
May 18, 2025
04:45 PM
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് അയച്ച തന്റെ സിനിമ കാണുക പോലും ചെയ്യാതെ ജൂറി തിരസ്കരിച്ചുവെന്ന സംവിധായകൻ ഷിജു ബാലഗോപാലന്റെ പരാതിയിൽ വിശദീകരണവുമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി.
ഐഎഫ്എഫ്കെ മലയാളം സിനിമാ ഇന്ന് (മലയാളം സിനിമ ടുഡേ) എന്ന വിഭാഗത്തിലേക്ക് പരിഗണിക്കുന്നതിനായി സമര്പ്പിക്കപ്പെട്ട സിനിമകള് എല്ലാം തന്നെ ചലച്ചിത്ര അക്കാദമി സെലക്ഷന് കമ്മിറ്റിക്കു മുമ്പാകെ പ്രദര്ശിപ്പിച്ചതാണ്. ഓണ്ലൈന് സ്ക്രീനറുകളും ഗൂഗിള് ഡ്രൈവ് ലിങ്കുകളുമാണ് എന്ട്രികളായി സമര്പ്പിക്കപ്പെട്ടിരുന്നത്. ഇവയെല്ലാം ഡൗണ്ലോഡ് ചെയ്തതിന് ശേഷമാണ് പ്രദര്ശിപ്പിച്ചത്. ഓണ്ലൈനായി സിനിമകള് സ്ട്രീം ചെയ്യുമ്പോള് പലപ്പോഴും ബഫറിംഗ് സംഭവിച്ച് സെലക്ഷന് കമ്മിറ്റിക്ക് മികച്ച കാഴ്ചാനുഭവം നഷ്ടമാവാതിരിക്കാനാണ് പടങ്ങള് ഡൗണ്ലോഡ് ചെയ്ത് പ്രദര്ശിപ്പിക്കുന്നത്. ഇങ്ങനെ പ്രദര്ശിപ്പിക്കുന്നതിനാല് അക്കാദമി ഓണ്ലൈന് ലിങ്ക് ഉപയോഗിച്ചിരുന്നില്ലെന്നും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി വ്യക്തമാക്കി.
ഓണ്ലൈന് സ്ക്രീനര് അനലറ്റിക്സിന്റെ അടിസ്ഥാനത്തില് സിനിമയുടെ പ്രദര്ശനം സംബന്ധിച്ച വിവരം അറിയാന് കഴിയില്ല. മലയാള സിനിമാ വിഭാഗത്തിലെ എന്ട്രിയുമായി ബന്ധപ്പെട്ടവര്ക്ക് പ്രവൃത്തി ദിവസങ്ങളില് അക്കാദമിയില് വന്ന് ഇതു സംബന്ധിച്ച ഡിജിറ്റല് തെളിവുകള് പരിശോധിക്കാവുന്നതാണ്. അതിനു പുറമെ, പ്രസ്തുത ചിത്രങ്ങള് കണ്ടു എന്ന് ഓരോ സെലക്ഷന് കമ്മിറ്റി അംഗവും ഒപ്പിട്ട് സാക്ഷ്യപ്പെടുത്തിയ രജിസ്റ്ററും പരിശോധിക്കാവുന്നതാണെന്നും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി പറഞ്ഞു.
28-ാമത് ഐഎഫ്എഫ്കെയുടെ മലയാളം സിനിമാ വിഭാഗത്തിലേക്കുള്ള സെലക്ഷനു വേണ്ടി സമര്പ്പിക്കപ്പെട്ട 'എറാന്' (The man who always obeys) എന്ന സിനിമയുടെ സംവിധായകനാണ് ഷിജു ബാലഗോപാലന്. സെലക്ഷനു വേണ്ടി അയച്ച തന്റെ പടം കാണുക പോലും ചെയ്യാതെ ജൂറി തഴഞ്ഞുവെന്ന് സംവിധായകൻ സാമൂഹികമാധ്യമത്തിലൂടെ ആരോപിച്ചിരുന്നു. ചിത്രം ഐഎഫ്എഫ്കെയുടെ പ്രദർശനത്തിന് പരിഗണിക്കുന്നതിനായി എല്ലാ ചട്ടങ്ങളും പാലിച്ച് പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബർ പത്തിന് നൽകി. എന്നാൽ ജൂറി ഒരു സെക്കൻഡ് പോലും ചിത്രം കണ്ടില്ലെന്നും ഷിജു ആരോപിച്ചു.
വീഡിയോ ഷെയറിങ് സർവീസ് പ്ലാറ്റ്ഫോമായ വിയമോയുടെ അനലറ്റിക്സ് പ്രകാരം വീഡിയോ ഒരു സെക്കൻഡ് പോലും പ്ലേ ചെയ്തിട്ടില്ലെന്നുള്ളതിന്റെ തെളിവും ഷിജു തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു. മുഖ്യമന്ത്രിക്ക് നൽകിയ പരാതി സാംസ്കാരിക വകുപ്പിന് കൈമാറി എന്ന് അറിയിച്ച് മെയിൽ വന്നിരുന്നു. എന്നാൽ സാംസ്കാരിക വകുപ്പിൽ നിന്നോ അക്കാദമിയുടെ ഭാഗത്ത് നിന്നോ ഇത് സംബന്ധിച്ച് വിശദീകരണം വന്നിട്ടില്ലെന്നും ഷിജു ബാലഗോപാലൻ പറഞ്ഞിരുന്നു.