കര്‍ഷക ആത്മഹത്യ: റോഡ് ഉപരോധിച്ച് ബിജെപി പ്രതിഷേധം; പ്രസാദിന്റെ മൃതദേഹം തകഴിയിലെ വീട്ടില്‍ എത്തിച്ചു

കര്‍ഷക ആത്മഹത്യ: റോഡ് ഉപരോധിച്ച് ബിജെപി പ്രതിഷേധം; പ്രസാദിന്റെ മൃതദേഹം തകഴിയിലെ വീട്ടില്‍ എത്തിച്ചു

വിലാപയാത്രാമധ്യേ ബിജെപി പ്രവർത്തകര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.

ആലപ്പുഴ: തകഴിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ കെ ജി പ്രസാദിന്റെ മൃതദേഹം തകഴിയിലെ വീട്ടില്‍ എത്തിച്ചു. തിരുവല്ല താലൂക്ക് ആശുപത്രിയിൽനിന്ന് പോസ്റ്റുമോർട്ടത്തിനുശേഷം വിലാപയാത്രയായാണ് മൃതദേഹവുമായുള്ള ആംബുലൻസ് വീട്ടിലേയ്ക്ക് എത്തിയത്. വിലാപയാത്രാമധ്യേ ബിജെപി പ്രവർത്തകര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ തുടങ്ങിയവർ റോഡ് ഉപരോധത്തില്‍ പങ്കെടുത്തു.

തകഴി കുന്നുമ്മ അംബേദ്കർ കോളനിയിലെ പ്രസാദ് (55) ആണ് സർക്കാരിനെതിരെ ആരോപണമുന്നയിച്ച് കുറിപ്പെഴുതിയ ശേഷം വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കിസാൻ മോർച്ച ജില്ലാ ഭാരവാഹിയായിരുന്നു. നെല്ല് സംഭരിച്ചതിന്റെ വില പിആർഎസ് വായ്പയായി പ്രസാദിന് കിട്ടിയിരുന്നു. എന്നാൽ സർക്കാർ പണം തിരിച്ചടയ്ക്കാത്തതിനാൽ മറ്റ് വായ്പകൾ കിട്ടിയില്ല. പ്രസാദ് തന്റെ വിഷമം മറ്റൊരാളോട് കരഞ്ഞു കൊണ്ട് പറയുന്ന ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പ് പ്രസാദ് എഴുതിയത് തന്നെയാണോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

എല്ലാ അര്‍ത്ഥത്തിലും ഒരു തികഞ്ഞ കര്‍ഷകനായിരുന്നു പ്രസാദ് എന്ന് നാട്ടുകാർ‌ പറയുന്നു. ഒന്നിന് പിറകെ ഒന്നായി പ്രതിസന്ധികള്‍ വലിഞ്ഞു മുറുകിയപ്പോഴും സ്വന്തം കൃഷിയിടം സംരക്ഷിക്കാന്‍ വേണ്ടി പോരാടി. ഒരാഴ്ച മുമ്പാണ് പാടത്ത് വിത്തിറക്കിയത്. വളത്തിനും പറിച്ചുനടിലിനുമായി ബാങ്കില്‍ വായ്പക്ക് അപേക്ഷ നല്‍കി. എന്നാല്‍ സിബില്‍ സ്‌കോര്‍ കുറവാണെന്ന് പറഞ്ഞ് ബാങ്ക് അധികൃതര്‍ വായ്പ നിക്ഷേധിച്ചു. ഇതോടെ എല്ലാ പ്രതീക്ഷയും അസ്ഥാനത്തായി. പിന്നെ ആത്മഹത്യയല്ലാതെ പ്രസാദിന് മുന്നില്‍ മറ്റ് വഴികള്‍ ഇല്ലായിരുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രസാദ് മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നുവെന്ന് ഭാര്യ പറയുന്നു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Related Stories

No stories found.
logo
Reporter Live
www.reporterlive.com