ജനങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും പ്രശ്നങ്ങളും അറിഞ്ഞുള്ള ഭരണ നിർവ്വഹണം സുപ്രധാനം; മുഖ്യമന്ത്രി

ജനങ്ങളുമായി ബന്ധപ്പെടുന്ന ഓരോ വിഷയങ്ങളും സസൂക്ഷ്മം പഠിച്ചു ഭരണ നേതൃത്വം ഇടപെടണം എന്നതാണ് ഈ സർക്കാരിന്റെ സുദൃഢമായ നിലപാട്
ജനങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും പ്രശ്നങ്ങളും അറിഞ്ഞുള്ള ഭരണ നിർവ്വഹണം സുപ്രധാനം; മുഖ്യമന്ത്രി

കാസർകോട്: മഞ്ചേശ്വരത്ത് നിന്ന് നവംബർ 18 ന് ആരംഭിച്ച നവകേരള സദസ്സുകളും അതിൽ പങ്കെടുക്കാനുള്ള മന്ത്രിസഭയുടെ യാത്രയും ജനാധിപത്യത്തിന്റെയും ഭരണ നിർവ്വഹണത്തിന്റെയും ചരിത്രത്തിൽ പുതിയ അദ്ധ്യായം രചിക്കുന്നതാണെന്ന് പിണറായി വിജയൻ. യാത്രയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കുറിപ്പിലാണ് മുഖ്യമന്ത്രി ഇത് വ്യക്തമാക്കിയിരിക്കുന്നത്. നവകേരള സദസ്സ് എന്ന ആശയവും അതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളും ഒരു തുടർപ്രക്രിയയുടെ ഭാഗമാണ്. ജനാധിപത്യം എന്നത് യാന്ത്രികമായോ ഏകപക്ഷീയമായോ നടപ്പിലാക്കേണ്ട ഒന്നല്ല. ജനങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും പ്രശ്നങ്ങളും അറിഞ്ഞുകൊണ്ടുള്ള ഭരണ നിർവ്വഹണം സുപ്രധാനമാണ് മുഖ്യമന്ത്രി വ്യക്തമാക്കി.

ജനങ്ങളുമായി ബന്ധപ്പെടുന്ന ഓരോ വിഷയങ്ങളും സസൂക്ഷ്മം പഠിച്ചു ഭരണ നേതൃത്വം ഇടപെടണം എന്നതാണ് ഈ സർക്കാരിന്റെ സുദൃഢമായ നിലപാട്. ആ വഴിക്കുള്ള ശ്രമം നിരന്തരം നടത്തുകയാണ്. അത് കൂടുതൽ കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ട്. തീരദേശങ്ങളിലെ പ്രശ്നങ്ങൾ പഠിച്ചു പരിഹരിക്കാൻ ഫിഷറീസ് മന്ത്രിയുടെ നേതൃത്വത്തിൽ തീരദേശ സദസ്സുകളും വനങ്ങളോടടുത്ത മേഖലകളിലൂടെ വനം മന്ത്രി നേതൃത്വം നൽകി നടത്തിയ വനസൗഹൃദ സദസ്സുകളും അത്തരം മുൻകൈയുടെ ഒരു ഭാഗമായിരുന്നു. അതേ തുടർന്ന് മന്ത്രിമാർ നേതൃത്വം നൽകി താലൂക്ക് തല പരാതി പരിഹാര അദാലത്തുകൾ നടന്നു. ജില്ലാ തലത്തിൽ അവയുടെ പരിശോധനയും അവലോകനവും നടന്നു. പിന്നീട് നാല് മേഖലാ അവലോകന യോഗങ്ങൾ മന്ത്രിസഭയാകെ പങ്കെടുത്ത് നടത്തി. മന്ത്രിമാർ മാത്രമല്ല ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥനിരയും ഇവയിൽ പങ്കെടുക്കുകയും ഓരോ വിഷയവും സമഗ്രമായി അവലോകനം ചെയ്ത് തീരുമാനമെടുക്കുകയും ചെയ്തുവെന്നും മുഖ്യമന്ത്രി കുറിച്ചു.

ഈ പ്രക്രിയയുടെ അടുത്ത ഘട്ടമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയമസഭാ മണ്ഡലങ്ങളിലും നേരിട്ടെത്തി ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസ്സുകൾ. കാസർകോട് ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലാണ് ആദ്യ രണ്ടു ദിവസങ്ങളിൽ എത്തിയത്. മഞ്ചേശ്വരത്തെ ഉദ്ഘാടന പരിപാടിയിൽ ഉണ്ടായ ബഹുജന പങ്കാളിത്തം അഭൂതപൂർവ്വം തന്നെയായിരുന്നു. രണ്ടാം ദിവസം കാസർകോട് മണ്ഡലത്തിലായിരുന്നു ആദ്യത്തെ പരിപാടി. ചെങ്കള പഞ്ചായത്ത് മിനി സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞ ജനസഞ്ചയം സമീപത്തെ റോഡുകളെയും അക്ഷരാർത്ഥത്തിൽ മനുഷ്യ പ്രവാഹമാക്കി മാറ്റി. മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിലെ എംഎൽഎമാർ ഈ പരിപാടികളിൽ പങ്കെടുത്തിരുന്നില്ല. എന്നാൽ, ജനങ്ങൾ ആവേശത്തോടെ പങ്കെടുത്തു. തങ്ങളുടെ പ്രശ്നങ്ങൾ സർക്കാരിന് മുന്നിൽ അവതരിപ്പിക്കാനായി സജ്ജമാക്കിയ കൗണ്ടറുകളിൽ കൂട്ടത്തോടെ എത്തി അവർ പരാതികളും നിവേദനങ്ങളും നൽകി.

