കേരളത്തിന്റെ നേട്ടങ്ങൾക്ക് ശിക്ഷിക്കപ്പെടണോ? കേന്ദ്ര നികുതി വിഹിത കണക്കുകൾ അവാസ്തവ‌മെന്ന് എളമരം കരീം

കേരളത്തിന് 1.9 ശതമാനം മാത്രമാണ് പതിനഞ്ചാം ധനകാര്യ കമ്മീഷൻ നൽകിയത്
കേരളത്തിന്റെ നേട്ടങ്ങൾക്ക് ശിക്ഷിക്കപ്പെടണോ? കേന്ദ്ര നികുതി വിഹിത കണക്കുകൾ അവാസ്തവ‌മെന്ന് എളമരം കരീം

ഡൽഹി: കേന്ദ്ര നികുതി വിഹിത കണക്കുകൾ അവാസ്തവ‌മെന്ന് സിപിഐഎം നേതാവും രാജ്യസഭാം​ഗവുമായ എളമരം കരീം. കേന്ദ്രധനമന്ത്രി പാർലമെൻ്റിനെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിൻ്റെ പ്രതിഷേധത്തിൻ്റെ പ്രതിഫലനമാണ് ധനകാര്യ മന്ത്രിയുടെ പ്രസ്താവനയ്ക്ക് കാരണം. കേരളത്തിന് 1.9 ശതമാനം മാത്രമാണ് പതിനഞ്ചാം ധനകാര്യ കമ്മീഷൻ നൽകിയത്. കേന്ദ്രാവിഷ്കൃത പദ്ധതികൾ നൽകുന്നത് ഔദാര്യമല്ല. വിഷയം ചർച്ച ചെയ്യാൻ കേന്ദ്രം അനുവദിക്കുന്നില്ലെന്നും ഭരണഘടനാ വിരുദ്ധമായാണ് കേന്ദ്രം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സെസും സർച്ചാർജും 28 ശതമാനമാണ് കേന്ദ്രം ഉയർത്തിയത്. ജിഎസ്ടി ആക്ട് അനുസരിച്ച് നഷ്ടം നികത്തുന്നത് ഔദാര്യമല്ല, അവകാശമാണ്. കേന്ദ്ര ഗ്രാൻ്റുകൾ വർദ്ധിച്ചു എന്ന് പറയുന്നതും തെറ്റാണ്. ഇക്കാര്യങ്ങൾ ഉന്നയിക്കാൻ പ്രതിപക്ഷങ്ങളെ അനുവദിക്കുന്നില്ല. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം കുറച്ചു. കിഫ്ബിയും പെൻഷൻ കമ്പനിയുടെ കടം പൊതുകടമായി ചേർത്തതുമാണ് കാരണമായി പറയുന്നത്.

സാമൂഹ്യക്ഷേമ പദ്ധതികളെ തകർക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. കേരളത്തിൻ്റെ സമരത്തിന് വലിയ പിന്തുണ ലഭിച്ചപ്പോൾ രക്ഷപ്പെടാൻ വേണ്ടിയാണ് തെറ്റായ കണക്കുകൾ വച്ചത്. കേന്ദ്രസർക്കാരിൻ്റെ പക്കൽ ഒരു ഡാറ്റയും ഇല്ല. കേരളം നേടിയ നേട്ടങ്ങൾക്ക് ശിക്ഷിക്കപ്പെടണോ? ജനസംഖ്യ അടിസ്ഥാനത്തിൽ ആണ് വിഹിതമെങ്കിൽ വീണ്ടും തിരിച്ചടിയാകും.

വൈറ്റ് പേപ്പർ രാഷ്ട്രീയ പ്രചരണ ആയുധം മാത്രമാണ്. കേരളത്തിലെ സാമ്പത്തിക പ്രശ്നങ്ങൾ കോൺഗ്രസ് എംപിമാർ ഉന്നയിക്കുന്നില്ല. ഇത് അഖിലേന്ത്യാ നേതൃത്വത്തിൻ്റെ നിലപാടിന് വിരുദ്ധമാണ്. എംപിമാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകില്ല. ധനമന്ത്രി മണിക്കൂറോളം സംസാരിക്കുന്നു. എംപിമാർക്ക് സമയം അനുവദിക്കുന്നില്ലെന്നും എളമരം കരീം പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com