പുറത്തു നില്‍ക്കുന്ന മുഴുവന്‍ പേരെയും തിരിച്ചെടുക്കാന്‍ ബിജെപി; ഉത്തരവാദിത്തം ഏറ്റെടുത്ത് കെ സുഭാഷ്

പ്രവര്‍ത്തിക്കാതെ മാറി നില്‍ക്കുന്നവരെയെല്ലാം സജീവമാക്കും.
പുറത്തു നില്‍ക്കുന്ന മുഴുവന്‍ പേരെയും തിരിച്ചെടുക്കാന്‍ ബിജെപി;  ഉത്തരവാദിത്തം ഏറ്റെടുത്ത് കെ സുഭാഷ്

തിരുവനന്തപുരം: താഴെ തട്ട് മുതല്‍ സംസ്ഥാനതലം വരെ അച്ചടക്കനടപടി നേരിട്ടു പുറത്തുനില്‍ക്കുന്ന എല്ലാ നേതാക്കളെയും പ്രവര്‍ത്തകരെയും തിരികെ കൊണ്ടുവരാന്‍ ബിജെപി നേതൃയോഗത്തില്‍ തീരുമാനം. മടക്കികൊണ്ടുവരിക മാത്രമല്ല അര്‍ഹതപ്പെട്ട സ്ഥാനങ്ങള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഗുരുതരമായ കുറ്റത്തിന് മാറ്റിനിര്‍ത്തപ്പെട്ടരെ മാത്രമാണ് ഇനിയും അകറ്റിനിര്‍ത്തുക.

കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ടായതിനെ തുടര്‍ന്ന് പുറത്തുനില്‍ക്കേണ്ടി വന്ന മുന്‍ സംസ്ഥാന വക്താക്കളായ സന്ദീപ് വാരിയര്‍, പിആര്‍ ശിവശങ്കര്‍ എന്നിവര്‍ സംസ്ഥാന കമ്മറ്റി അംഗങ്ങളായി തന്നെ തിരിച്ചെടുത്തിരുന്നു. സമാനമായ രീതിയില്‍ പുറത്തുനില്‍ക്കുന്ന എല്ലാവരെയും തിരികെയെത്തിക്കാനാണ് തീരുമാനം. ഇതിന്റെ പൂര്‍ണചുമതല ആര്‍എസ്എസ് പ്രതിനിധിയും സംഘടനാ ജനറല്‍ സെക്രട്ടറിയുമായ കെ സുഭാഷ് ഏറ്റെടുത്തിട്ടുണ്ട്.

നേതൃതലത്തില്‍ മാറ്റം വരുത്താതെ തന്നെ പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്താനാണ് ആര്‍എസ്എസ് നേതൃത്വത്തിന്റെ തീരുമാനം. പ്രവര്‍ത്തിക്കാതെ മാറി നില്‍ക്കുന്നവരെയെല്ലാം സജീവമാക്കും.

നേരത്തെ കെ സുരേന്ദ്രന്‍ സംസ്ഥാന അദ്ധ്യക്ഷനായെത്തിയതോടെ ജില്ലാ അദ്ധ്യക്ഷന്‍മാരുള്‍പ്പെടെയുള്ളവരെ മാറ്റിയിരുന്നു. അതോടെ അത് വരെ ഭാരവാഹികളായിരുന്നവരെയെല്ലാം പ്രവര്‍ത്തന മണ്ഡലത്തില്‍ നിന്ന് കാണാതായിരുന്നു. ഇതൊരു പ്രശ്‌നമായി ഉയര്‍ന്നുവന്നിരുന്നുവെങ്കിലും പരിഹരിച്ചിരുന്നില്ല.

തൃക്കാക്കരയിലും അവസാനം പുതുപ്പള്ളിയിലും ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നതോടെയാണ് ബിജെപിയില്‍ പുനര്‍ആലോചനകള്‍ നടക്കുന്നത്. പുതുപ്പള്ളിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് 6486 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 2021ല്‍ 11694 വോട്ട് നേടാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com