ബിജെപി പിന്തുണയില്‍ കല്ലുവാതുക്കലില്‍ യുഡിഎഫിന് ഭരണം; രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് അംഗങ്ങളോട് 24 മണിക്കൂറിനകം രാജിവെക്കാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നിര്‍ദേശം നല്‍കി
ബിജെപി പിന്തുണയില്‍ കല്ലുവാതുക്കലില്‍ യുഡിഎഫിന് ഭരണം; രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

പാരിപ്പള്ളി: കല്ലുവാതുക്കല്‍ പഞ്ചായത്തിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബിജെപി അംഗങ്ങളുടെ പിന്തുണയോടെ യുഡിഎഫ് വിജയിച്ചു. 23 അംഗ ഭരണസമിതിയില്‍ ബിജെപിക്ക് ഒമ്പത് അംഗങ്ങളും യുഡിഎഫിന് എട്ട് അംഗങ്ങളും എല്‍ഡിഎഫിന് ആറ് അംഗങ്ങളുമാണുള്ളത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബിജെപിയിലെ ഭിന്നത മറനീക്കി പുറത്ത് വരികയായിരുന്നു.

ബിജെപി സ്ഥാനാര്‍ത്ഥിയായി എസ് സുദീപയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എന്‍ ശാന്തിനിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ബിന്ദുവുമാണ് പത്രിക നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ ബിജെപി തീരുമാനത്തെ മറികടന്ന് നടയ്ക്കല്‍ വാര്‍ഡ് അംഗം ബി ആര്‍ ദീപ കൂടി പത്രിക നല്‍കുകയായിരുന്നു. നാല് പേര്‍ മത്സര രംഗത്ത് വന്നതോടെ സ്വന്തം സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് എല്‍ഡിഎഫ് ബിജെപി വിമതയ്ക്ക് പിന്തുണ നല്‍കി.

തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് എട്ട്, ബിജെപി അഞ്ച്, ബിജെപി വിമത പത്ത് എന്നിങ്ങനെ വോട്ടുകള്‍ നേടി. പഞ്ചായത്തീ രാജ് ചട്ടപ്രകാരം മൂന്നാം സ്ഥാനത്ത് വന്ന ബിജെപി സ്ഥാനാര്‍ത്ഥിയെ ഒഴിവാക്കി വീണ്ടും നടത്തിയ തിരഞ്ഞെടുപ്പില്‍ ബിജെപി ഔദ്യോഗിക പക്ഷത്തെ അഞ്ചുപേര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ ശാന്തിനിക്ക് വോട്ട് ചെയ്തു. അങ്ങനെ എന്‍ ശാന്തിനിക്ക് 13 വോട്ടും ബിജെപി വിമത സ്ഥാനാര്‍ത്ഥി ദീപയ്ക്ക് 10 വോട്ടും നേടി. ഇതോടെ എന്‍ ശാന്തിനി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ പ്രതീഷ് കുമാര്‍ വിജയിച്ചു. ബിജെപിയില്‍ നിന്ന് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് എസ് സത്യപാലനും എല്‍ഡിഎഫ് പിന്തുണയോടെ ബിജെപി വിമതന്‍ അപ്പുക്കുട്ടന്‍ പിള്ളയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പി പ്രതീഷ് കുമാറുമാണ് മത്സരിച്ചത്. എന്നാല്‍ നയങ്ങള്‍ക്ക് വിരുദ്ധമായി ബിജെപിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ ഭരണത്തിലേറിയ കോണ്‍ഗ്രസ് അംഗങ്ങളോട് 24 മണിക്കൂറിനകം രാജിവെക്കാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നിര്‍ദേശം നല്‍കി.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Related Stories

No stories found.
logo
Reporter Live
www.reporterlive.com