കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കൊടുങ്ങല്ലൂർ ടൗൺ ബാങ്കിലെ ഒരു അക്കൗണ്ട് മരവിപ്പിച്ച് ഇഡി

അനൂപ് ഡേവിസ് കാട ഇഡിക്ക് മുന്നിൽ ഹാജരായി
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കൊടുങ്ങല്ലൂർ ടൗൺ ബാങ്കിലെ ഒരു അക്കൗണ്ട് മരവിപ്പിച്ച് ഇഡി

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ ടൗൺ ബാങ്കിലെ ഒരു അക്കൗണ്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. കരുവന്നൂർ ബാങ്കിൽ നിന്നും വലിയ തുക വായ്പയെടുത്ത ആളുടെ പേരിൽ കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്കിൽ അക്കൗണ്ട് നിലവിലുണ്ട്. അന്വേഷണത്തിൻ്റെ ഭാഗമായി ഇഡിയുടെ നിർദ്ദേശപ്രകാരം അക്കൗണ്ട് മരവിപ്പിച്ചതായി ബാങ്ക് അധികൃതർ പറഞ്ഞു.

ബാങ്ക് മുൻ സെക്രട്ടറി ടി ആർ സുനിൽകുമാറും തൃശൂര്‍ കോര്‍പറേഷന്‍ സിപിഐഎം കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാടയും ഇഡിക്ക് മുന്നിൽ ഹാജരായി. എസി മൊയ്തീന്റെ അടുത്ത സഹായിയും തൃശ്ശൂര്‍ നഗരത്തിലെ പ്രധാന സിപിഐഎം നേതാവുമാണ് അനൂപ് ഡേവിസ് കാട. നേരത്തെയും അനൂപിനെ ഇഡി ചോദ്യം ചെയ്തിരുന്നു.

അതേസമയം, അയ്യന്തോൾ സർവ്വീസ് സഹകരണ ബാങ്കിലെ 24 മണിക്കൂർ നീണ്ടുനിന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് രാവിലെ അവസാനിച്ചിരുന്നു. എന്നാൽ ഇഡി നടത്തിയത് ആസൂത്രിത നീക്കമെന്നാണ് അയ്യന്തോൾ ബാങ്ക് പ്രസിഡന്റ് രവീന്ദ്രനാഥന്റെ ആരോപണം. കള്ളപ്പണം വെളുപ്പിച്ചു എന്നതാണ് ആരോപണം. ഇത് നിക്ഷേപകരെ ആശങ്കയിലാക്കിയെന്നും രവീന്ദ്രനാഥൻ റിപ്പോർട്ടറിനോട് പറഞ്ഞു.

'40 കോടി വെളുപ്പിച്ചു എന്ന തെറ്റായ കണക്കാണ് പുറത്ത് പറഞ്ഞത്. ഒരു കോടിയൊക്കെ കാണുമായിരിക്കും. അല്ലാതെ ക്രെഡിറ്റ്സും ഡെബിറ്റ്സും ഒരുമിച്ചു നോക്കിയാൽ പോലും അത്രയും ഉണ്ടാകില്ല. ബാങ്കിലെ സോഫ്റ്റ്‌വെയർ ശരിയല്ല എന്നും ഇ ഡി കുറ്റപ്പെടുത്തി. സതീഷ് കുമാർ ഒരു ദിവസം 24 തവണ ഡെപ്പോസിറ്റ് ചെയ്തിരുന്നു. അത് നിഷേധിക്കാൻ ബാങ്കിന് ആവില്ല. ടേൺ ഓവർ വരുമ്പോൾ ഒരു കോടി അടുത്തു വരും,' രവീന്ദ്രനാഥൻ വിശദീകരിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com