയില്ല. നിരാമയയിൽ തനിക്കും ഷെയറില്ല, ഷെയർ ഉണ്ടെങ്കിൽ കോൺഗ്രസ് കേസ് ഫയൽ ചെയ്യട്ടേ. വൈദേകത്തിൽ ഭാര്യയ്ക്ക് ബന്ധമില്ല. നിരാമയയുമായുള്ളത് പരോക്ഷമായ ബിസിനസ് താൽപര്യം മാത്രമാണ്. രാഷ്ട്രീയ ബന്ധമെന്നത് കോൺഗ്രസിൻറെ നുണയാണ്. നുണപറയുന്ന രാഷ്ട്രീയത്തിൽ പെടരുത്, കോൺഗ്രസ്സിനെ തള്ളിക്കളയണം.

സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും മാറ്റം കൊണ്ടുവരും. വികസനത്തിൽ ഊന്നിയുള്ള മാറ്റമാണ് തന്റെ ലക്ഷ്യം. തനിക്ക് കവിത വായിക്കാനോ പുസ്തകമെഴുതാനോ സമയമില്ല. രാഷ്ട്രീയം തനിക്ക് രാജ്യത്തെ സേവിക്കാൻ കിട്ടിയ അവസരമാണ്. ഇവിടെ കലോൽസവത്തിൽ പോലും രാഷ്ട്രീയം കലർത്തുകയാണ്. കലാലയത്തിൽ പോലും കൊലപാതകം നടക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.

തെലങ്കാന ഫോർമുല ഇവിടെ നടപ്പാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. തനിക്ക് വ്യക്തിപരമായി ആരോടും ശത്രുതയില്ല, ആശയപരമായി മാത്രമാണ് വ്യത്യാസം. മുസ്ലീം വോട്ട് ഏകോപിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. മുസ്ലിംകൾ ഇടതുപക്ഷത്തേക്ക് പോകുന്നുണ്ട്. ഇതിനെ തടയാനുള്ള നീക്കമാണ് കോൺഗ്രസ് നടത്തുന്നത്. ബിജെപി സിപിഐഎം അന്തർധാരയുണ്ടെന്ന് പ്രചരിപ്പിക്കുന്നു. ഇപി മാത്രമല്ല താൻ നല്ല സ്ഥാനാർത്ഥിയെന്ന് പറഞ്ഞതെന്നും രാജീവ് ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു.

ഇപിയുമായി ബന്ധമില്ല, നിരാമയയുമായുള്ളത് ബിസിനസ് താത്പര്യം മാത്രം: ആരോപണങ്ങൾ തള്ളി രാജീവ് ചന്ദ്രശേഖർ
'കലാമണ്ഡലം ഗോപിയെ വിളിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല'; പ്രതികരിച്ച് സുരേഷ് ​ഗോപി

Related Stories

No stories found.
logo
Reporter Live
www.reporterlive.com