
കണ്ണൂർ: നവകേരള സദസിന് ഒരു ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിക്കുകയാണ് എൽഡിഎഫ് പ്രവർത്തകർ. പ്രചാരണത്തിൽ വ്യത്യസ്തത കണ്ടെത്താനുള്ള ഓട്ടത്തിലാണ് സംഘാടകർ. കൂട്ടയോട്ടവും ഫുട്ബോൾ ടൂർണമെന്റും ഉൾപ്പടെയാണ് സംഘടിപ്പിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലും പ്രചാരണം സജീവമാണ്.
ഓരോ രീതികളാണ് ഓരോ മണ്ഡലത്തിലും സ്വീകരിക്കുന്നത്. സോഷ്യൽ മീഡിയയിലും പ്രചാരണം തകർക്കുകയാണ്. നവകേരള സദസിന് അരങ്ങൊരുക്കുക എന്ന ലക്ഷ്യത്തോടെ പ്രചാരണത്തിന് വേറിട്ട മാർഗം എന്തുണ്ട് എന്ന അന്വേഷണത്തിലായിരുന്നു പ്രവർത്തകർ. ഒരിടത്ത് ജലയാത്ര, മറ്റൊരിടത്ത് കൂട്ടയോട്ടം എന്നിങ്ങനെയാണ് പരിപാടികൾ. അതുകൊണ്ടും തീർന്നില്ല, ഡാൻസ് ഫ്ലോറുകൾ, ഫുട്ബോൾ ടൂർണമെന്റ് തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. അങ്ങനെ പ്രചാരണത്തിൽ മണ്ഡലങ്ങൾ തമ്മിൽ കടുത്ത പോരാട്ടമാണ്.
അഴീക്കോട് എം എൽ എ കെ വി സുമേഷ് തലസ്ഥാനം തൽക്കാലം അഴീക്കോട്ടേക്ക് മാറ്റാനുള്ള പ്ലാനിലാണ്. അതനുസരിച്ച് ചെയ്ത പ്രമോ വീഡിയോ സോഷ്യൽ മീഡിയയിൽ ക്ലിക്കായി. പ്രചാരണത്തിൽ ഗ്യാങ്സ്റ്റാർമാരായി സീനിയർ നേതാക്കളുമുണ്ട്. പ്രഭാത നടത്തത്തിലൂടെയാണ് തളിപ്പറമ്പിൽ എം വി ഗോവിന്ദൻ എം എൽ എ പ്രചരണത്തിൽ വെറ്റൈറ്റി ട്രാക്ക് പിടിച്ചത്. സ്പീക്കർ എ എൻ ഷംസീറിന്റെ തലശേരിയിൽ നവകേരളം ഡാൻസ് ഫ്ലോറിൽ യുവകേരളം നിറഞ്ഞാടി. കല്യാശേരിയിൽ ജലഘോഷയാത്ര കരഘോഷം തീർത്തപ്പോൾ എം വിജിൻ എം എൽ എയും സ്റ്റാറായി. അങ്ങനെ കണ്ണൂരിൽ നവകേരള സദസിന്റെ പ്രചാരണം തകർക്കുകയാണ്.