
കൊച്ചി: താനൂര് കസ്റ്റഡി കൊലപാതകത്തിലെ സിബിഐ അന്വേഷണത്തില് പ്രതീക്ഷയുണ്ടെന്ന് കൊല്ലപ്പെട്ട താമിര് ജിഫ്രിയുടെ സഹോദരന് റിപ്പോര്ട്ടറിനോട്. ബുധനാഴ്ച്ച കാണണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഉദ്യോഗസ്ഥര് ബന്ധപ്പെട്ടിരുന്നുവെന്നും ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലില് ഉള്പ്പെടെ അന്വേഷണം ആവശ്യപ്പെടുമെന്നും ഹാരിസ് ജിഫ്രി റിപ്പോര്ട്ടര് ടി വിയോട് പറഞ്ഞു.
'അനിയന് കൊല്ലപ്പെടുന്നതിന് മുമ്പ് എന്താണ് സംഭവിച്ചതെന്ന് അറിയേണ്ടതുണ്ട്. ഏതൊക്കെ രീതിയില് ആരൊക്കെ ഇടപെട്ടുവെന്നാണ് അറിയേണ്ടത്. നിഗൂഢത വെളിപ്പെടണം. കാര്യങ്ങള് ഉദ്യോഗസ്ഥരെ അറിയിക്കും. ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടല് ഉണ്ട്. എല്ലാം അന്വേഷണത്തില് കണ്ടെത്തണം എന്ന് ആവശ്യപ്പെടും.' സഹോദരന് ഹാരിസ് ജിഫ്രി പറഞ്ഞു.
പൊലീസിന്റെ കൈയ്യിലേക്ക് താമിര് എത്തുന്നതിന് മുമ്പ് ഡന്സാഫ് ക്രൂരമായി മര്ദ്ദനമേറ്റിട്ടുണ്ട്. പന്ത്രണ്ട് പേരുള്ള സംഘത്തില് താമിറിന് മാത്രം എങ്ങനെ മര്ദ്ദനമേറ്റു. മരിച്ചതിന് ശേഷവും കേസില് ഒന്നാം പ്രതിയാക്കി എഫ്ഐആര് ഇട്ടു, ഇതിലെല്ലാം വളരെയധികം സംശയങ്ങള് ഉയരുന്നുണ്ട്. അക്കാര്യത്തിലെല്ലാം സിബിഐ അന്വേഷണത്തില് വ്യക്തത വരുമെന്ന് കരുതുന്നുവെന്നും ഹാരിസ് ജിഫ്രി കൂട്ടിച്ചേര്ത്തു.
സിബിഐ തിരുവനന്തപുരം യൂണിറ്റാണ് നാളെ താനൂരില് എത്തുന്നത്. ഡിവൈഎസ്പി കുമാര് റോണക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. എഫ്ഐആര് എറണാകുളം സിജെഎം കോടതിയില് സമര്പ്പിച്ചു.
താമിര് ജിഫ്രിയുടെ കസ്റ്റഡി കൊലപാതക കേസ് എത്രയും വേഗം സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി നിര്ദേശിച്ചിരുന്നു. ഓഗസ്റ്റ് ഒമ്പതിനാണ് താനൂര് കസ്റ്റഡി കൊലപാതകത്തില് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവില് മുഖ്യമന്ത്രി ഒപ്പിട്ടത്. താമിര് ജിഫ്രിയുടേത് കസ്റ്റഡി കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന തെളിവുകളും വെളിപ്പെടുത്തലുകളും റിപ്പോര്ട്ടര് ടിവി പുറത്ത് വിട്ടിരുന്നു.