അജീഷിന്‍റെ ജീവനെടുത്ത കാട്ടാന ചേലൂര്‍ ആദിവാസി കോളനിക്ക് സമീപം; കുംകിയാനകളെത്തി

രണ്ട് കുംകിയാനകളെയാണ് ദൗത്യത്തിനായി എത്തിച്ചിരിക്കുന്നത്
അജീഷിന്‍റെ ജീവനെടുത്ത കാട്ടാന ചേലൂര്‍ ആദിവാസി കോളനിക്ക് സമീപം; കുംകിയാനകളെത്തി

കല്‍പ്പറ്റ: പടമലയില്‍ അജീഷിനെ കൊലപ്പെടുത്തിയ കാട്ടാന നിലയുറപ്പിച്ചിരിക്കുന്നത് ചേലൂര്‍ ആദിവാസി കോളനിക്ക് സമീപം. മോഴയാനയെ മയക്കുവെടി വെച്ച് പിടികൂടുന്നതിനായി ദൗത്യം ഉടന്‍ ആരംഭിക്കും. ഇതിനായി കുംകിയാനകളെ പ്രദേശത്ത് എത്തിച്ചു. ബാവേലി ഭാഗത്തേക്കാണ് കുംകിയാനകളെ കൊണ്ടുപോകുന്നത്.

ചേലൂര്‍ കാപ്പിത്തോട്ടം മേഖലയില്‍ രാത്രിയോടെയാണ് കാട്ടാനയെത്തിയത്. ആര്‍ആര്‍ടി വിഭാഗം ആനയെ അകലമിട്ട് നിരീക്ഷിക്കുകയാണ്. രണ്ട് കുംകിയാനകളെയാണ് ദൗത്യത്തിനായി എത്തിച്ചിരിക്കുന്നത്. ആനയെ പിടികൂടിയാല്‍ മുത്തങ്ങ ക്യാമ്പിലേക്കാകും മാറ്റുക.

കാട്ടാനയെ പിടികൂടുന്നതിനായുള്ള ദൗത്യം എത്രയും പെട്ടെന്ന് തന്നെ ആരംഭിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. ആനയെ മയക്കുവെടി വെച്ച് മുത്തങ്ങയിലേക്ക് കൊണ്ടുപോകും. അവിടെയായിരിക്കും നിരീക്ഷണത്തില്‍ വെക്കുക. ആനയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ഉള്‍ക്കാട്ടിലേക്ക് വിടുകയോ ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റുകയോ ചെയ്യും. തണ്ണീര്‍ കൊമ്പന്‍ മുന്‍ അനുഭവമായി മുന്നിലുള്ളതിനാല്‍ ജാഗ്രത പാലിച്ച് മാത്രമേ നടപടികള്‍ തുടങ്ങുകയുള്ളൂ എന്ന് വനം മന്ത്രി പറഞ്ഞു.

കര്‍ണാടക വനം വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി കേരള വനം വകുപ്പ് രംഗത്തെത്തിയിട്ടുണ്ട്. പല തവണ ആവശ്യപ്പെട്ടിട്ടും കര്‍ണാടക വനം വകുപ്പ് ആനയുടെ മേല്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സിഗന്ല്‍ ലഭിക്കുന്നതിനായി ആന്റിനയും റിസീവറും നല്‍കിയില്ല. കാട്ടാനയെ നിരീക്ഷിക്കുന്നതിനുള്ള റേഡിയോ കോളര്‍ ഫ്രീക്വന്‍സി നല്‍കിയത് അജീഷിന്റെ മരണ ശേഷം മാത്രമാണെന്ന് കേരള വനം വകുപ്പ് ആരോപിച്ചു.

മോഴ ആനയെ ട്രാക് ചെയ്യാന്‍ ഉപകരണങ്ങള്‍ ആവശ്യപ്പെട്ട് ഈ മാസം 5ന് കേരളം കത്തുനല്‍കിയിരുന്നു. തണ്ണീര്‍ കൊമ്പന്‍ വിദഗ്ധ സമിതി ബന്ദിപ്പൂരില്‍ എത്തിയപ്പോള്‍ നേരിട്ട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ മൂന്ന് മണിക്കൂര്‍ മുമ്പുള്ള വിവരം ലഭിക്കുന്ന യൂസര്‍ നെയിമും പാസ്വേര്‍ഡും മാത്രമാണ് കര്‍ണാടക നല്‍കിയത്. ആന്റിനയും റിസീവറും സ്വകാര്യമായി വാങ്ങിയിട്ടും ഫ്രീക്വന്‍സി നല്‍കിയത് അജീഷിന്റെ മരണത്തിന് ശേഷം മാത്രമാണെന്നുമുള്ള ആരോപണങ്ങള്‍ കര്‍ണാടകയുമായുള്ള യോഗത്തില്‍ ഉന്നയിക്കുമെന്ന് കേരള വനം വകുപ്പ് വ്യക്തമാക്കി.

പടമല മുട്ടങ്കര സ്വദേശി പനച്ചിക്കല്‍ അജിയാണ് ഇന്നലെ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കര്‍ണാടകയില്‍ നിന്ന് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് കാട്ടില്‍ തുറന്നു വിട്ട കാട്ടാനയാണ് ഇയാളെ ആക്രമിച്ചത്. ചാലിഗദ്ധ ആദിവാസി കോളനിക്ക് സമീപമാണ് ആനയുടെ ആക്രമണമുണ്ടായത്. മതില്‍ തകര്‍ത്ത് വീട്ടിലേക്ക് കയറിവന്ന ആന അജിയെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com