'സ്ത്രീ സംവരണ നിയമം പാസായില്ലേ, സ്ത്രീകൾക്ക് കൂടുതൽ സീറ്റ് നൽകണം'; സിപിഐഎമ്മിൽ ചർച്ച സജീവമാകുന്നു

സീറ്റ് വീതം വെയ്ക്കുമ്പോൾ സ്ത്രീകൾക്ക് തുല്യത ഉറപ്പ് വരുത്തണമെന്ന ആവശ്യം ഉന്നയിക്കുന്നവരിൽ പൊളിറ്റ് ബ്യൂറോ അംഗങ്ങളും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളും വരെയുണ്ട്. എന്നാൽ സ്ത്രീകൾക്ക് കൂടുതൽ പരിഗണന ലഭിക്കുമോയെന്ന ചോദ്യത്തിൽ വ്യക്തമായ ഉത്തരം നൽകാൻ നേതൃത്വത്തിനാകുന്നില്ല.
'സ്ത്രീ സംവരണ നിയമം പാസായില്ലേ, സ്ത്രീകൾക്ക് കൂടുതൽ സീറ്റ് നൽകണം'; സിപിഐഎമ്മിൽ ചർച്ച സജീവമാകുന്നു

തിരുവനന്തപുരം: സ്ത്രീ സംവരണ നിയമം പാസാക്കിയതോടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണമെന്ന ചർച്ച സിപിഐഎമ്മിൽ സജീവമാകുന്നു. സീറ്റ് വീതം വെയ്ക്കുമ്പോൾ സ്ത്രീകൾക്ക് തുല്യത ഉറപ്പ് വരുത്തണമെന്ന ആവശ്യം ഉന്നയിക്കുന്നവരിൽ പൊളിറ്റ് ബ്യൂറോ അംഗങ്ങളും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളും വരെയുണ്ട്. എന്നാൽ സ്ത്രീകൾക്ക് കൂടുതൽ പരിഗണന ലഭിക്കുമോയെന്ന ചോദ്യത്തിൽ വ്യക്തമായ ഉത്തരം നൽകാൻ നേതൃത്വത്തിനാകുന്നില്ല.

കേരം തിങ്ങും കേരള നാട്ടിൽ കെ ആർ ​ഗൗരി ഭരിച്ചീടും എന്നത്1987ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മാർക്സിസ്റ്റുകാർ ഉച്ചത്തിൽ വിളിച്ച മുദ്രാവാക്യമാണ്. പക്ഷേ മുഖ്യമന്ത്രിയായത് ഇ കെ നായനാർ ആയിരുന്നു. പിന്നെയും വന്നു വനിതാ നേതാവിനെ മുഖ്യമന്ത്രിയാക്കാനാകുന്ന ഉജ്വല മൂഹൂർത്തം. അപ്പോഴും സുശീലാ ഗോപാലനെ തഴഞ്ഞ് ഇ കെ നായനാരെ തിരഞ്ഞെടുത്തു പാർട്ടിയിലെ പുരുഷമേധാവിത്വം. ​ഗൗരിയമ്മയ്ക്കും സുശീലയ്ക്കും എത്താൻ കഴിഞ്ഞ ഏറ്റവും ഉയർന്ന പാർട്ടി ഘടകം കേന്ദ്രകമ്മിറ്റിയായിരുന്നു. പിന്നീട് ബൃന്ദാ കാരാട്ട് പൊളിറ്റ് ബ്യൂറോയിലെത്തിയെങ്കിലും ​ഗൗരിയമ്മയും സുശീലാ ഗോപാലനും അപ്രാപ്യമായതിൻെറ കുറവൊന്നും അതുകൊണ്ട് പൊറുക്കപ്പെടുന്നില്ല.പ്രകാശ് കാരാട്ടിൻെറ ഭാര്യ എന്ന നിലയിലാണ് ഒരു കാലത്ത് തന്നെ പരിഗണിച്ചത് എന്ന് ബൃന്ദ തന്നെയും തുറന്നെഴുതിയതും കണ്ടു.

എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സി പി ഐ എമ്മിൽ ദൃശ്യമാകുന്നത് മറ്റൊരു ചിത്രമാണ്. കൂടുതൽ സീറ്റുകളിൽ സ്ത്രീകൾക്ക് പരിഗണന നൽകണമെന്ന ആവശ്യം പാർട്ടിയ്ക്കുളളിൽ നിന്നു തന്നെ ഉയരുന്നു.ആ ശബ്ദത്തിൻെറ ഉടമകളിൽ പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയുണ്ട്, സംസ്ഥാന സെക്രട്ടേറിയേറ്റംഗം എം സ്വരാജുണ്ട്. പാർലമെൻറിലെ സ്ത്രീ സംവരണ നിയമം പാലിച്ച് ലോകസഭാ സീറ്റിൽ സ്ത്രീകൾക്ക് 33ശതമാനം സംവരണം നൽകണമെന്നാണ് തുല്യതക്ക് വേണ്ടി ശബ്ദം ഉയർത്തുന്നവരുടെ ആവശ്യം. കേരളത്തിലെ 20 ലോക്സഭാ സീറ്റിൽ 33 ശതമാനം സംവരണം നൽകിയാൽ 7 സീറ്റ് നൽകേണ്ടി വരും. ഇനി അതല്ല സിപിഐഎം മത്സരിക്കുന്ന 15 സീറ്റിൻെറ 33 ശതമാനമായാലും അഞ്ച് സീറ്റ് കൊടുക്കണം. എന്നാൽ എത്രവരെ കിട്ടും എന്നതാണ് ചോദ്യം.

സംവരണാനുപാതം പാലിച്ചാലും ഇല്ലെങ്കിലും വനിതാ നേതാക്കൾക്ക് കൂടുതൽ പരിഗണന നൽകണമെന്ന ആവശ്യത്തോട് പൂർണമായും മുഖം തിരിക്കാൻ പുതിയ കാലത്ത് പാർട്ടിക്ക് കഴിയില്ല. സീറ്റ് നൽകിയാൽ മാത്രം പോരാ, വിജയസാധ്യതയുളള സീറ്റുകൾ നൽകണം. കാലത്തിൻെറ ചുവരെഴുത്ത് വായിച്ച് അങ്ങനെയൊരു തീരുമാനം എടുത്താൽ കെ ആർ ​ഗൗരിയമ്മയുടെയും സുശീലാ ഗോപാലൻെറയും ഓർമ്മ നിലനിർത്താൻ വേണ്ടി സി പി ഐ എം ചെയ്യുന്ന ഏറ്റവും വലിയ ഇടപെടലാകും അത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com