'ഫ്രീക്വന്‍സി നല്‍കിയത് അജീഷിന്റെ മരണ ശേഷം മാത്രം'; കര്‍ണാടക വനം വകുപ്പിനെതിരെ ഗുരുതര ആരോപണം

പല തവണ ആവശ്യപ്പെട്ടിട്ടും കര്‍ണാടക വനം വകുപ്പ് ആനയുടെ മേല്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സിഗന്ല്‍ ലഭിക്കുന്നതിനായി ആന്റിനയും റിസീവറും നല്‍കിയില്ല
'ഫ്രീക്വന്‍സി നല്‍കിയത് അജീഷിന്റെ മരണ ശേഷം മാത്രം'; കര്‍ണാടക വനം വകുപ്പിനെതിരെ ഗുരുതര ആരോപണം

തിരുവനന്തപുരം: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ കര്‍ണാടക വനം വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി കേരള വനം വകുപ്പ്. പല തവണ ആവശ്യപ്പെട്ടിട്ടും കര്‍ണാടക വനം വകുപ്പ് ആനയുടെ മേല്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സിഗന്ല്‍ ലഭിക്കുന്നതിനായി ആന്റിനയും റിസീവറും നല്‍കിയില്ല. കാട്ടാനയെ നിരീക്ഷിക്കുന്നതിനുള്ള റേഡിയോ കോളര്‍ ഫ്രീക്വന്‍സി നല്‍കിയത് അജീഷിന്റെ മരണ ശേഷം മാത്രമാണെന്ന് കേരള വനം വകുപ്പ് ആരോപിച്ചു.

മോഴ ആനയെ ട്രാക് ചെയ്യാന്‍ ഉപകരണങ്ങള്‍ ആവശ്യപ്പെട്ട് ഈ മാസം 5ന് കേരളം കത്തുനല്‍കിയിരുന്നു. തണ്ണീര്‍ കൊമ്പന്‍ വിദഗ്ധ സമിതി ബന്ദിപ്പൂരില്‍ എത്തിയപ്പോള്‍ നേരിട്ട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ മൂന്ന് മണിക്കൂര്‍ മുമ്പുള്ള വിവരം ലഭിക്കുന്ന യൂസര്‍ നെയിമും പാസ്വേര്‍ഡും മാത്രമാണ് കര്‍ണാടക നല്‍കിയത്. ആന്റിനയും റിസീവറും സ്വകര്യമായി വാങ്ങിയിട്ടും ഫ്രീക്വന്‍സി നല്‍കിയത് അജീഷിന്റെ മരണത്തിന് ശേഷം മാത്രമാണെന്നുള്ള ആരോപണങ്ങള്‍ കര്‍ണാടകയുമായുള്ള യോഗത്തില്‍ ഉന്നയിക്കുമെന്ന് കേരള വനം വകുപ്പ് വ്യക്തമാക്കി.

പടമല മുട്ടങ്കര സ്വദേശി പനച്ചിക്കല്‍ അജിയാണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കര്‍ണാടകയില്‍ നിന്ന് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് കാട്ടില്‍ തുറന്നു വിട്ട കാട്ടാനയാണ് ഇയാളെ ആക്രമിച്ചത്. ചാലിഗദ്ധ ആദിവാസി കോളനിക്ക് സമീപമാണ് ആനയുടെ ആക്രമണമുണ്ടായത്. മതില്‍ തകര്‍ത്ത് വീട്ടിലേക്ക് കയറിവന്ന ആന അജിയെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു.

പടമലയിലെ വീട്ടിലെത്തിച്ച അജീഷിന്റെ മൃതദേഹം ഇന്ന് വൈകിട്ടോടെ സംസ്‌കരിക്കും. ഇന്നലെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ സര്‍വകക്ഷിയോഗം അംഗീകരിച്ചതിന് പിന്നാലെയാണ് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടന്നത്. രാത്രി വീട്ടിലെത്തിച്ച അജീഷിന്റെ ഭൗതികശരീരം കാണാനായി നിരവധി പേരാണ് എത്തിയത്. വീട്ടിലെ പൊതുദര്‍ശനത്തിനുശേഷം ഇന്ന് വൈകിട്ടോടെ പടമല സെന്റ് അല്‍ഫോണ്‍സ് ദേവാലയ പള്ളി സെമിത്തേരിയില്‍ അജീഷിന്റെ മൃതദേഹം സംസ്‌കരിക്കും.

റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയെ മയക്കു വെടി വെച്ചുപിടി കൂടാനുള്ള ശ്രമം ഇരുട്ടായതിനാല്‍ ഇന്നലെ വനം വകുപ്പ് ഉപേക്ഷിച്ചിരുന്നു. റേഡിയോ കോളര്‍ സിഗ്‌നല്‍ ലൊക്കേറ്റ് ചെയ്ത സമയത്ത് പടമലക്കുന്നിന് മുകളില്‍ ആയിരുന്നു കാട്ടാനയുടെ സിഗ്‌നല്‍ അവസാനമായി ലഭിച്ചത്. രാത്രി വനം വകുപ്പ് ജീവനക്കാര്‍ പ്രദേശത്ത് ആനയെ നിരീക്ഷിക്കാനായി ക്യാമ്പ് ചെയ്തിരുന്നു. രാവിലെയോടെ ആനയുടെ ലൊക്കേഷന്‍ സിഗ്‌നല്‍ ലഭിച്ചാല്‍ ഉടന്‍ മയക്കുവെടി വെച്ചു പിടികൂടാനുള്ള ശ്രമങ്ങള്‍ വനം വകുപ്പ് ആരംഭിക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com