
തിരുവനന്തപുരം: മന്ത്രിമാർ 36 ദിവസം കേരളം മുഴുവൻ സഞ്ചരിക്കുമ്പോഴും തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ എല്ലാം പതിവുപോലെ. മന്ത്രിമാരുടെ അസാന്നിദ്ധ്യം ബാധിക്കാതെ എല്ലാം സാധാരണ ഗതിയിൽ പുരോഗമിക്കുകയാണ് ഇവിടെ. നവ കേരള സദസിന്റെ ഭാഗമായി മന്ത്രിമാരും പ്രൈവറ്റ് സെക്രട്ടറിമാരടക്കം ചില സ്റ്റാഫുകളും കാസർകോടാണ്. എന്നാൽ ഐഎഎസ് ഓഫീസർമാരും മറ്റ് ജീവനക്കാരും പതിവുപോലെ സദസിന്റെ ആദ്യ ദിവസം സെക്രട്ടേറിയറ്റിലെത്തി.
സർക്കാർ പ്രവർത്തനങ്ങളെല്ലാം ഇ ഫയൽ രീതിയിലായതിനാൽ സെക്രട്ടേറിയറ്റിന്റെ പ്രവർത്തനങ്ങളെ നവ കേരള സദസ് ബാധിക്കില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. യാത്രക്കിടയിലും പരിപാടികൾക്കിടയിലും ഇവർക്ക് ഇ ഫയൽ പരിശോധിച്ച് നടപടികളെടുക്കാം. നിയമസഭാ ചോദ്യോത്തരം, മെഡിക്കൽ റീഇംപേഴ്സമെന്റ് എന്നിവയൊഴിച്ച് മറ്റെല്ലാം ഇ ഫയലിലേക്ക് മാറിയിട്ടുണ്ട്.