
കോഴിക്കോട്: എരവന്നൂർ യുപി സ്കൂളിലെ സ്റ്റാഫ് കൗൺസിലിനിടെ അധ്യാപകരെ മർദ്ദിച്ച അധ്യാപകൻ അറസ്റ്റിൽ. ഷാജി എന്നയാളാണ് അറസ്റ്റിലായത്. ബിജെപി അനുകൂല അധ്യാപക സംഘടനയായ എൻ ടി യു ജില്ലാ ഭാരവാഹിയും എരവന്നൂർ യുപി സ്കൂളിലെ അധ്യാപിക സുപ്രീനയുടെ ഭർത്താവുമാണ് ഷാജി. കാക്കൂർ പൊലീസാണ് ഷാജിയെ അറസ്റ്റ് ചെയ്തത്.
കുട്ടികളെ മര്ദിച്ചതുമായി ബന്ധപ്പെട്ട് സ്കൂളിലെ രണ്ട് അധ്യാപകര്ക്കെതിരേ പരാതിയുണ്ടായിരുന്നു. ഇതാണ് സംഘര്ഷത്തിലേക്ക് നയിച്ചത്. സുപ്രീനയേയും മകനേയും കൂട്ടിക്കൊണ്ടുപോകാൻ എത്തിയതായിരുന്നു മറ്റൊരു സ്കൂളിലെ അധ്യാപകനായ ഷാജി. സ്റ്റാഫ് കൗണ്സില് യോഗത്തിനിടെ ഇയാള് ആക്രമിച്ചെന്നാണ് മറ്റ് അധ്യാപകരുടെ പരാതി.
എന്നാൽ മറ്റ് അധ്യാപകർ തങ്ങളെ ആക്രമിച്ചെന്ന് സുപ്രീനയും ഷാജിയും ആരോപിക്കുന്നു. അധ്യാപകന്റെ ആക്രമണത്തിൽ എരവന്നൂർ സ്കൂളിലെ മറ്റ് അധ്യാപകരായ പി ഉമ്മര്, വി വീണ, കെ മുഹമ്മദ് ആസിഫ്, അനുപമ, എം കെ ജസ്ല എന്നിവര്ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവർ കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സ തേടി.