നിപ കണ്ടെയിന്‍മെന്റ് സോണുകളിൽ ഇളവ്; മാസ്കും സാനിറ്റൈസറും നിർബന്ധം

കടകമ്പോളങ്ങൾ രാത്രി 8 മണി വരെ പ്രോട്ടോക്കോൾ അനുസരിച്ച് പ്രവർത്തിക്കാം
 നിപ കണ്ടെയിന്‍മെന്റ് സോണുകളിൽ ഇളവ്; മാസ്കും സാനിറ്റൈസറും നിർബന്ധം

കോഴിക്കോട്: നിപ കണ്ടെയിന്‍മെന്റ് സോണുകളിൽ ഇളവ് അനുവദിച്ച് കളക്ടറുടെ ഉത്തരവ്. കടകമ്പോളങ്ങൾ രാത്രി 8 മണി വരെ പ്രോട്ടോക്കോൾ അനുസരിച്ച് പ്രവർത്തിക്കാം. കണ്ടെയിന്‍മെന്റ് സോണിലെ എല്ലാ ബാങ്കുകളും ഉച്ചക്ക് രണ്ട് മണി വരെ പ്രോട്ടോക്കോൾ അനുസരിച്ച് പ്രവർത്തിക്കാമെന്നും ഉത്തരവിൽ പറയുന്നു. മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കണം. സാമൂഹിക അകലം പാലിക്കണം, ആളുകൾ കൂട്ടം കൂടരുതെന്നും കളക്ടർ അറിയിച്ചു.

നിപ പരിശോധനയ്ക്ക് അയച്ച എല്ലാ സാമ്പിളുകളും നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. ആകെ ഇതുവരെ 218 പേരുടെ പരിശോധന ഫലം ആണ് നെഗറ്റീവായത്. നിലവിൽ 136 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്.

ചികിത്സയിലുള്ളവ‌ർക്ക് പുരോഗതിയുണ്ടെന്നും ഒമ്പത് വയസുകാരന് ഓക്സിജൻ സപ്പോർട്ട് ഉണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു. കേന്ദ്ര സംഘം ഇന്ന് നിപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. കേന്ദ്രസംഘത്തിനോടൊപ്പം വെറ്ററിനറി ആശുപത്രിയിലെ ഡോക്ടർമാർ കൂടി രോഗബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. കേന്ദ്ര ആരോഗ്യ സംഘത്തിലെ ചിലർ ഇന്ന് മടങ്ങും. അവർ ഡോക്യുമെന്റേഷൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

പൊലീസ് നല്ല രീതിയിൽ സഹായിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മൃഗസംരക്ഷണം, വനം, തുറമുഖം എന്നീ വകുപ്പുകളിലെ മന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു. ഇന്ന് മാത്രം 37 കോൺടാക്റ്റുകളാണ് കണ്ടെത്തിയത്. ഇതോടെ 1270 കോൺടാക്റ്റുകളാണ് നിലവിലുള്ളത്. നിലവിൽ നാലുപേരാണ് ചികിത്സയിലുള്ളത്. 27 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com