പാലക്കാട് ആത്മവിശ്വാസത്തോടെ യുഡിഎഫ്, തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫ്, വിധി ആർക്കൊപ്പം?

കോണ്‍ഗ്രസ് നേതാവ് വി കെ ശ്രീകണ്ഠനും എംബി രാജേഷും അവസാനം വരെ ഇഞ്ചോടിഞ്ച് പോരാടിയ പാലക്കാട് പതിനൊന്നായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് പോക്കറ്റിലാക്കുകയായിരുന്നു
പാലക്കാട് ആത്മവിശ്വാസത്തോടെ യുഡിഎഫ്, തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫ്, വിധി ആർക്കൊപ്പം?

തുടര്‍ച്ചയായി ആറ് തവണ ഇടതുപക്ഷത്തിനൊപ്പം നിന്ന ലോക്‌സഭാ മണ്ഡലമാണ് പാലക്കാട്. എന്‍എന്‍ കൃഷ്ണദാസിന് ശേഷം എംബി രാജേഷിലൂടെ സിപിഐഎം നിലനിര്‍ത്തിയ പാലക്കാട് 2019 ലെ യുഡിഎഫ് തരംഗത്തിനൊപ്പം പോവുകയായിരുന്നു. കോണ്‍ഗ്രസ് നേതാവ് വി കെ ശ്രീകണ്ഠനും എംബി രാജേഷും അവസാനം വരെ ഇഞ്ചോടിഞ്ച് പോരാടിയ പാലക്കാട് പതിനൊന്നായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് പോക്കറ്റിലാക്കുകയായിരുന്നു. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിനൊരുങ്ങുമ്പോള്‍ പാലക്കാട് മണ്ഡലം ആർക്കൊപ്പമായിരിക്കും?

ഏത് വിധേനയും മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്. എം സ്വരാജ്, പി എ ഗോകുല്‍ ദാസ്, എന്‍എന്‍ കൃഷ്ണദാസ് എന്നിവരുടെ പേരുകളാണ് സാധ്യത പട്ടികയിലുള്ളത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിറ്റിംഗ് എംപി വി കെ ശ്രീകണ്ഠനെ തന്നെ മത്സരിപ്പിച്ചേക്കും. ബിജെപി കണ്ണുവെച്ച ആറ് മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. ഇത്തവണയും ബിജെപി സി കൃഷ്ണകുമാറിനെ തന്നെ രംഗത്തിറക്കാനാണ് സാധ്യത.

1957 ല്‍ തുടങ്ങുന്നതാണ് പാലക്കാടിന്റെ ലോക്‌സഭാ ചരിത്രം. 1977 ല്‍ സുന്നാ സാഹിബിലൂടെ കൈപ്പിടിയിലാക്കിയ മണ്ഡലം 1980, 1984, 1991 വര്‍ഷങ്ങളില്‍ വി എസ് വിജയരാഘവനും 2019 ല്‍ വി കെ ശ്രീകണ്ഠനും വിജയിച്ചതൊഴിച്ചാല്‍ എല്‍ഡിഎഫിനൊപ്പം നിന്ന ചരിത്രമാണ്. സിപിഐയുടെ പി കെ കുഞ്ഞനിലൂടെ 1957 ലായിരുന്നു ഇടതിന്റെ ആദ്യജയം. പിന്നീട് ഇ കെ നായനാരും എ കെ ഗോപാലനും പാലക്കാട്ട് നിന്നാണ് ലോക്‌സഭയിലേക്ക് എത്തിയത്. തുടര്‍ച്ചയായ എന്‍ എന്‍ കൃഷ്ണദാസിന്റെ വിജയത്തിന് ശേഷം 2009 ല്‍ കോണ്‍ഗ്രസിന്റെ സതീശന്‍ പാച്ചേനിയെ 1820 വോട്ടിന് പരാജയപ്പെടുത്തിയാണ് എം ബി രാജേഷിന്റെ ആദ്യ വിജയം. പിന്നീട് 2014 ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സോഷ്യലിസ്റ്റ് ജനതാ നേതാവ് എം പി വീരേന്ദ്ര കുമാറിനെ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി എം ബി രാജേഷ് വീണ്ടും പാര്‍ലമെന്റിലെത്തി. 2019 ലെ തിരഞ്ഞെടുപ്പില്‍ വി കെ ശ്രീകണ്ഠനോട് കാലിടറിയത് എംബി രാജേഷിന് കനത്ത തിരിച്ചടിയായിരുന്നു.

പട്ടാമ്പി, ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് പാലക്കാട് ലോക്‌സഭാ മണ്ഡലം. 2019 ല്‍ 3,99,274 വോട്ട് വി കെ ശ്രീകണ്ഠന് ലഭിച്ചപ്പോള്‍ 3,87,637 വോട്ട് എംബി രാജേഷും 2,18, 556 വോട്ട് ബിജെപിയുടെ സി കൃഷ്ണദാസും പെട്ടിയിലാക്കി. കഴിഞ്ഞ തവണ യുഡിഎഫിനെ തുണച്ചത് മണ്ണാര്‍ക്കാട് ആയിരുന്നു. മണ്ണാര്‍ക്കാട്ടെ സിപിഐഎമ്മിന് അകത്തുണ്ടായ വിഭാഗീയത വോട്ടില്‍ പ്രകടമായെന്നാണ് വിലയിരുത്തല്‍. അതിനാല്‍ ഇത്തവണ ബൂത്ത് തലം മുതലുള്ള പ്രവർത്തനങ്ങള്‍ക്ക് സിപിഐഎം തുടക്കമിട്ടു കഴിഞ്ഞു.

വി കെ ശ്രീകണ്ഠന്റെ പ്രവര്‍ത്തനം മുന്‍നിര്‍ത്തി വോട്ട് പിടിക്കാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുക. കഴിഞ്ഞ തവണ ഒപ്പം നിന്ന മണ്ണാര്‍ക്കാടും പാലക്കാടും ഇത്തണ പ്രചാരണം സജീവമാക്കാനും പദ്ധതിയുണ്ട്. ബിജെപിയെ സംബന്ധിച്ച് എ ക്ലാസ് മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ തവണ ത്രികോണ മത്സരം കാഴ്ച്ച വെച്ച പാലക്കാട് ഇത്തവണ ബിജെപിയും പ്രചാരണം കൊഴുപ്പിക്കുന്നതോടെ വിജയം ആര്‍ക്കൊപ്പമായിരിക്കുമെന്നത് കാത്തിരുന്ന് കാണാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com