
കോയമ്പത്തൂർ: പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് അന്തർ സംസ്ഥാന സർവീസ് നടത്തുന്ന റോബിന് ബസിനെ തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. പെർമിറ്റ് ലംഘിച്ചു എന്ന് കാണിച്ച് കോയമ്പത്തൂർ വെസ്റ്റ് ആർടിഒയാണ് ബസ് പിടിച്ചെടുത്തത്. ബസ് വിട്ട് നൽകും വരെ ബസ്സിനകത്ത് തന്നെ തുടരുമെന്ന നിലപാടിലാണ് ബസ് ഉടമ റോബിൻ ഗിരീഷ്. കേരള സർക്കാർ മാനം കാക്കാൻ തമിഴ്നാട് സർക്കാരിനെ ഉപയോഗിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
കെഎസ്ആർടിസിക്ക് വേണ്ടിയാണ് തന്നെ വേട്ടയാടുന്നത്. എഐപി നിയമപ്രകാരം മാത്രമേ ബസ് സർവീസ് നടത്തിയിട്ടുള്ളൂ. അഭിഭാഷകനുമായി ബന്ധപ്പെട്ട ശേഷം അടുത്ത നടപടികളിലേക്ക് കടക്കുമെന്നും റോബിൻ ഗിരീഷ് പറഞ്ഞു. എന്നാൽ യാത്രികാരിൽ ഒരാൾ കോയമ്പത്തൂരിൽ ഇറങ്ങിയത് നിയമലംഘിച്ചെന്ന് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. നേരത്തെ തൊടുപുഴ കരിങ്കുന്നത്ത് വെച്ചും ബസിനെ ഉദ്യോഗസ്ഥര് തടഞ്ഞിരുന്നു.
ഓള് ഇന്ത്യ പെര്മിറ്റിന്റെ പേരില് സ്റ്റേറ്റ് കാര്യേജായി സര്വീസ് നടത്തുന്നത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റോബിന് ബസ്സിനെ മുന്പ് മോട്ടോര് വാഹന വകുപ്പ് കസ്റ്റഡിയില് എടുത്തത്. നിയമപോരാട്ടങ്ങള്ക്കൊടുവില് കോടതി ഉത്തരവിലൂടെ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ബസ് കഴിഞ്ഞ ദിവസം മുതലാണ് സര്വീസ് ആരംഭിച്ചത്. എന്നാല് പത്തനംതിട്ടയില് നിന്ന് വാളയാര് കടക്കുന്നതിനിടയില് നാലിടങ്ങളിലായി നടന്ന പരിശോധനയില് 37,500 രൂപ മോട്ടോര് വാഹന വകുപ്പ് പിഴ ചുമത്തുകയും ചെയ്തിരുന്നു.