ചരിത്രം ഓർമ്മിപ്പിച്ച്, നിലപാട് പറഞ്ഞ് കോൺഗ്രസിൻ്റെ പലസ്തീൻ ഐക്യദാർഢ്യ റാലി

കോഴിക്കോട് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ പലസ്തീന്‍ വിഷയത്തിലെ നിലപാടില്‍ വ്യക്തത വരുത്തിയത്
ചരിത്രം ഓർമ്മിപ്പിച്ച്, നിലപാട് പറഞ്ഞ് കോൺഗ്രസിൻ്റെ പലസ്തീൻ ഐക്യദാർഢ്യ റാലി

കോഴിക്കോട്: പലസ്തീന്‍ വിഷയത്തില്‍ ഗാന്ധിയും നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും സ്വീകരിച്ച നിലപാടുകള്‍ വിശദീകരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. കോഴിക്കോട് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ പലസ്തീന്‍ വിഷയത്തിലെ നിലപാടില്‍ വ്യക്തത വരുത്തിയത്.

ലോകത്ത് മനുഷ്യത്വം തകർന്നടിഞ്ഞിടത്ത് പ്രതിരോധിക്കാൻ കോൺഗ്രസ് ഉണ്ടായിട്ടുണ്ടെന്നായിരുന്നു ആദ്യം സംസാരിച്ച കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ വ്യക്തമാക്കിയത്. കോൺഗ്രസിന്റെ പരമ്പരാഗത രീതി. ഗാന്ധിയുടെയും നെഹ്റുവിന്റെയും കാലം തൊട്ട് കോൺഗ്രസ് പലസ്തീനോടൊപ്പമെന്ന് ചൂണ്ടിക്കാണിച്ച സുധാകരൻ നെഹ്റുവിന്റെ പൈതൃകമാണ് കോൺഗ്രസ് പൈതൃകമെന്നും വ്യക്തമാക്കി. നരേന്ദ്ര മോദി വംശീയവാദിയാണെന്നും ഗുജറാത്തിൽ നടന്നതാണ് പലസ്തീനിൽ നടക്കുന്നതെന്നും സുധാകരൻ വിമർശിച്ചു.

പലസ്തീന്‍ വിഷയത്തില്‍ നയം രൂപപ്പെടുത്തി കോണ്‍ഗ്രസിന് നല്‍കിയത് മഹാത്മാ ഗാന്ധിയാണെന്ന് എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കി. നെഹ്‌റു അത് ഏറ്റെടുത്തു. പലസ്തീനിലേക്ക് അംബാസിഡറെ അയച്ചത് കോണ്‍ഗ്രസ് ഭരിച്ച ഇന്ത്യയായിരുന്നു. അറബ് രാജ്യങ്ങളുടെ മകളും സഹോദരിയും ആയിരുന്നു ഇന്ദിരാ ഗാന്ധി. ലോകമുറ്റ് നോക്കിയ യാസര്‍ അറാഫത്തിന്റെ പ്രമേയം അംഗീകരിച്ച പ്രധാനമന്ത്രിയാണ് ഇന്ദിരയെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

സിപിഐഎമ്മിനെതിരെ വിമർശനം ഉന്നയിച്ചായിരുന്നു വി ഡി സതീശൻ സംസാരിച്ചത്. ചില പുത്തൻ കൂറ്റുകാർക്ക് ചില സംശയങ്ങൾ ഉണ്ട്. അവർക്ക് അവരുടെ ചരിത്രം ഓർമ്മയില്ല. ഇസ്രയേൽ വേണമെന്ന് ലോകത്ത് ആദ്യമായി ആവശ്യപ്പെട്ടത് സ്റ്റാലിന്റെ കമ്മ്യൂണിസ്റ്റ് റഷ്യയാണ്. ജ്യോതി ബസുവിൻ്റെ സംഘമാണ് ആദ്യമായി ഇന്ത്യയിൽ നിന്ന് ഇസ്രയേലിൽ പോയത്. എന്നിട്ട് അവരാണ് കോൺഗ്രസിനെ കുറിച്ച് സംശയം പറയുന്നത് എന്നായിരുന്നു സിപിഐഎമ്മിനെതിരായ വിഡി സതീശൻ്റെ പരോക്ഷ വിമർശനം. വോട്ടുകൾക്ക് വേണ്ടിയില്ല കോൺഗ്രസ് പലസ്തീൻ ഐക്യദാർഢ്യ നിലപാട് എടുക്കുന്നത്, അത് നയമാണെന്നും വിഡി സതീശൻ വ്യക്തമാക്കിയിരുന്നു.