ഉദുമ മണ്ഡലത്തിലെ നവകേരള സദസ്സ് ജി എച്ച് എസ് എസ് ചട്ടഞ്ചാലിലും കാഞ്ഞങ്ങാട്ടേത് ദുർഗ്ഗാ എച്ച് എസ് എസ്സിലും ആയിരുന്നു. തൃക്കരിപ്പൂർ മണ്ഡലത്തിലെ വിശാലമായ കാലിക്കടവ് സ്റ്റേഡിയം ജനസമുദ്രമാക്കിയ സമാപന പരിപാടി. ഓരോ കേന്ദ്രങ്ങൾ പിന്നിടുമ്പോഴും വർധിച്ചു വരുന്ന പങ്കാളിത്തവും ആവേശവും. കാഞ്ഞങ്ങാട് സ്‌കൂൾ ഗ്രൗണ്ട് നിശ്ചിത സമയത്തിന് ഒരു മണിക്കൂർ മുൻപുതന്നെ നിറഞ്ഞു എന്നതാണ് സംഘാടകരുടെ അനുഭവം. ആദ്യ ദിവസം മഞ്ചേശ്വരത്ത് ലഭിച്ചത് 1908 നിവേദനങ്ങളും പരാതികളുമാണ്. അവിടെ ഏർപ്പെടുത്തിയിരുന്ന കൗണ്ടറുകളുടെ എണ്ണം പോരാത്ത സ്ഥിതിയുണ്ടായി. അത് മനസ്സിലാക്കി തുടർന്നുള്ള കേന്ദ്രങ്ങളിൽകൂടുതൽ കൗണ്ടറുകൾ തുറന്നു.

ഞായറാഴ്ച രാവിലെ കാസർകോട് റസ്റ്റ് ഹൗസിൽ പ്രഭാതഭക്ഷണത്തിന് ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള വ്യക്തികളെ ക്ഷണിച്ചിരുന്നു. അവിടെ അഭിപ്രായ പ്രകടനകളുണ്ടായി. ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട അനേകം കാര്യങ്ങൾ ചർച്ച ചെയ്തു.

കാസർകോട് ജില്ലയിലെ ടൂറിസം മേഖല സംസ്ഥാനത്തെ പ്രധാന ടൂറിസം ഡെസ്റ്റിനേഷനുകളിൽ ഉൾപ്പെടുന്നതാണ്. മികച്ച രീതിയിൽ തന്നെ അവ മെച്ചപ്പെടുത്തുന്ന നടപടികൾ ആരംഭിച്ച കാര്യം അവിടെ ചോദ്യങ്ങൾക്ക് മറുപടി നൽകവേ സൂചിപ്പിച്ചു. കാസർകോട് എച്ച്.എ. എല്ലിന്റെ ഏറ്റടുത്ത ഭൂമിയിൽ ഭാവിയിൽ എന്ത് ചെയ്യാൻ സാധിക്കുമെന്ന് പരിശോധിക്കും. ഇക്കാര്യത്തിൽ കേന്ദ്ര സഹായം കൂടി ഉണ്ടാവേണ്ടതുണ്ട്.

ഇങ്ങനെ ജില്ലയുടെ പ്രശ്നങ്ങളും സംസ്ഥാനത്തെയാകെ ബാധിക്കുന്ന വിഷയങ്ങളും ഇരുപത്തിയഞ്ചു പേരാണ് ആ ഹ്രസ്വ കൂടിക്കാഴ്ചയിൽ അവതരിപ്പിച്ചത്. അവരെ കേൾക്കുക മാത്രമല്ല, ആ അഭിപ്രായങ്ങളാകെ രേഖപ്പെടുത്തുകയും ചെയ്തു. എഴുതി നല്കിയവരുമുണ്ട്. ഓരോന്നിലും പരിശോധനയും തുടർനടപടികളും ഉണ്ടാകും.

നേരിട്ടെത്തി ഇങ്ങനെ സംസാരിക്കാൻ കഴിയാത്തവർക്ക് അഭിപ്രായങ്ങൾ എഴുതി നൽകാൻ അവസരമുണ്ട്. നവകേരള സദസ്സുകളിൽ എത്തുന്ന നിവേദനകളിൽ വിലപ്പെട്ട നിർദേശങ്ങളും അഭിപ്രായപ്രകടനങ്ങളും ഉണ്ട്. ഒരു കാര്യം ഉറപ്പു നൽകാനുള്ളത്, ജനങ്ങൾ ജനാധിപത്യപരമായി മുന്നോട്ടു വെക്കുന്ന ഒരഭിപ്രായവും ശ്രദ്ധിക്കപ്പെടാതെ പോകില്ലെന്നും മുഖ്യമന്ത്രി കുറിപ്പിൽ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com