
കണ്ണൂര്: കേരളത്തിലെ കര്ഷകരെ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള് തെറ്റായ പ്രചരണം നടത്തിയെന്നും മന്ത്രി സജി ചെറിയാന്. തമിഴ്നാട്ടിലെ അരിയുള്ളപ്പോള് കേരളത്തില് കൃഷി ആവശ്യമില്ലെന്ന് മന്ത്രി പറഞ്ഞു എന്ന തരത്തിലായിരുന്നു വാര്ത്തകള്. റിപ്പോര്ട്ടര് ടിവിയുടെ കോഫി വിത്ത് അരുണിലൂടെയാണ് മന്ത്രിയുടെ വിശദീകരണം.
'കുട്ടനാട്ടിലെ കര്ഷകന് പ്രസാദിന്റെ മരണം ദുഖകരമാണ്. പക്ഷേ അതില് സര്ക്കാരിന് ഒരു റോളുമില്ല. ഞാന് പറയാത്ത കാര്യങ്ങളാണ് പ്രചരിച്ചത്. കേരളത്തില് കൃഷി പാടില്ലെന്ന് പറഞ്ഞതായി വരുത്തി തീര്ത്തു. കേരളത്തില് ഏറ്റവുമാദ്യം സമ്പൂർണ തരിശു രഹിത മണ്ഡലമായി മാറിയത് ചെങ്ങന്നൂരാണ്. അന്ന് ഞാന് ചെങ്ങന്നൂര് എംഎല്എയാണ്. 2000-ത്തിലധികം ഹെക്ടറില് എല്ലാ പാടശേഖരത്തും കൃഷിയിറക്കി. അന്ന് ആ പാടശേഖരത്ത് യുഡിഎഫിന്റെ ഒരു നേതാവ് പാടശേഖര സമിതിയെ കയ്യിലെടുത്ത് കൃഷി ചെയ്യില്ലെന്ന് പറഞ്ഞു. അന്ന് ഞാന് പറഞ്ഞത് തമിഴ്നാട്ടുകാര് കൃഷി ചെയ്ത് ജീവിച്ചാല് മതിയോ എന്നാണ്. അതിനെയാണ് ഇപ്പോള് ഇങ്ങനെ വളച്ചൊടിച്ചത്. എന്റെ അന്നത്തെ പ്രസംഗത്തിന്റെ പൂര്ണരൂപം പരിശോധിക്കാം. കൃഷിയെ ഏറ്റവും സ്നേഹിക്കുന്ന മികച്ച കര്ഷകനുള്ള അവാര്ഡ് നേടിയ ആളാണ് ഞാന്. അന്ന് പറഞ്ഞതിന്റെ ഒരു ഭാഗം മാത്രം എടുത്താണ് മാധ്യമങ്ങള് തെറ്റായ പ്രചരണം നടത്തുന്നത്'. നവകേരള സദസ് വേദിയില് വച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം. സജി ചെറിയാന് പിന്തുണയുമായി മന്ത്രി എ കെ ശശീന്ദ്രനുമെത്തി.
ഇവിടെ കൃഷിയില്ലെങ്കിൽ എന്തെങ്കിലും സംഭവിക്കുമോ എന്നും തമിഴ്നാട്ടിൽ അരിയുള്ളതുകൊണ്ട് ഇവിടെയൊരു പ്രശ്നവുമില്ലെന്നും കർഷകർക്കായി സർക്കാർ കോടിക്കണക്കിനു രൂപ ചെലവിടുന്നുണ്ടെന്നും അതിനോടു സഹകരിക്കുകയാണു വേണ്ടതെന്നും മന്ത്രി പറഞ്ഞു എന്ന തരത്തിലായിരുന്നു വാർത്തകൾ.