ഇതിനിടെ ശശി തരൂരിനെതിരെ കെ മുരളീധരൻ ഒളിയമ്പെയ്തതും ശ്രദ്ധേയമായി. ഒക്ടോബർ 7 ന് സംഭവിച്ചത് ഭീകരാക്രമണല്ലെന്നും ആർക്കെങ്കിലും സംശയം ഉണ്ടെങ്കിൽ അതിന് അടിസ്ഥാനം ഇല്ലെന്നും ആയിരുന്നു ശശി തരൂരിനെ വേദിയിൽ ഇരുത്തി കെ മുരളീധരൻ്റെ തിരുത്ത്. തൻ്റെ ഊഴം വന്നപ്പോൾ ശശി തരൂർ കെ മുരളീധരന് പരോക്ഷ മറുപടി നൽകിയതും ശ്രദ്ധേയമായി. യാസർ അറഫാത്തുമായുള്ള ബന്ധം ഓർമ്മിപ്പിച്ച് ആരും തന്നെ പഠിപ്പിക്കേണ്ടതില്ലന്നായിരുന്നു തരൂരിൻ്റെ പരാമർശം.

സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളും കോണ്‍ഗ്രസ് വേദിയില്‍ എത്തിയിരുന്നു. കോണ്‍ഗ്രസിനെ പുകഴ്ത്തിയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസംഗം. കോണ്‍ഗ്രസുകാര്‍ പ്രസംഗിച്ചു നടന്നാല്‍ പോര, പ്രവര്‍ത്തിക്കണം എന്ന് സിവില്‍ കോഡ് വേദിയില്‍ വെച്ചു പറഞ്ഞു. ആ പ്രവര്‍ത്തനം ആണ് എട്ടു ദിവസം കൊണ്ട് ഇവിടെ കണ്ടത്. കോണ്‍ഗ്രസ് സട കുടഞ്ഞ് എണിറ്റാല്‍ അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിയും. കോണ്‍ഗ്രസ് മുന്നില്‍ നിന്ന് നയിക്കേണ്ട അടിത്തറയുള്ള പാര്‍ട്ടിയാണെന്നും സമസ്ത അധ്യക്ഷന്‍ പറഞ്ഞു.

ലീഗ് കോണ്‍ഗ്രസ് ബന്ധം ഊഷ്മളമാണെന്ന പ്രഖ്യാപനമായിരുന്നു റാലിയില്‍ സംസാരിച്ച മുസ്ലിം ലീഗ് നേതാക്കളുടെ വാക്കുകള്‍. കോണ്‍ഗ്രസ് പാരമ്പര്യം കാത്ത് സൂക്ഷിച്ചുവെന്നും കോണ്‍ഗ്രസ് ലീഗ് ബന്ധം ശക്തമായി തുടരുമെന്നും പലസ്തീന്‍ ഐക്യദാര്‍ഢ്യ വേദിയില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. മുസ്ലിം ലീഗ് നിലപാടില്‍ ഉറച്ച് നില്‍ക്കും. വിളികളും ഉള്‍വിളികളും ഒക്കെ ഉണ്ടാകും. പക്ഷേ അധികാരമല്ല നിലപാടാണ് മുന്നണി ബന്ധത്തെ ഊട്ടി ഉറപ്പിക്കുന്നതെന്നും തങ്ങള്‍ വ്യക്തമാക്കി.

സിപിഐഎമ്മിനെ വിമര്‍ശിച്ചാണ് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി വേദിയില്‍ പ്രസംഗിച്ചത്. ഉമ്മറപ്പടിയിലിരുന്നോ വേലിപ്പുറത്തിരുന്നോ നയം പറഞ്ഞിട്ട് കാര്യമില്ല. ഇന്‍ഡ്യ മുന്നണിയിലെത്തി നിലപാട് പറയണം. സിപിഐഎമ്മിനെ പോലെ ഇന്‍ഡ്യ മുന്നണിയുടെ ഉമ്മറപ്പടിയിലിരിക്കുന്നവരല്ല ലീഗ് എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ നിലപാട്.

പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് നിലപാടില്ലെന്ന വിമര്‍ശനങ്ങള്‍ സിപിഐഎം നിരന്തരം ഉന്നയിച്ച പശ്ചാത്തലത്തിലായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ പലസ്തീന്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. നേരത്തെ മുസ്ലിം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ഹമാസ് നടത്തിയത് ഭീകരാക്രമണമാണെന്ന് ശശി തരൂര്‍ പറഞ്ഞത് വിവാദമായിരുന്നു. കോണ്‍ഗ്രസ് പലസ്തീനൊപ്പമല്ല ഇസ്രയേലിന് ഒപ്പമാണെന്ന വിമര്‍ശനങ്ങള്‍ക്കും തരൂരിന്റെ പ്രസ്താവന വഴിതെളിച്ചിരുന്നു. സിപിഐഎം കോഴിക്കോട് പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചതോടെ കോൺഗ്രസ് ഈ വിഷയത്തിൽ പ്രതികരിക്കുന്നില്ലെന്ന വിമർശനം ശക്തമായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു കോഴിക്കോട് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com