'കെ കരുണാകരനെ സ്നേഹിക്കുന്നവർ ബിജെപിയിലേക്ക് ഇനിയും വരും'; മുൻ കോൺഗ്രസ് നേതാവ് തമ്പാനൂര്‍ സതീഷ്

മോദിയുടെ ഗ്യാരണ്ടിയാണ് കോൺഗ്രസുകാർ ബിജെപിയിലേക്ക് പോകാൻ കാരണമെന്ന് സതീഷ് വ്യക്തമാക്കി.
'കെ കരുണാകരനെ സ്നേഹിക്കുന്നവർ ബിജെപിയിലേക്ക് ഇനിയും  വരും'; മുൻ കോൺഗ്രസ് നേതാവ് തമ്പാനൂര്‍ സതീഷ്

തിരുവനന്തപുരം: കെ കരുണാകരനെ സ്നേഹിക്കുന്നവർ ബി ജെ പിയിലേക്ക് ഇനിയും വരുമെന്ന് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേർന്ന മുൻ ഡി സി സി ജനറൽ സെക്രട്ടറി തമ്പാനൂര്‍ സതീഷ്. ഇന്ന് രാവിലെയായിരുന്നു തമ്പാനൂർ സതീഷ് ബിജെപിയിൽ ചേര്‍ന്നത്. കോൺ​ഗ്രസ് നേതൃത്വത്തിന്റെ തെറ്റായ പ്രവണതകൾക്കെതിരായ പ്രതിഷേധം കൂടിയാണ് തന്റെ ബിജെപി പ്രവേശനം. കോൺ​ഗ്രസിൽ നിന്നും മാറിയത് കൊണ്ട് താൻ തളർന്നിരിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കെ കരുണാകരന്റെ മരണത്തോടെ കോൺ​ഗ്രസിന്റെ തകർച്ച തുടങ്ങിയെന്നും 14 ജില്ലകളിലും കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് കുത്തൊഴുക്ക് ഉണ്ടാകുമെന്നും തമ്പാനൂര്‍ സതീഷ് പറഞ്ഞു. മോദിയുടെ ഗ്യാരണ്ടിയാണ് കോൺഗ്രസുകാർ ബിജെപിയിലേക്ക് പോകാൻ കാരണമെന്ന് സതീഷ് വ്യക്തമാക്കി. കോൺഗ്രസ് നേതൃത്വത്തിലേക്ക് പരിഗണിക്കാമെന്ന് നേതാക്കൾ ഉറപ്പു നൽകിയിരുന്നു പക്ഷേ ഇനി ഒരു തിരിച്ചു പോക്കില്ലെന്നും, ഇടിഞ്ഞു വീഴാറായ കെട്ടിടം ചാരി നിക്കാൻ തനിക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കാലങ്ങളോളം കെ കരുണാകരനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നയാളാണ് തമ്പാനൂര്‍ സതീഷ്. പുനഃസംഘടനയില്‍ തഴയപ്പെട്ടതില്‍ പ്രതിഷേധിച്ചു അടുത്തിടെ തമ്പാനൂര്‍ സതീഷ് കോണ്‍ഗ്രസ് വിട്ടിരുന്നു. പിന്നാലെയാണ് ബിജെപിയിലേക്കുള്ള ചുവടു വെപ്പ്. തമ്പാനൂര്‍ സതീഷിനൊപ്പം മുൻ ഡിസിസി ഭാരവാഹിയായിരുന്ന ഉദയൻ, കേരള സ്പോര്‍ട്സ് കൗൺസില്‍ മുൻ അധ്യക്ഷ പത്മിനി തോമസ്, മകൻ ഡാനി ജോൺ സെല്‍വൻ എന്നിവര്‍ ഇന്ന് രാവിലെ ബിജെപിയിൽ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസില്‍ നിന്നും ഇടതു പാര്‍ട്ടികളില്‍ നിന്നും കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ പാര്‍ട്ടിയിലേക്ക് എത്തുമെന്ന് ബിജെപി നേതാക്കള്‍ അവകാശപ്പെട്ടു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com