
കോഴിക്കോട്: കോണ്ഗ്രസിന്റെ പലസ്തീന് ഐക്യദാര്ഢ്യ റാലിക്ക് വേദി നിഷേധിച്ചതിനു പിന്നില് മന്ത്രി മുഹമ്മദ് റിയാസാണെന്ന കെ പ്രവീണ്കുമാറിന്റെ ആരോപണത്തോട് പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ഗാസയിൽ നടന്ന സംഭവത്തിന് പിന്നിൽ സർക്കാര് ആണോ എന്ന് ചോദിച്ച മുഹമ്മദ് റിയാസ് നവകേരള സദസ്സ് മാസങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ചതാണെന്ന് പറഞ്ഞു. കേരളത്തിൽ പലസ്തീൻ ഐക്യദാർഢ്യ റാലി നടത്താൻ സര്ക്കാര് സമ്മതിച്ചില്ല എന്ന നിലയിലേക്ക് കാര്യങ്ങള് കൊണ്ടു പോകുകയാണ്. പലസ്തീൻ വിഷയത്തിൽ റാലി ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ സ്ഥലം കണ്ടെത്താൻ സഹായിക്കാമെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു.
കോണ്ഗ്രസ് പലസ്തീന് ഐക്യദാര്ഢ്യ റാലി വിലക്കിയതിന് പിന്നില് മന്ത്രി മുഹമ്മദ് റിയാസാണെന്ന് കോഴിക്കോട് ഡിസിസി അദ്ധ്യക്ഷന് കെ പ്രവീണ്കുമാര് ആരോപിച്ചിരുന്നു. റിയാസല്ല മുഖ്യമന്ത്രി പറഞ്ഞാലും റാലിയുമായി കോണ്ഗ്രസ് മുന്നോട്ട് പോകുമെന്നും കടപ്പുറത്ത് റാലി നടത്താന് 16 ദിവസം മുന്പ് വാക്കാല് അനുമതി ലഭിച്ചിരുന്നുവെന്നും പ്രവീണ്കുമാര് പറഞ്ഞു. പലസ്തീന് റാലിക്ക് അനുമതി നിഷേധിച്ച സംഭവത്തില് കോണ്ഗ്രസ് ആരോപണം തള്ളി മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തിയിരുന്നു.
നവകേരള സദസിന് മുന്നൊരുക്കങ്ങൾ നടത്താൻ ഉള്ളതു കൊണ്ടാണ് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതെന്നും ബീച്ചിൽ മറ്റൊരിടത്ത് പരിപാടി നടത്താമെന്നും ജില്ലാ കലക്ടർ സ്നേഹിൽ കുമാർ പ്രതികരിച്ചു.