നവകേരള സദസ്: മുഖ്യമന്ത്രിയും മന്ത്രിമാരും നാളെ കാസർകോട്; പ്രത്യേകം തയാറാക്കിയ ബസ് ഭരണസിരാകേന്ദ്രം

22 ന് തലശേരിയിൽ വെച്ചാണ് നവകേരള സദസിന് ഇടയിലുളള ആദ്യ മന്ത്രിസഭാ യോഗം. ‌
നവകേരള സദസ്: മുഖ്യമന്ത്രിയും മന്ത്രിമാരും നാളെ കാസർകോട്;  പ്രത്യേകം തയാറാക്കിയ ബസ് ഭരണസിരാകേന്ദ്രം

തിരുവനന്തപുരം: നവകേരള സദസിന്റെ ഭാഗമാകാൻ മുഖ്യമന്ത്രിയും മന്ത്രിമാരും നാളെ കാസർകോട് എത്തും. തുടക്കത്തിൽ ചുരുക്കം ഉന്നത ഉദ്യോഗസ്ഥർ മാത്രമേ മന്ത്രിമാർക്ക് ഒപ്പമുണ്ടാകു. ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്ന ചീഫ് സെക്രട്ടറി മന്ത്രിസഭാ യോഗം ചേരുന്ന ദിവസങ്ങളിൽ മാത്രം പര്യടനത്തിന് ഒപ്പം ചേരാനാണ് ധാരണ. ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി കാസർകോട്ട് മന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിലേക്ക് എത്തുന്ന നവകേരള സദസ് തുടങ്ങുന്നതോടെ സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായി പ്രത്യേകം തയാറാക്കിയ ബസ് മാറും. നയപരമായ തീരുമാനങ്ങളും ഭരണപരമായ തീരുമാനങ്ങളുമെല്ലാം സഞ്ചരിച്ചു കൊണ്ടായിരിക്കും കൈക്കൊളളുക. മുഖ്യമന്ത്രിയും മന്ത്രിമാരും നാളെ പുലർച്ചയോടെ കാസർകോട്ട് എത്തും. ഇന്ന് വൈകുന്നേരത്തോടെ കണ്ണൂരിൽ എത്തുന്ന മുഖ്യമന്ത്രി, അവിടെ തങ്ങിയ ശേഷം രാവിലെ കാസർകോട് എത്തിച്ചേരും. മറ്റ് മന്ത്രിമാരും പുലർച്ചയോടെ കാസർകോട്ട് എത്തുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. തുടക്കത്തിൽ വളരെ അത്യാവശ്യം വേണ്ട ഉന്നത ഉദ്യോഗസ്ഥരെ മന്ത്രിസഭക്ക് ഒപ്പം ഉണ്ടാകു. ചീഫ് സെക്രട്ടറി ഡോ. വി. വേണു മഞ്ചേശ്വരം മണ്ഡലത്തിലെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്ത് മടങ്ങും. പിന്നീട് മന്ത്രിസഭാ യോഗം ചേരുമ്പോൾ മാത്രമേ ചീഫ് സെക്രട്ടറി പര്യടനത്തിന് ഒപ്പം ചേരു.

22 ന് തലശേരിയിൽ വെച്ചാണ് നവകേരള സദസിന് ഇടയിലുളള ആദ്യ മന്ത്രിസഭാ യോഗം. പര്യടനം പുരോഗമിക്കുന്ന മുറയ്ക്ക് തീരുമാനം എടുക്കുന്നതിനും മറ്റുമായി കൂടുതൽ ഉന്നത ഉദ്യോഗസ്ഥർ മന്ത്രിസഭയ്ക്ക് ഒപ്പം ചേരും.

നവകേരള സദസിൽ നിന്ന് ലഭിക്കുന്ന പരാതികളിലും നിവേദനങ്ങളിലും മറ്റും അവിടെ വെച്ച് തീരുമാനം ഉണ്ടാകില്ല. ജില്ലകളിൽ കളക്ടറുടെ മേൽനോട്ടത്തിൽ അതാത് വകുപ്പുകളിലെ ഉദ്യോഗസ്ഥർ പരാതികൾക്ക് തീർപ്പുണ്ടാക്കും. സംസ്ഥാന തലത്തിൽ കൈകാര്യം ചെയ്യേണ്ട വിഷയങ്ങൾ ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ വകുപ്പ് സെക്രട്ടറിമാർ തീർപ്പാക്കും. പരാതികളിലും മറ്റും അതാത് വേദിയിൽ മറുപടി പറയാൻ മന്ത്രിമാരെ സഹായിക്കാനും ആവശ്യമായ വിവരങ്ങൾ കൈമാറുന്നതിനും സംസ്ഥാന തലത്തിൽ സെല്ലുകളും ഉണ്ട്. നവ കേരള സദസ് തുടങ്ങുന്നതിന് മുൻപ് രാവിലെ, മുഖ്യമന്ത്രി മന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. കാസർകോട് ഗസ്റ്റ് ഹൗസിൽ വെച്ചായിരിക്കും യോഗം. പര്യടനത്തിന്റെ അവസാന വട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനും പര്യടനത്തിൽ പൊതുവായി പറയേണ്ട കാര്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ അറിയിക്കുന്നതിനും വേണ്ടിയാണ് യോഗം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com