പാലയൂര് പള്ളി ശിവ ക്ഷേത്രമായിരുന്നെന്ന വാദത്തില് സുരേഷ് ഗോപി നിലപാട് പറയണം; തൃശ്ശൂര് എല്ഡിഎഫ്

യാതൊരു വിധത്തിലും അടിസ്ഥാനമില്ലാത്ത തികച്ചും പ്രകോപനപരമായ പ്രസ്താവനയാണ് ബാബു നടത്തിയത്

dot image

തൃശ്ശൂര്: പാലയൂര് സെന്റ് തോമസ് ചര്ച്ച് പണ്ട് ശിവക്ഷേത്രമായിരുന്നുവെന്ന ഹിന്ദു ഐക്യവേദി നേതാവ് ആര് വി ബാബുവിന്റെ അവകാശവാദത്തില് സുരേഷ് ഗോപി നിലപാട് വ്യക്തമാക്കണമെന്ന് തൃശ്ശൂര് എല്ഡിഎഫ് ജില്ലാ കമ്മിറ്റി.

യാതൊരുവിധത്തിലും അടിസ്ഥാനമില്ലാത്ത തികച്ചും പ്രകോപനപരമായ പ്രസ്താവനയാണ് ബാബു നടത്തിയത്. കേരളത്തിലെ മനുഷ്യരുടെ ഐക്യം തകര്ക്കുകയെന്ന ലക്ഷ്യത്തോടെ മനപൂര്വ്വമാണ് സംഘപരിവാര് നേതാവിന്റെ ഈ അഭിപ്രായ പ്രകടനമെന്ന് എല്ഡിഎഫ് ജില്ലാ കമ്മിറ്റി വിമര്ശിച്ചു.

തൃശ്ശൂരില് ബിജെപി സ്ഥാനാര്ത്ഥിയായി പാര്ട്ടി ഉയര്ത്തികാട്ടുന്ന സുരേഷ് ഗോപി നിലവില് ക്രിസ്ത്യന് ദേവാലയങ്ങള് സന്ദര്ശിച്ച് വരികയാണ്. അദ്ദേഹം മാതാവിന് കിരീടം സമ്മാനിച്ചത് വാര്ത്തയായിരുന്നു. ഇത്തരമൊരു സാഹചര്യത്തില് സംഘപരിവാര് നേതാക്കളുടെ ഭാഗത്ത് നിന്നുള്ള പ്രസ്താവനകളെക്കുറിച്ച് പ്രതികരിക്കാന് സുരേഷ് ഗോപിക്ക് ബാധ്യതയുണ്ടെന്ന് എല്ഡിഎഫ് ചൂണ്ടികാട്ടി.

അരക്കിലോ മുളകിന് കൂടിയത് 40 രൂപ, ഇനി 82 രൂപ നല്കണം; സപ്ലൈകോയിലെ പുതിയ നിരക്കുകൾ ഇങ്ങനെ

പാലയൂര് പള്ളി ശിവക്ഷേത്രമായിരുന്നുവെന്നും തന്റെ കുട്ടിക്കാലംതൊട്ട് ഇക്കാര്യം അറിയാമായിരുന്നുവെന്നുമായിരുന്നു ആര് വി ബാബുവിന്റെ പരാമര്ശം. മലയാറ്റൂര് പള്ളി എങ്ങനെയാണ് ഉണ്ടായത് എന്ന് മലയാറ്റൂര് രാമകൃഷ്ണന് മാതൃഭൂമി ആഴ്ച്ചപതിപ്പില് എഴുതിയിട്ടുണ്ടെന്നും അത് വായിക്കണമെന്നും ആര് വി ബാബു പറഞ്ഞിരുന്നു. അര്ത്തുങ്കല് പള്ളി ഹിന്ദു ക്ഷേത്രം ആയിരുന്നുവെന്ന ആര്എസ്എസ് നേതാവ് ടി ജി മോഹന്ദാസിന്റെ വാദം ശരിയാണെന്നും 50 വര്ഷം മുമ്പ് പുറത്തിറക്കിയ സുവനീറില് അത് പരാമര്ശിക്കുന്നുണ്ടെന്നും ആര് വി ബാബു പറഞ്ഞിരുന്നു.

dot image
To advertise here,contact us
dot image