അട്ടപ്പാടി മധു കേസ്; പ്രോസിക്യൂട്ടർ നിയമനത്തിനെതിരെ അമ്മ ഇന്ന് സത്യാഗ്രഹമിരിക്കും

കേസ് അട്ടിമറിക്കാൻ നീക്കമുണ്ടെന്നാരോപിച്ച് മധുവിന്റെ അമ്മ ചീഫ് ജസ്റ്റിസിന് സങ്കട ഹർജി നൽകിയിരുന്നു

dot image

മണ്ണാർക്കാട്: അട്ടപ്പാടി മധു കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയി ഡോ. കെ പി സതീശനെ നിയമിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മധുവിന്റെ അമ്മ മല്ലിയമ്മ ഇന്ന് പാലക്കാട് സിവിൽ സ്റ്റേഷന് മുന്നിൽ സത്യാഗ്രഹമിരിക്കും. മധു വധക്കേസിലെ മുഴുവൻ പ്രതികൾക്കും പരമാവധി ശിക്ഷ നൽകണമെന്നാവശ്യപ്പെട്ടുള്ള കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർമാരായി അഡ്വ. രാജേഷ് എം മേനോനെയും അഡ്വ. ജീവേഷിനെയും അഡ്വ. സി കെ രാധാകൃഷ്ണനേയും നിയമിക്കണമെന്നാവശ്യപ്പെട്ടാണ് സത്യാഗ്രഹം.

പ്രോസിക്യൂട്ടർ ആയി കെ പി സതീശനെ നിയമിക്കുക വഴി കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുകയാണെന്നും മധുവിന്റെ കുടുംബം ആരോപിക്കുന്നു. കേസ് അട്ടിമറിക്കാൻ നീക്കമുണ്ടെന്നാരോപിച്ച് മധുവിന്റെ അമ്മ ചീഫ് ജസ്റ്റിസിന് സങ്കട ഹർജി നൽകിയിരുന്നു. പ്രോസിക്യൂട്ടർ നിയമനത്തിൽ സർക്കാർ ഏകപക്ഷീയമായി തീരുമാനമെടുത്തെന്ന് സമരസമിതിയും ആരോപിച്ചു.

മണ്ണാർക്കാട് പ്രത്യേക കോടതി ഏഴ് വർഷത്തേക്ക് ശിക്ഷിച്ചതിനെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ശിക്ഷ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്. 2028 ഫെബ്രുവരി 22നാണ് മധു കൊല്ലപ്പെട്ടത്. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളിൽ 13 പ്രതികളെ ഏഴ് വർഷം കഠിന തടവിന് ശിക്ഷിക്കുകയായിരുന്നു. 16 പ്രതികളിൽ 14 പേരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. മധു കൊല്ലപ്പെട്ട് അഞ്ച് വർഷത്തിന് ശേഷമായിരുന്നു വിധി . ആകെ 103 സാക്ഷികളെ വിസ്തരിച്ച കേസിൽ 24 പേർ കൂറ് മാറിയിരുന്നു.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image