
കൊച്ചി: ഭിന്നശേഷിക്കാരനായ കൊല്ലം സ്വദേശി ആര്എസ് മണിദാസില് നിന്ന് പെന്ഷന് തുക തിരിച്ചുപിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി തടഞ്ഞു. തീരുമാനത്തിലേക്ക് നയിച്ച രേഖകള് ഹാജരാക്കാന് പൂതക്കുളം ഗ്രാമപഞ്ചായത്തിനോട് ഹൈക്കോടതി നിര്ദ്ദേശിച്ചു. കുടുംബത്തിന് വരുമാനം കൂടിയെന്ന കാരണത്താലാണ് മണിദാസ് കൈപ്പറ്റിയ 13 വര്ഷത്തെ പെന്ഷന് തുക തിരിച്ചടയ്ക്കാന് ധനവകുപ്പ് ഉത്തരവിട്ടിരുന്നത്.
കൊല്ലം കലയ്ക്കോട് സ്വദേശിയായ ഭിന്നശേഷിക്കാരനായ 27 വയസുള്ള മണിദാസന് 13 വര്ഷത്തിനിടെ കൈപറ്റിയ വികലാംഗ പെൻഷൻ 1.23 ലക്ഷം രൂപ തിരിച്ചടയ്ക്കാനായിരുന്നു ധനവകുപ്പിന്റെ നിര്ദേശപ്രകാരം പഞ്ചായത്ത് നോട്ടീസ് നല്കിയത്. സർക്കാർ സ്കൂളില് തയ്യല് അധ്യാപിക ആയിരുന്ന അമ്മ രാധാമണിക്ക് സര്ക്കാര് പെന്ഷന് ലഭിക്കുന്നുണ്ടെന്നു ചൂണ്ടിക്കാണിച്ചായിരുന്നു ധനവകുപ്പിന്റെ നടപടി ഉണ്ടായത്.
ഇതിനെതിരെ ആര്എസ് മണിദാസും അമ്മ രാധാമണിയും നല്കിയ ഹര്ജി പരിഗണിച്ച സിംഗിള് ബെഞ്ച് എതിര്കക്ഷികളോട് വിശദീകരണം തേടി. സംസ്ഥാന ഭിന്നശേഷി കമ്മീഷണറും പൂതക്കുളം ഗ്രാമപഞ്ചായത്തും ഹര്ജിയില് മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്കണം. പെന്ഷന് തുക തിരിച്ചു പിടിക്കാനുള്ള ഉത്തരവിനാധാരമായ രേഖകള് ഹാജരാക്കാനും കോടതി നിര്ദേശം നല്കി. മണിദാസും അമ്മയും നല്കിയ ഹര്ജിയില് ജസ്റ്റിസ് ദേവന് രാമചന്ദ്രൻ്റെ ബഞ്ചിന്റേതാണ് ഇടപെടല്. സര്ക്കാരടക്കമുള്ള എതിര് കക്ഷികള്ക്കും ഹര്ജിയില് നോട്ടീസുണ്ട്. ഇതുവരെ മണിദാസനു മരുന്നിനും ചികിത്സയ്ക്കുമായി ചെലവാക്കിയ തുകയെക്കാളും വരില്ല, സര്ക്കാരിന്റെ പെന്ഷനെന്ന് കുടുംബം പറഞ്ഞു.