കെ കെ ശൈലജ കേരളം ആഗ്രഹിക്കുന്ന മുഖ്യമന്ത്രി; പിണറായിയെ പിന്തള്ളി സുരേഷ് ഗോപി മൂന്നാമത്

മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് വി ഡി സതീശൻ രണ്ടാമൻ
കെ കെ ശൈലജ കേരളം ആഗ്രഹിക്കുന്ന മുഖ്യമന്ത്രി; പിണറായിയെ പിന്തള്ളി സുരേഷ് ഗോപി മൂന്നാമത്

മുഖ്യമന്ത്രിയായി കെ കെ ശൈലജയെയാണ് കേരളം ചേർത്തുപിടിക്കുന്നതെന്ന് റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെ. സർവ്വെയിൽ പങ്കെടുത്തവരിൽ കൂടുതൽ പേരും കേരളത്തിന് വനിതാ മുഖ്യമന്ത്രി വേണമെന്ന നിലപാടാണ് സ്വീകരിച്ചത്. വി ഡി സതീശനാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കുള്ള രണ്ടാമത്തെ ചോയ്സ്. മുഖ്യമന്ത്രി ആരാകമെന്ന ചോദ്യത്തിൽ പിണറായി വിജയനെ പിന്തള്ളി സുരേഷ് ഗോപി മൂന്നാമതെത്തി എന്നതും ശ്രദ്ധേയമാണ്.

ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ആരെ തിരഞ്ഞെടുക്കും എന്ന ചോദ്യത്തോടായിരുന്നു സർവ്വെയിൽ പങ്കെടുത്തവർ പ്രതികരിച്ചത്. കെ കെ ശൈലജ മുഖ്യമന്ത്രിയാകണമെന്ന് സർവ്വെയിൽ പങ്കെടുത്തവരിൽ 25.2 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. വി ഡി സതീശൻ മുഖ്യമന്ത്രിയാകണമെന്ന് സർവ്വെയിൽ പങ്കെടുത്ത 18.4 ശതമാനം പേർ അഭിപ്രായപ്പെട്ടു. സുരേഷ് ഗോപി മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടത് 16.1 ശതമാനം ആളുകളാണ്.

പിണറായി വിജയനെ 13.5 ശതമാനവും ശശി തരൂരിനെ 10.9 ശതമാനവും രമേഷ് ചെന്നിത്തലയെ 6.8 ശതമാനവും കെ സുധാകരനെ 3 ശതമാനവും കെ സുരേന്ദ്രനെ 1.5 ശതമാനവും കെ സി വേണുഗോപാലിനെയും എം വി ഗോവിന്ദനെയും 0.9 ശതമാനം വീതവും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിർദ്ദേശിച്ചു. അറിയില്ലെന്ന് 2.8 ശതമാനവും അഭിപ്രായപ്പെട്ടു.

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് മേൽക്കൈ ആണ് സർവ്വെ പ്രവചിക്കുന്നത്. യുഡിഎഫ് 15 സീറ്റുകൾ നേടുമെന്നും എൽഡിഎഫ് അഞ്ച് സീറ്റുകളിൽ വിജയിക്കുമെന്നുമാണ് സർവ്വെ വ്യക്തമാക്കുന്നത്. ബിജെപിക്ക് കേരളത്തിൽ ഇത്തവണയും അക്കൗണ്ട്‌ തുറക്കാനാവില്ലെന്നും സർവ്വെ പ്രവചിക്കുന്നു.

യുഡിഎഫിൻ്റെ അഞ്ച് സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെടുമെന്നാണ് റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെയുടെ പ്രവചനം. ഈ മണ്ഡലങ്ങളിൽ എൽഡിഎഫ് വിജയിക്കുമെന്നാണ് സർവ്വെ വ്യക്തമാക്കുന്നത്. അതേസമയം എൽഡിഎഫിന് 2019ൽ ലഭിച്ച ഏകസീറ്റായ ആലപ്പുഴ ഇത്തവണ യുഡിഎഫ് തിരിച്ച് പിടിക്കും. 2019ൽ എൽഡിഎഫിൻ്റെ കൈയ്യിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്ത കാസർകോട്, കണ്ണൂർ, ആലത്തൂർ, ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങളിൽ കാസർകോട്, കണ്ണൂർ എന്നിവ എൽഡിഎഫ് തിരിച്ചു പിടിക്കും. അതേ സമയം ആലത്തൂർ, ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങൾ ഇത്തവണയും യുഡിഎഫ് നിലനിർത്തും. 2019ൽ യുഡിഎഫിൻ്റെ ഭാഗമായി കോട്ടയത്ത് നിന്നും മത്സരിച്ച് ജയിച്ച കേരള കോൺഗ്രസ് മാണി വിഭാഗത്തെ ഇത്തവണ പാളയം മാറി ഇടതുമുന്നണിയ്ക്ക് വേണ്ടി മത്സരിക്കാനിറങ്ങുമ്പോൾ കാത്തിരിക്കുന്നത് പരാജയമാണെന്നും റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെ പ്രവചിക്കുന്നു. ബിജെപി വലിയ പ്രതീക്ഷ വെച്ചുപുലർത്തുന്ന തൃശ്ശൂരും തിരുവനന്തപുരത്തും ഇത്തവണയും ബിജെപി വിജയിക്കില്ലെന്നും സർവ്വെ വ്യക്തമാക്കുന്നു.

കൊല്ലം, ആറ്റിങ്ങൽ, മലപ്പുറം, വയനാട്, പൊന്നാനി, ഇടുക്കി, കോഴിക്കോട്, ആലപ്പുഴ, ചാലക്കുടി, പാലക്കാട്, എറണാകുളം, കോട്ടയം, ആലത്തൂർ, തിരുവനന്തപുരം, തൃശൂർ, മണ്ഡലങ്ങളിൽ യുഡിഎഫ് വിജയം നേടുമെന്നാണ് സർവ്വെ പ്രവചിക്കുന്നത്. കാസർകോട്, മാവേലിക്കര, പത്തനംതിട്ട, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ എൽഡിഎഫ് വെന്നിക്കൊടി പാറിക്കുമെന്നും സർവ്വെ വ്യക്തമാക്കുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com