
കണ്ണൂര്: നവ കേരള സദസ് യാത്രയെ വിമര്ശിച്ച് കെ മുരളീധരന് എംപി. യാത്രക്കായി ഏര്പ്പെടുത്തിയ ബസ് 'റോഡിലൂടെ ഓടുന്ന വിമാനം' ആണെന്ന് മുരളീധരന് വിമര്ശിച്ചു. 'ഒരു പടയുമായി മുഖ്യമന്ത്രി ഇറങ്ങിയിരിക്കുകയാണ്. റോഡിലൂടെ സഞ്ചരിക്കുന്ന വിമാനമാണ് വാഹനം തന്നെ. എത്ര കോടി ചെലവായി എന്നതിന്റെ കണക്ക് ഇതുവരേയും പുറത്ത് വിട്ടിട്ടില്ല. ഇങ്ങനെ പോയിട്ട് എന്താ കാര്യം. എന്ത് പരിഹാരമാണ്. യാത്രകൊണ്ട് എന്താണ് മെച്ചം. അത് ബോധ്യപ്പെടുത്താന് സര്ക്കാരിന് സാധിച്ചിട്ടില്ല. അതുകൊണ്ടാണ് ബഹിഷ്കരണ തീരുമാനവുമായി മുന്നോട്ട് പോയത്.' മുരളീധരന് പറഞ്ഞു.
ബസിന്റെ പകുതി ഭാഗം മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള സ്പെഷ്യല് ക്യാബിനാണ്. 20 മന്ത്രിമാര് തിക്കി തിരക്കി ഇരിക്കുകയാണ് ഒരു ബസിന്റെ പകുതി ഭാഗത്ത്. പകുതി മുഖ്യമന്ത്രിക്ക് മുഴുവനാണ്. അപ്പോള്, ജന്മി കുടിയാന് ബന്ധം കേരളത്തില് അവസാനിച്ചോയെന്നും കെ മുരളീധരന് ചോദിച്ചു.
'അതിന്റെ കൂടെ ഒരു കിടപ്പ് മുറിയുമുണ്ട്. പയ്യന്നൂര് കഴിഞ്ഞാല് പഴയങ്ങാടിയാണ്. ഈ സമയം കൊണ്ട് ആര്ക്കെങ്കിലും എന്താ ഇരിക്കാന് കഴിയാത്ത അസുഖമുണ്ടോ?, അല്ലാതെ എന്തിനാണ് ഈ ബസിന്റെ അകത്ത് കിടപ്പുമുറി?. പിന്നെ അടുക്കള, അവിടെ എത്തിയിട്ട് ചായ കുടിച്ചാല് പോരെ. അത്ര ദൂരമല്ലേയുള്ളൂ. നടന്ന് ഭക്ഷണം കഴിക്കലാണോ ഇത്. മറ്റൊന്ന് ശുചിമുറിയാണ്. ഇഷ്ടം പോലെ ഗസ്റ്റ് ഹൗസും റസ്റ്റ് ഹൗസും ഉണ്ടല്ലോ. ഇങ്ങനെയാണ് കേരളത്തിന്റെ അവസ്ഥ. എല്ലാം ധൂര്ത്താണ്.' എന്നും കെ മുരളീധരന് പറഞ്ഞു. ഈ മാസം 18 മുതല് ഡിസംബര് 24 വരെയാണ് നവകേരള സദസ്.