നാട്ടിലിറങ്ങി ജീവന്‍ എടുത്തത് റേഡിയോ കോളർ ഘടിപ്പിച്ച ആന; സിഗ്നൽ ട്രാക്ക് ചെയ്യുന്നതില്‍ വീഴ്ച

റേഡിയോ കോളർ ധരിപ്പിച്ച കാട്ടാനകളായിരുന്നുവെങ്കിലും സിഗ്നൽ ട്രാക്ക് ചെയ്യുന്നതിലെ വീഴ്ചയാണ് ഒരാളുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായത്
നാട്ടിലിറങ്ങി ജീവന്‍ എടുത്തത് റേഡിയോ കോളർ ഘടിപ്പിച്ച ആന; സിഗ്നൽ ട്രാക്ക് ചെയ്യുന്നതില്‍ വീഴ്ച

മാനന്തവാടി: വയനാട് കാട്ടാന ഒരാളുടെ ജീവനെടുത്ത സംഭവത്തില്‍ റേഡിയോ കോളർ സിഗ്നൽ ട്രാക്ക് ചെയ്യുന്നതില്‍ വീഴ്ച. മാനന്തവാടിയിൽ ഒരാഴ്ച മുമ്പെത്തിയ തണ്ണീർക്കൊമ്പനൊപ്പം കാടിറങ്ങിയ മോഴയാനയാണ് മാനന്തവാടിയില്‍ ഒരാളുടെ ജീവനെടുത്തത്. റേഡിയോ കോളർ ധരിപ്പിച്ച കാട്ടാനകളായിരുന്നുവെങ്കിലും സിഗ്നൽ ട്രാക്ക് ചെയ്യുന്നതിലെ വീഴ്ചയാണ് ഒരാളുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായത്. സിഗ്നൽ വിവരം യഥാസമയം കർണാടക നൽകുന്നില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. എന്നാല്‍ ഇത് കർണാടക വനം വകുപ്പ് തള്ളി.

തണ്ണീർ കൊമ്പൻ ചെരിഞ്ഞതിന് പിന്നാലെയാണ് കർണാടകയിൽ നിന്ന്  മറ്റൊരു ആന വനാതിർത്തി കടന്ന് കേരളത്തില്‍ എത്തിയത്. ആനയെ നിരീക്ഷിക്കുന്നുണ്ടെന്ന് വയനാട് സൗത്ത് ഡിഎഫ്ഒ  ഒരാഴ്ച മുമ്പ്  അറിയിച്ചിരുന്നു. പക്ഷേ വനംവകുപ്പറിയാതെ ആന നാട്ടിലിറങ്ങി ജനവാസ മേഖലയിൽ ഭീതിവിതച്ച് കറങ്ങി. റേഡിയോ കോളർ ധരിപ്പിച്ച ആനയെ ട്രാക്ക് ചെയ്യുന്നതിൽ പിഴവ് സംഭവിച്ചുവെന്ന് വ്യക്തം. കേരള -കർണാടക വനം വകുപ്പുകൾ ഇക്കാര്യത്തിൽ പരസ്പരം പഴിചാരുകയാണ്. കർണാടക വനംവകുപ്പ് കൃത്യമായി വിവരങ്ങൾ കൈമാറുന്നില്ലെന്ന് വനംമന്ത്രി ആരോപിക്കുന്നു

തണ്ണീർ കൊമ്പനും 30 കിലോമീറ്റർ സഞ്ചരിച്ചാണ് മാനന്തവാടി ടൗണിലെത്തിയത്. അതിന് ശേഷമാണ് വിവരം വനംവകുപ്പ് അറിയുന്നത്. മോഴയാനയും കർണാടക അതിർത്തി കടന്നെത്തിയ കാര്യം വനംവകുപ്പ് അറിഞ്ഞിരുന്നില്ല. പക്ഷേ ആനയുടെ സാന്നിധ്യം രാത്രി തന്നെ നാട്ടുകാർ മനസ്സിലാക്കി. വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ മുന്നറിയിപ്പുകൾ പങ്കുവെച്ചത് നാട്ടുകാരിൽ ചിലരാണ്. അഞ്ചു ദിവസം മുമ്പ് വയനാട് വനം ഡിവിഷന് കീഴിലുള്ള പാതിരി സെക്ഷനിൽ ആനയെത്തിയെന്നാണ് വിവരം. എന്നാൽ നിരീക്ഷണത്തിൽ വന്ന വീഴ്ച ഒരാളുടെ ജീവന്‍ നഷ്ടപെടാന്‍ കാരണമായി. എന്നാല്‍ വിവരങ്ങൾ കൈമാറ്റം ചെയ്യുന്നതിൽ അപാകത ഉണ്ടായിട്ടില്ല എന്നാണ് കർണാടക വനംവകുപ്പിന്റെ വാദം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com