
പാലക്കാട്: ഡാറ്റാ എൻട്രി ജോലികളുടെ പേരിൽ കേരളത്തിൽ നിന്ന് കംബോഡിയയിലേക്ക് മനുഷ്യക്കടത്ത്. കംബോഡിയയിലെ സൈബർ തട്ടിപ്പ് കമ്പനികൾക്ക് മലയാളി യുവാക്കളെ എത്തിച്ചു നൽകിയ കമ്പനിക്കെതിരെ കൂടുതൽ പരാതികൾ. ഏജന്റ് ഭീഷണിപ്പെടുത്തിയെന്നും പണം തട്ടിയെന്നുമടക്കമുള്ള പരാതിയുമായാണ് യുവാക്കൾ രംഗത്തെത്തിയിരിക്കുന്നത്. ജോലിക്കായി ലക്ഷക്കണക്കിന് രൂപ ഏജന്റുമാർ പല രീതിയിൽ വാങ്ങിയെന്നും പണം തിരിച്ച് ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും യുവാക്കൾ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.
പാലക്കാട് മലമ്പുഴ സ്വദേശിയായ യുവാവാണ് കൊണ്ടോട്ടിയിൽ പ്രവർത്തിക്കുന്ന കമ്പനിക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ഡാറ്റാ എൻട്രി ജോലിയാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് കമ്പോഡിയയിലേക്ക് എത്തിച്ചത്, എന്നാൽ മാട്രിമോണിയൽ സൈറ്റുകളിലൂടെ ഫെയ്ക്ക് പ്രൊഫൈലുകൾ നിർമ്മിച്ച് ഇന്ത്യൻ യുവാക്കളിൽ നിന്ന് തട്ടിപ്പിലൂടെ പണം കവരുന്നതായിരുന്നു ജോലി. തട്ടിപ്പിന് കൂട്ടുനിൽക്കാൻ യുവാക്കൾ വിസമ്മതിച്ചപ്പോൾ കമ്പനിയിൽ ഉണ്ടായിരുന്നവർ മാരകമായി മർദ്ദിച്ചെന്നും പാസ്പോർട്ട് വാങ്ങിവെച്ച് കമ്പനിയിൽനിന്ന് പുറത്താക്കിയെന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തിയ യുവാക്കൾ പറയുന്നു. പാസ്പോർട്ട് വിട്ടുനിൽകാൻ ഇന്ത്യയിൽ നിന്ന് 74,000 രൂപ നൽകിയാണ് യുവാക്കളെ ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്.
നാട്ടിൽ തിരിച്ചെത്തിയോടെ ഏജന്റിനെ സമീപിച്ച് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ഭീഷണിയായിരുന്നു മറുപടി. സംഭവത്തിൽ കൊണ്ടോട്ടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനിക്കെതിരെയും ഏജന്റുമാർക്കെതിരെയും യുവാവ് പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. കംമ്പോഡിയയിൽ നിരവധി യുവാക്കൾ ഇത്തരത്തിൽ കുടുങ്ങിക്കിടക്കുന്നതായും പലരും നേരിടുന്നത് കൊടും ക്രൂരതയായിരുന്നു എന്നും നാട്ടിൽ തിരിച്ചെത്തിയ യുവാക്കൾ റിപ്പോർട്ടറിനോട് പറഞ്ഞു. തമിഴ്നാട്, കർണാടക സ്വദേശികളും വിവിധ കമ്പനികളിലായി കംബോഡിയയിൽ കുടുങ്ങിക്കിടക്കുന്നതായാണ് യുവാക്കൾ പറയുന്നത്.