കായംകുളത്ത് പാർട്ടി കാലുവാരി തോൽപ്പിച്ചു; സിപിഐഎമ്മിനെ വെട്ടിലാക്കി വീണ്ടും ജി സുധാകരൻ

'സിപിഐഎം നേതാവ് കെ കെ ചെല്ലപ്പൻ ഇലക്ഷൻ കമ്മിറ്റി സെക്രട്ടറിയായിട്ടും തനിക്ക് എതിരെ നിന്നു. തനിക്ക് വോട്ട് ചെയ്യരുതെന്ന് നടന്ന് പറഞ്ഞു'
കായംകുളത്ത് പാർട്ടി കാലുവാരി തോൽപ്പിച്ചു; സിപിഐഎമ്മിനെ വെട്ടിലാക്കി വീണ്ടും ജി സുധാകരൻ

ആലപ്പുഴ: കായംകുളത്ത് മൽസരിച്ചപ്പോൾ കാലുവാരിയെന്ന് തുറന്ന് പറഞ്ഞ് മുൻ മന്ത്രി ജി സുധാകരൻ. കായംകുളത്ത് 2001 ൽ താൻ തോറ്റത് കാലുവാരിയതു കൊണ്ടാണെന്നാണ് ജി സുധാകരൻ്റെ ആരോപണം. കായംകുളം താലൂക്ക് വരെ പ്രഖ്യാപിച്ചിട്ടും വോട്ട്കിട്ടിയില്ലെന്ന് സുധാകരൻ പറഞ്ഞു. കാലുവാരൽ കലയായി കൊണ്ടു നടക്കുന്നവർ കായംകുളത്തുണ്ടെന്നും സുധാകരൻ ആരോപിച്ചു.

പാർട്ടി കേന്ദ്രമായ പത്തിയൂരിൽ സിപിഐഎം പ്രവർത്തകരുടെ വീട് ഒരു വിഭാഗം എറിഞ്ഞു തകർത്തു. മനസ്സിൽ ഒന്നു കരുതുക, പുറകിൽ ഉടുപ്പിനടിയിൽ കഠാര ഒളിപ്പിച്ചു പിടിക്കുക,കുത്തുക ഇതാണ് പലരുടെയും ശൈലി. ഇടതുപക്ഷക്കാരുടെ മനസ് ശുദ്ധമായിരിക്കണമെന്നും സുധാകരൻ പറഞ്ഞു. സോഷ്യലിസ്റ്റ് നേതാവ് പി എ ഹാരീസ് അനുസ്മരണ പ്രസംഗത്തിലായിരുന്നു സിപിഐഎമ്മിനെ വെട്ടിലാക്കുന്ന സുധാകരൻ്റെ തുറന്ന് പറച്ചിൽ. നേരത്തെയും കായംകുളത്തെ കാലുവാരലിനെക്കുറിച്ച് സുധാകരൻ പറഞ്ഞിട്ടുണ്ട്.

കായംകുളത്തെ തോൽവിയുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് സുധാകരൻ്റെ ഭാഗത്ത് നിന്നും ഉണ്ടായത്. കായംകുളത്ത് മത്സരിക്കുമ്പോൾ ഓരോ ദിവസവും കാല് വാരൽ നേരിട്ടു. സിപിഐഎം നേതാവ് കെ കെ ചെല്ലപ്പൻ ഇലക്ഷൻ കമ്മിറ്റി സെക്രട്ടറിയായിട്ടും തനിക്ക് എതിരെ നിന്നു. തനിക്ക് വോട്ട് ചെയ്യരുതെന്ന് നടന്ന് പറഞ്ഞു. മുന്നൂറ് വോട്ടാണ് ആ ഭാഗത്ത് മറിഞ്ഞത്. കായംകുളത്ത് മത്സരിച്ചപ്പോൾ ആർഎസ്എസും പിഡിപിയുമെല്ലാം വോട്ട് മറിച്ചുവെന്നും സുധാകരൻ വ്യക്തമാക്കി. കാലുവാരൽ കലയായി കൊണ്ടു നടക്കുന്നവർ കായംകുളത്തുണ്ടെന്നും സുധാകരൻ അനുസ്മരിച്ചു.

തന്നോട് പാർട്ടി ശക്തികേന്ദ്രമായ മാരാരിക്കുളത്തും മാവേലിക്കരയിലും മൽസരിക്കാൻ പറഞ്ഞിട്ടുണ്ട്. എന്നാൽ താൻ മൽസരിച്ചത് യുഡിഎഫ് സ്വാധീനമണ്ഡലങ്ങളിലാണെന്നും സുധാകരൻ ചൂണ്ടിക്കാണിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com