
കൊച്ചി: ആർടിഒയ്ക്ക് ഭക്ഷ്യ വിഷബാധയേറ്റതിന് പിന്നാലെ കൊച്ചി കാക്കനാട്ടെ ഹോട്ടൽ ആര്യാസ് അടപ്പിച്ചു. തൃക്കാക്കര നഗരസഭ ആരോഗ്യവിഭാഗമാണ് ഹോട്ടൽ അടപ്പിച്ചത്. ഹോട്ടലിന് 50,000 രൂപ പിഴയും ചുമത്തി. തിങ്കളാഴ്ച രാവിലെ മകനോടൊപ്പം കാക്കനാട്ടെ ആര്യാസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ജി അനന്തകൃഷ്ണനാണ് ഭക്ഷ്യ വിഷബാധയേറ്റത്.
ഇവർ ഹോട്ടലിൽ നിന്ന് നെയ്റോസ്റ്റും ചട്ണിയുമാണ് കഴിച്ചത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങി. ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി രണ്ട് ദിവസമായിട്ടും ആരോഗ്യപ്രശ്നങ്ങൾ തുടർന്നു. അവശനിലയിലായതോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചട്ണിയിൽ നിന്നാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത് എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. മകൻ ചട്ണി അധികം കഴിക്കാത്തതിനാൽ കാര്യമായ പ്രശ്നം ഉണ്ടായില്ല.
ആർടിഒയ്ക്ക് ഭക്ഷ്യ വിഷബാധയേറ്റതിന് പിന്നാലെയാണ് തൃക്കാക്കര നഗരസഭ ഹോട്ടൽ അടപ്പിച്ചത്. നഗരസഭയുടെ ആരോഗ്യ വിഭാഗം ശനിയാഴ്ച ഹോട്ടലിൽ പരിശോധന നടത്തിയിരുന്നു. ഭക്ഷണത്തിന്റെ സാമ്പിളുകളും ശേഖരിച്ചു. കഴിഞ്ഞ മാസമാണ് കാക്കനാടുള്ള മറ്റൊരു ഹോട്ടലിൽ നിന്ന് ഓൺലൈൻ ആയി ഷവർമ വാങ്ങി കഴിച്ച യുവാവ് മരിച്ചത്. കോട്ടയം സ്വദേശി രാഹുൽ ഡി നായരാണ് ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചത്.