'യഥാര്ത്ഥ പ്രതി മുഖ്യമന്ത്രി'; സിഎംആര്എല്ലിന് വേണ്ടി വ്യവസായ നയം മാറ്റിയെന്ന് കുഴല്നാടന്

'2016 ഡിസംബര് മുതല് സിഎംആര്എല് വീണക്ക് മാസപ്പടി നല്കി തുടങ്ങി'

dot image

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി കോണ്ഗ്രസ് നേതാവ് മാത്യു കുഴല്നാടന്. മാസപ്പടി വിവാദത്തില് മുഖ്യപ്രതി മുഖ്യമന്ത്രിയാണെന്ന് കുഴല്നാടന് ആരോപിച്ചു. സിഎംആര്എല്ലിന് ഖനനാനുമതി നല്കാന് പിണറായി സര്ക്കാര് വ്യവസായ നയം മാറ്റിയെന്ന് വിമര്ശിച്ച കുഴല്നാടന് സ്പീക്കര്ക്കെതിരെയും രൂക്ഷ വിമര്ശനമാണ് ഉന്നയിച്ചത്. മുഖ്യമന്ത്രിക്ക് പരിച തീര്ക്കുന്നതിന് സ്പീക്കര് പരിധി വിട്ട് പെരുമാറിയെന്നായിരുന്നു വിമര്ശനം.

നിയമസഭയില് അംഗത്തിന്റെ അവകാശം നിഷേധിക്കുന്ന, ജനാധിപത്യം കശാപ്പ് ചെയ്യുന്ന നടപടിയാണ് സ്പീക്കറിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ജനാധിപത്യം കശാപ്പ് ചെയ്ത് മുഖ്യമന്ത്രിക്ക് പരിച തീര്ക്കുന്നതിന് സ്പീക്കര് പരിധി വിട്ട് പെരുമാറി. എഴുതിക്കൊടുത്ത അഴിമതി ആരോപണം ഉന്നയിക്കുന്നതിന് ഇതുവരെ തടസമുണ്ടായിട്ടില്ല. ആധികാരികമായിരിക്കണം എന്നതുകൊണ്ടാണ് സഭയില് ഉന്നയിക്കാന് ശ്രമിച്ചത്. സഭയില് പറയുന്നത് രേഖയാണ്. എഴുതി ഉന്നയിക്കുന്ന ആരോപണങ്ങളില് മറുപടി നല്കേണ്ടി വരും. തന്റെ ചോദ്യങ്ങള്ക്ക് മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമായിരുന്നു. അത് ഒഴിവാക്കാനാണ് സ്പീക്കര് ഇടപെട്ടതെന്നും മാത്യു കുഴല്നാടന് ആരോപിച്ചു.

'സിഎംആര്എല്ലില് നിന്ന് വീണാ വിജയന് പണം വാങ്ങിയെന്നതിനും അതിന് സര്വീസ് ഒന്നും ചെയ്തിട്ടില്ലെന്നതിലും ആര്ക്കും സംശയമില്ല. സിഎംആര്എല് ഇടപാടില് ഇതുവരെ പ്രതിക്കൂട്ടില് നിര്ത്തിയത് വീണ വിജയനെയായിരുന്നു. എന്നാല് മുഖ്യമന്ത്രിയാണ് യഥാര്ത്ഥ പ്രതി. സിഎംആര്എല് കമ്പനിയുടെ ഏറ്റവും വലിയ വരുമാനം കരിമണലാണ്. 2003-04 കാലഘട്ടത്തില് സിഎംആര്എല്ലിന് സര്ക്കാര് ലീസ് നല്കിയിരുന്നു. കൊല്ലം, ആലപ്പുഴ ഭാഗത്തെ കരിമണലിന് വേണ്ടിയായിരുന്നു ലീസ്. ഈ ലീസിന് 1000 കോടി മൂല്യമുണ്ട്. എന്നാല് 10 ദിവസത്തിന് ശേഷം സ്റ്റേ ചെയ്തു. പിന്നീടുള്ള വര്ഷങ്ങളിലെല്ലാം സിഎംആര്എല് ഈ ലീസ് പുനസ്ഥാപിക്കാന് ശ്രമിച്ചിട്ടുണ്ട്. എന്നാല് അതിന് ശേഷം വന്ന സര്ക്കാരുകളും ഇതിന് അനുമതി നല്കിയില്ല.

സിഎംആര്എല് കേന്ദ്ര മൈന്സ് ട്രൈബ്യുണലിനെ സമീപിച്ചിരുന്നു. എന്നിട്ടും അവര്ക്ക് അനുകൂലമായ നടപടിയുണ്ടായില്ല. 2016ല് സിഎംആര്എല്ലിന് അനുകൂലമായി കോടതി വിധി വന്നു. 2016 മെയില് പിണറായി വിജയന് സര്ക്കാര് അധികാരത്തില് വന്നതിന് പിന്നാലെ 2016 ഡിസംബര് മുതല് സിഎംആര്എല് വീണക്ക് മാസപ്പടി നല്കി തുടങ്ങി.

20-07-2018ലെ വ്യവസായ നിയമം ധാതുമണല് ഖനനം പൊതുമേഖലയ്ക്കെന്ന് വ്യക്തമാക്കുന്നതായിരുന്നു. പിന്നീട് തീരുമാനം തിരുത്തി. സിഎംആര്എല്ലിനെ സഹായിക്കാനായിരുന്നു തിരുത്തല്. ഈ സമയങ്ങളില് വീണയുടെ അക്കൗണ്ടിലേക്ക് പ്രതിമാസം എട്ട് ലക്ഷം രൂപ വീതം ലഭിച്ചു. കേന്ദ്ര ഉത്തരവിനെ തുടര്ന്നാണ് ലീസ് റദ്ദാക്കിയത്. 26-08-2019ല് സിഎംആര്എല് മുഖ്യമന്ത്രിയെ സമീപിച്ചു. 04-09-2019ല് മുഖ്യമന്ത്രി നേരിട്ട് കരിമണല് ഖനനത്തില് ഇടപെട്ടു. ഖനനം റദ്ദ് ചെയ്യാനുള്ള ഫയല് മുഖ്യമന്ത്രി തിരിച്ചുവിളിച്ചു', മാത്യു കുഴല്നാടന് ആരോപിച്ചു. വ്യവസായ പ്രിന്സിപ്പല് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്ദേശം നല്കിയതിന്റെ രേഖയും അദ്ദേഹം വാര്ത്താസമ്മേളനത്തില് പുറത്തുവിട്ടു.

'ഫയല് തിരിച്ചുവിളിച്ച മുഖ്യമന്ത്രി നേരിട്ട് യോഗം വിളിച്ചു. 2019 സെപ്റ്റംബര് 5നായിരുന്നു യോഗം. ഒക്ടോബര് 19ന് എജിയുടെ നിയമോപദേശം ലഭിച്ചു. വകുപ്പ് മന്ത്രിക്ക് മുകളില് മുഖ്യമന്ത്രി തീരുമാനമെടുത്തു', കുഴല് നാടന് വിമര്ശിച്ചു. മുഖ്യമന്ത്രി സിഎംആര്എല്ലിന് നല്കിയ സേവനത്തിനാണ് വീണക്ക് പ്രതിഫലം ലഭിച്ചത്. എന്താണ് മുഖ്യമന്ത്രിയുടെ താല്പര്യമെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും മാത്യു കുഴല്നാടന് ആവശ്യപ്പെട്ടു.

dot image
To advertise here,contact us
dot image