
കാസര്കോട്: നവകേരള ബസ് സസ്പെൻസ് ആക്കിയത് മാധ്യമങ്ങൾ ആണെന്നും ബസിൽ സാധാരണ സൗകര്യങ്ങൾ മാത്രമേ ഉള്ളൂ എന്നും ഗതാഗത മന്ത്രി ആന്റണി രാജു. ബസിൽ ആഢംബര സൗകര്യങ്ങൾ ഇല്ല. ഫ്രിഡ്ജ്, മൈക്രോ വേവ് ഓവൻ, കിടപ്പുമുറി, വട്ടമേശ സമ്മേളനത്തിനുള്ള മുറി തുടങ്ങിയ കാര്യങ്ങൾ ബസിൽ ഇല്ലെന്നും ആകെയുള്ളത് വാഷ്റൂമും ലിഫ്റ്റും മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി. ഇത് ഒരു പാവം ബസാണെന്നും നവകേരള സദസിന് ശേഷവും ബസ് ഉപയോഗിക്കാനും അതുവഴി സർക്കാരിന് വരുമാനം കണ്ടെത്താൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. ബസിനെ കളർകോഡിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
നവകേരള സദസിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ബസ് എ ആർ ക്യാമ്പിൽ വെച്ചത് സുരക്ഷ മുൻ നിർത്തിയാണ്. ബസിനകത്തെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ മാധ്യമങ്ങൾക്ക് അവസരം ലഭിക്കും. ആദ്യം യാത്ര തുടങ്ങട്ടെന്നും ആന്റണി രാജു പറഞ്ഞു. പ്രതിപക്ഷം ഹാലിളകി നിൽക്കുകയാണെന്നും വിമർശനങ്ങൾ അതിൽ നിന്ന് ഉണ്ടാകുന്നതാണെന്നും മന്ത്രി ആരോപിച്ചു.
റോബിൻ ബസിനെ എംവിഡി തടഞ്ഞ വിഷയത്തിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും പ്രതികാര നടപടി അല്ലെന്നും മന്ത്രി പ്രതികരിച്ചു. സ്റ്റേജ് ഗ്യാരേജ്കാരുടെ ഉപജീവനം നഷ്ടമാകും അതിനാലുള്ള നിയമപരമായ നടപടിയാണെന്നും മന്ത്രി വ്യക്തമാക്കി.