
തിരുവനന്തപുരം: സോളാര് കേസില് സിപിഐഎം ഉമ്മന്ചാണ്ടിയെ വേട്ടയാടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്നും സതീശന് ആവശ്യപ്പെട്ടു. സോളാര് കേസില് പണം വാങ്ങിയാണ് കത്ത് ഉണ്ടാക്കിയത്. ഒന്നാം പ്രതി പിണറായി വിജയനാണ്. ഗൂഢാലോചനയില് ഗണേഷ് കുമാര്, ദല്ലാള് നന്ദകുമാര് എന്നിവരും പങ്കാളികളാണ്. പരാതിക്കാരിയെ വിളിച്ചുവരുത്തി പരാതി എഴുതി വാങ്ങി കേസ് എടുത്തു. പിണറായി ചെയ്തത് ഹീനമായ പ്രവര്ത്തിയാണ്. മുഖ്യമന്ത്രിയെ ഒന്നാം പ്രതിയാക്കി ഗൂഢാലോചനയ്ക്ക് കേസ് എടുക്കണമെന്നും വി ഡി സതീശന് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി അഴിമതിയുടെ ചെളിക്കുണ്ടില് വീണുകിടക്കുകയാണ്. ജനങ്ങളെ മുഖ്യമന്ത്രിക്ക് ഭയമാണ്. ഓണം ആര്ഭാടത്തോടെ ആഘോഷിച്ചു എന്ന് മുഖ്യമന്ത്രി മാത്രമാണ് പറയുക. എല്ലാവരും പ്രയാസത്തോടെയാണ് ഓണം ആഘോഷിച്ചത്. ഓണക്കാലത്ത് രൂക്ഷമായ വിലക്കയറ്റമായിരുന്നു. വിപണി നിയന്ത്രിക്കുന്നതില് സര്ക്കാര് പരാജയപ്പെട്ടു. ഭരിക്കാന് മറന്നുപോയ സര്ക്കാര് ഇതുവരെ ഉണ്ടായിട്ടില്ല.
കേരളത്തില് ആത്മഹത്യകള് വര്ധിക്കുന്നു. തീരദേശ മേഖല വറുതിയിലാണ്. മത്സ്യത്തൊഴിലാളികളോട് പൂര്ണ അവഗണനയാണ് സര്ക്കാരിന്. നെല്കര്ഷകന് കൊടുക്കാന് പണമില്ല. പക്ഷേ സൗദി അറേബ്യയിലേക്ക് മന്ത്രിമാര്ക്ക് പോകാന് പണമുണ്ട്. ഇത് ജനവിരുദ്ധ സര്ക്കാരാണ്. സര്ക്കാരിനെ യുഡിഎഫ് ജനവിചാരണ ചെയ്യും. പിണറായി സര്ക്കാര് തീവ്ര വലതുപക്ഷ സര്ക്കാരാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ലാവ്ലിന് കേസില് സിബിഐയെ പരിഹസിച്ച വി ഡി സതീശന്, ലാവ്ലിന് കേസ് പരിഗണിക്കുമ്പോള് സിബിഐ അഭിഭാഷകനും പനി പിടിക്കുമെന്നായിരുന്നു വിമര്ശിച്ചത്. പ്രത്യേകതരം പനിയാണ് സിബിഐ അഭിഭാഷകന്. അടുത്ത മാസം എട്ടിന് കേസ് പരിഗണിക്കുമ്പോഴും സിബിഐ അഭിഭാഷകന് പനി പിടിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.