'കായികമായി നേരിടാനാണ് നീക്കമെങ്കിൽ മുഖ്യമന്ത്രി തിരുവനന്തപുരം വരെ കരിങ്കൊടി കാണും'; വി ഡി സതീശൻ

നവകേരള സദസിന്റെ പേരിൽ സിപിഐഎം ക്രിമിനലുകൾ അഴിഞ്ഞാട്ടമാണ് നടത്തുന്നത്
'കായികമായി നേരിടാനാണ് നീക്കമെങ്കിൽ മുഖ്യമന്ത്രി തിരുവനന്തപുരം വരെ കരിങ്കൊടി കാണും'; വി ഡി സതീശൻ

തിരുവനന്തപുരം: നവകേരള സദസിന്റെ പേരിൽ സിപിഐഎം ക്രിമിനലുകൾ അഴിഞ്ഞാടുന്നുവെന്നും പ്രതിഷേധങ്ങളെ കായികമായി നേരിടാനാണ് നീക്കമെങ്കിൽ മുഖ്യമന്ത്രി തിരുവനന്തപുരം വരെ കരിങ്കൊടി കാണുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കണ്ണൂരിൽ നവകേരള ബസിന് നേരെ കരിങ്കൊടി കാണിച്ച കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവന.

നവകേരള സദസിന്റെ പേരിൽ സിപിഐഎം ക്രിമിനലുകൾ അഴിഞ്ഞാട്ടമാണ് നടത്തുന്നത്. കല്യാശ്ശേരിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് - കെ എസ് യു പ്രവർത്തകരെ സിപിഐഎം-ഡിവൈഎഫ്ഐ ക്രിമനലുകൾ തല്ലിച്ചതച്ചു. വനിതാ പ്രവർത്തകരെ പോലും ഒരു സംഘം ഗുണ്ടകൾ കായികമായി നേരിടുന്നത് കേരളത്തിന് അപമാനമാണെന്നും പ്രസ്താവനയിൽ വി ഡി സതീശൻ വ്യക്തമാക്കി.

ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട് . അതിന്റെ പേരിൽ നിയമം കയ്യിലെടുത്ത് അക്രമം അഴിച്ചുവിടാൻ സിപിഐഎം ഗുണ്ടകൾക്ക് ആരാണ് അനുമതി നൽകിയത്. സിപിഐഎം ബോധപൂർവം അക്രമം അഴിച്ചുവിടുമ്പോൾ ചലിക്കാതെ നിന്ന പോലീസ് ക്രിമിനൽ കുറ്റമാണ് ചെയ്തത്.

യുഡിഎഫ് പ്രവർത്തകരെ കായികമായി നേരിട്ട് നവകേരള സദസ് സംഘടിപ്പിക്കാനാണ് നീക്കമെങ്കിൽ തിരുവനന്തപുരം വരെ മുഖ്യമന്ത്രി കരിങ്കൊടി കാണുമെന്നും, ജനാധിപത്യ പ്രതിഷേധത്തിന്റെ ചൂടറിയുമെന്നും വി ഡി സതീശൻ മുന്നറിയിപ്പ് നൽകി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com