
കോട്ടയ്ക്കല്: നവകേരള സദ്ദസിന് പണം അനുവദിച്ച് യുഡിഎഫ് ഭരിക്കുന്ന കോട്ടയ്ക്കല് നഗരസഭ. 50,000 രൂപയാണ് യുഡിഎഫ് തീരുമാനത്തെ മറികടന്ന് നഗരസഭ അനുവദിച്ചത്. നഗരസഭാധ്യക്ഷയായിരുന്ന ബുഷ്റ ബഷീര് സ്ഥാനം രാജിവയ്ക്കുന്നതിന് മുന്പാണ് പണം അനുവദിക്കാന് തീരുമാനമെടുത്തത്.
നവകേരള സദസ്സിന്റെ നടത്തിപ്പിനും പ്രചാരണത്തിനും മറ്റുമായി തദ്ദേശസ്ഥാപനങ്ങള് ഒരു ലക്ഷം രൂപവരെ തനതുഫണ്ടില് നിന്ന് അനുവദിക്കണമെന്നാണ് സര്ക്കാര് നിര്ദേശം. എന്നാല് തങ്ങളുടെ നേതൃത്വത്തിലുള്ള തദ്ദേശ സ്ഥൈാപനങ്ങള് പണം അനുവദിക്കേണ്ടതില്ലെന്ന് യുഡിഎഫ് തീരുമാനിച്ചിരുന്നു. ഈ നിര്ദേശം തള്ളിയാണ് കോട്ടയ്ക്കല് നഗരസഭ 50,000 രൂപ അനുവദിച്ചിരിക്കുന്നത്.
കഴിഞ്ഞയാഴ്ച ചേര്ന്ന കൗണ്സില് യോഗത്തില് വിഷയം അജന്ഡയായി അവതരിപ്പിക്കുകയും തുക അനുവദിക്കാന് തീരുമാനിക്കുകയുമായിരുന്നു. ഈ തീരുമാനത്തെ കൗണ്സില് യോഗത്തില് ആരും എതിര്ത്തില്ല. ബുഷ്റ ഷബീര് അവസാനമായി പങ്കെടുത്ത കൗണ്സില് യോഗത്തിലായിരുന്നു തീരുമാനം.