മന്ത്രിയുടെ കാല് പിടിച്ച് വയോധിക, കണ്ണുനിറഞ്ഞ് മന്ത്രി; നൂറനാട് വൈകാരിക രംഗങ്ങള്‍

തങ്ങളെ കുടിയിറക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു വയോധിക മന്ത്രിയുടെ കാലുപിടിച്ചു കരഞ്ഞു.
മന്ത്രിയുടെ കാല് പിടിച്ച് വയോധിക, കണ്ണുനിറഞ്ഞ് മന്ത്രി; നൂറനാട് വൈകാരിക രംഗങ്ങള്‍

ആലപ്പുഴ: നൂറനാട് മണ്ണെടുപ്പിനെതിരായ സമരത്തിന് പൂര്‍ണ പിന്തുണയെന്ന് മന്ത്രി പി പ്രസാദ്. കുന്നിടിച്ച് മണ്ണെടുക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സമരക്കാര്‍ക്കൊപ്പമാണെന്നും മന്ത്രി പറഞ്ഞു. കോടതിയെ സമീപിക്കുന്നത് ആലോചിക്കും. ഹൈക്കോടതിയില്‍ നാട്ടുകാര്‍ക്കൊപ്പം സര്‍ക്കാര്‍ കൂടി ഹര്‍ജി ചേരണമോ എന്ന് ഇന്നത്തെ സര്‍വകക്ഷി യോഗത്തിന് ശേഷം തീരുമാനിക്കുമെന്നും പി പ്രസാദ് പറഞ്ഞു.

സമരത്തിനെതിരായ പൊലീസ് നടപടി ശരിയായില്ല. വൈകാരിക പ്രശ്‌നമല്ല ഇത് ജനങ്ങളുടെ ജീവല്‍ പ്രശ്‌നമാണ്. മറ്റപള്ളി മല ഈ നാട്ടിലെ ജനതയുടെ വലിയ വികാരമാണ്. മുഖ്യമന്ത്രി അടക്കമുള്ളവരെ കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. ജനങ്ങള്‍ ഉയര്‍ത്തുന്ന ഏത് ആശങ്കകളെയും സര്‍ക്കാര്‍ ഗൗരവത്തോടെ കണക്കിലെടുക്കും. ന്യായമായ കാര്യങ്ങള്‍ പരിഗണിച്ച് മാത്രമേ സര്‍ക്കാര്‍ തീരുമാനമെടുക്കുകയുള്ളൂവെന്നും പി പ്രസാദ് പറഞ്ഞു.

കോടതി നിലപാട് കൂടി സര്‍ക്കാര്‍ പരിഗണിക്കും. ജിയോളജി വകുപ്പിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കും. കോടതിയെ പാരിസ്ഥിതിക ആഘാതം ബോധ്യപ്പെടുത്താനും നടപടിയുണ്ടാവും. മണ്ണെടുപ്പിന് മറ്റ് ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണ് നല്ലത്. മണ്ണെടുക്കുന്നതില്‍ മണ്ണുമാഫിയക്ക് ബന്ധമുണ്ടെന്ന ആരോപണവും പരിശോധിക്കും. മന്ത്രി പി പ്രസാദ് എത്തിയപ്പോള്‍ മറ്റപ്പള്ളി മലക്ക് മുന്നില്‍ വൈകാരിക രംഗങ്ങളാണ് ഉണ്ടായത്. തങ്ങളെ കുടി ഇറക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു വയോധിക മന്ത്രിയുടെ കാലുപിടിച്ചു കരഞ്ഞു. ഇതുകണ്ട് മന്ത്രിയുടെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു. മന്ത്രി പി പ്രസാദിന്റെ നേതൃത്വത്തില്‍ ഇന്ന് സര്‍വ്വകക്ഷിയോഗം നടക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com