
മലപ്പുറം: മലപ്പുറത്ത് യുഡിഎഫിൽ പരസ്യപ്പോര്. യുഡിഎഫ് ചെയർമാൻ പി ടി അജയ്മോഹനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കൺവീനറും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ട്രഷററുമായ അഷ്റഫ് കോക്കൂർ. ചെയർമാൻ നടത്തിയ പരാമർശം അനവസരത്തിലാണെന്ന് അഷ്റഫ് കോക്കൂർ പറഞ്ഞു. ഒരു കൂടിയാലോചനയുമില്ലാതെയാണ് പരാമർശം നടത്തിയത്. കേരളാ ബാങ്ക് ഡയറക്ടർ ബോർഡ് നിയമനത്തിൽ മുസ്ലിംലീഗ് പ്രവർത്തകർക്ക് ആശങ്കകളില്ലന്നും അഷ്റഫ് കോക്കൂർ പറഞ്ഞു.
അതേസമയം കേരള ബാങ്ക് ഭരണസമിതിയിൽ ലീഗ് എംഎൽഎ അംഗമായത് നേതൃത്വം ന്യായീകരിക്കുമ്പോഴും മുസ്ലിം ലീഗിന്റെ സാമൂഹമാധ്യമ കൂട്ടായ്മകളിലടക്കം വിമർശനം ശക്തമാണ്. മലപ്പുറം നഗരത്തിലും ലീഗ് ഓഫീസിന് മുന്നിലും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. പി അബ്ദുൽ ഹമീദിനെ യൂദാസ് എന്ന് അധിക്ഷേപിച്ചും പാർട്ടിയിൽ നിന്ന് പുറത്താക്കണം എന്ന് ആവശ്യപെട്ടുമാണ് മലപ്പുറം ലീഗ് ഓഫീസിന് മുന്നിലും കലക്ടറേറ്റ് പരിസരങ്ങളിലും നഗരത്തിന്റെ വിവിധ ഇടങ്ങളില് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
എന്നാൽ സഹകണ മേഖലയിൽ മാത്രമാണ് സിപിഐഎമ്മുമായി സഹകരണമെന്നും യുഡിഎഫിന്റെ ഭാഗമായി ലീഗ് തുടരുമെന്നും പി കെ ബഷീർ എംഎൽഎ പറഞ്ഞു. സംഭവത്തെ ലീഗിനെ ഇടതുപക്ഷവുമായി അടുപ്പിക്കാനുള്ള സിപിഐഎമ്മിന്റെ രാഷ്ട്രീയ നീക്കമായി വിലയിരുത്തുന്നവരുമുണ്ട്. കേരള ബാങ്ക് ഭരണസമിതിയിൽ മുസ്ലിം ലീഗ് എംഎൽഎയെ ഉള്പ്പെടുത്തിയ ലീഗിന്റെ നിലപാടിൽ മലപ്പുറത്തെ കോണ്ഗ്രസ് നേതൃത്വവും അതൃപ്തിയിലാണ്.