
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് ആരോപണം പാർട്ടി അഖിലേന്ത്യാ നേതൃത്വം അന്വേഷിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. അങ്ങനെ സംഭവിക്കാൻ സാധ്യത കുറവാണ്, എന്നാൽ സംഭവിച്ചുകൂടായ്കയുമില്ല. ആധികാരികമായി പറയാൻ തന്റെ പക്കൽ വിവരങ്ങൾ ഇല്ലെന്നും സുധാകരൻ പറഞ്ഞു.
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചുവെന്ന വാർത്ത റിപ്പോർട്ടർ ടിവിയാണ് പുറത്തുവിട്ടത്. 5000ത്തിൽ അധികം വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വെളിപ്പെടുത്തലും പിന്നാലെ പുറത്തുവന്നിരുന്നു. സ്നാപ്പ്സീഡ് ആപ് ഉപയോഗിച്ച് കാർഡ് ഉണ്ടാക്കി. വോട്ടേഴ്സ് ലിസ്റ്റ് എടുത്ത് ബൂത്ത് തിരിച്ചു ആളെ കണ്ടെത്തിയാണ് കാർഡ് ഉണ്ടാക്കിയതെന്നും റിപ്പോർട്ടർ ടിവിയോട് കോൺഗ്രസ് പ്രവർത്തകൻ വെളിപ്പെടുത്തിയിരുന്നു.
നവകരള സദസ് ജനങ്ങൾക്ക് നേരെ കൊഞ്ഞനം കാട്ടുന്ന നടപടിയാണെന്നും കെ സുധാകരൻ ആരോപിച്ചു. അന്തസ്സും അഭിമാനവും ഉണ്ടെങ്കിൽ ഇതുപോലുള്ള ധൂർത്തവസാനിപ്പിക്കണം. 410 കോടി രൂപ പിരിച്ചെടുത്തതിന് പുറമേയാണ് സ്പോൺസർഷിപ്പ്. മുഖ്യമന്ത്രിക്ക് ആരോടാണ് ബാധ്യത എന്ന് ആർക്കും മനസ്സിലാകുന്നില്ല. ഈ മുഖ്യമന്ത്രിയെ ആർക്കെങ്കിലും വേണമോ. കൂടെയുള്ളവർ ആരെങ്കിലും ഉപദേശിച്ചു നന്നാക്കണമെന്നും സുധാകരൻ പറഞ്ഞു.
കേരള ബാങ്കിലെ ലീഗ് പ്രതിനിധിയുടെ കാര്യം തീരുമാനിക്കേണ്ടത് ലീഗാണ്. കോൺഗ്രസിനോട് പറഞ്ഞിട്ടില്ല, കോൺഗ്രസിന് പക്ഷേ പരാതിയും ഇല്ല. അത് അവരുടെ രാഷ്ട്രീയ നയമാണ്. നാടിനോട് ചെയ്യുന്ന ഏറ്റവും വലിയ അപരാധമാണ് ഇതെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.