ലോകസഭാ തിരഞ്ഞെടുപ്പ്; സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്ക് കടന്ന് ഇടതുപാർട്ടികൾ

സിപിഐ സ്ഥാനാർത്ഥികളെ യഥാസമയം പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു

dot image

തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പിൻെറ സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്ക് കടന്ന് ഇടതുപാർട്ടികൾ. ഇന്ന് രാവിലെ തുടങ്ങിയ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് സ്ഥാനാർത്ഥി നിർണയ നടപടികൾക്ക് തുടക്കം കുറിക്കും. നാളെ നടക്കുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റും സ്ഥാനർത്ഥികളെ കണ്ടെത്താനുളള ചർച്ചകളിലേക്ക് കടന്നേക്കും. സിപിഐ സ്ഥാനാർത്ഥികളെ യഥാസമയം പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ശേഷം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്ന പതിവ് രീതി മാറ്റി നേരത്തെ അവതരിപ്പിക്കണോ എന്ന ആശയക്കുഴപ്പത്തിലാണ് സിപിഐ. പാർട്ടി മത്സരിക്കുന്ന തൃശൂർ സീറ്റിൽ സ്ഥാനാർത്ഥികളെ അവതരിപ്പിച്ച് യുഡിഎഫും ബിജെപിയും മുന്നോട്ടുപോകുന്നത് കൊണ്ടാണ് ഈ ആശയക്കുഴപ്പം. സാമ്പ്രദായിക രീതി മാറ്റി നേരത്തെ പ്രഖ്യാപനം വേണമെന്ന് കഴിഞ്ഞ എക്സിക്യൂട്ടീവിൽ നേതാക്കൾ ആവശ്യം ഉന്നയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ തീരുമാനമെടുത്തേ സ്ഥാനാർത്ഥി ചർച്ചയിലേക്ക് കടക്കാനാവൂ.

ഈ മാസം പകുതിയോടെ സ്ഥാനാർത്ഥി നിർണയം നടക്കുമെന്ന് പ്രഖ്യാപിച്ചിട്ടുളള സിപിഐഎം നാളെത്തെ യോഗത്തിൽ നടപടിയിലേക്ക് കടന്നേക്കും.15 സീറ്റിൽ മത്സരിക്കുന്ന പാർട്ടിക്ക് പലയിടത്തും അനുയോജ്യരായ സ്ഥാനാർത്ഥികളില്ല. ആലപ്പുഴയിൽ സിറ്റിങ്ങ് എംപിയെ മത്സരിപ്പിക്കുന്നതിനെ ചൊല്ലി ഭിന്നതയുമുണ്ട്. മുന്നണിയിലെ സീറ്റ് വിഭജനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിനായി നാളെ എല്ഡിഎഫ് നേതൃയോഗം ചേരുന്നുണ്ട്.

dot image
To advertise here,contact us
dot image